19 അദ്ധ്യായം.
1 രണ്ടാമത്തെ നറുക്ക് ശിമെയോൻ ഗോത്രത്തിന് വീണു. കുടുംബംകുടുംബമായി അവരുടെ അവകാശം യെഹൂദാ ഗോത്രത്തിന്റെ അവകാശഭൂമിയുടെ ഇടയിൽ ആയിരുന്നു. 2 അവർക്ക് തങ്ങളുടെ അവകാശത്തിൽ 3 ബേർ-ശേബ, ശേബ, മോലാദ, 4 ഹസർ-ശൂവാൽ, ബാലാ, ഏസെം, എല്തോലദ്, ബേഥൂൽ, ഹൊർമ്മ, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്, 5 ഹസർ-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെൻ; 6 ഇങ്ങനെ പതിമൂന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ലഭിച്ചു 7 കൂടാതെ അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്ക് ലഭിച്ചു; 8 ഈ പട്ടണങ്ങൾക്ക് ചുറ്റും തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേർ വരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇത് ശിമെയോൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം. 9 ശിമയോൻ ഗോത്രത്തിന് ലഭിച്ച അവകാശം യെഹൂദാ ഗോത്രത്തിന്റെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാ ഗോത്രക്കാർക്ക് ലഭിച്ച ഓഹരി അവർക്ക് അധികമായിരുന്നതുകൊണ്ടാണ് അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്ക് അവകാശം ലഭിച്ചത്.
10 മൂന്നാമത്തെ നറുക്ക് സെബുലൂൻ ഗോത്രത്തിനായിരുന്നു. കുടുംബങ്ങളായി അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു. 11 അവരുടെ അതിർ പടിഞ്ഞാറോട്ട് മരലയിലേക്ക് കയറി ദബ്ബേശെത്ത്വരെ ചെന്ന് യൊക്നെയാമിനെതിരെയുള്ള തോടുവരെ എത്തുന്നു. 12 സാരീദിൽനിന്ന് അത് കിഴക്കോട്ട് കിസ്ളോത്ത് താബോരിന്റെ അതിരിലേക്ക് തിരിഞ്ഞ് ദാബെരത്തിലേക്ക് ചെന്ന് യാഫീയയിലേക്ക് കയറുന്നു. 13 അവിടെനിന്ന് കിഴക്കോട്ട് ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്ന് നേയാ വരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്ക് ചെല്ലുന്നു. 14 പിന്നെ ആ അതിർ ഹന്നാഥോന്റെ വടക്കുവശത്ത് തിരിഞ്ഞ് യിഫ്താഹ്-ഏൽ താഴ്വരയിൽ അവസാനിക്കുന്നു. 15 കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു. 16 ഇവ സെബൂലൂൻ ഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കിട്ടിയ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.
17 നാലാമത്തെ നറുക്ക് യിസ്സാഖാർ ഗോത്രത്തിനായിരുന്നു. കുടുംബംകുടുംബമായി യിസ്സാഖാർഗോത്രത്തിന് 18 ലഭിച്ചദേശങ്ങൾ: യിസ്രെയേൽ, കെസുല്ലോത്ത്, 19 ശൂനേം, ഹഫാരയീം, ശീയോൻ, 20 അനാഹരാത്ത്, രബ്ബീത്ത്, കിശ്യോൻ, 21 ഏബെസ്, രേമെത്ത്, ഏൻ-ഗന്നീം, ഏൻ-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു. 22 അവരുടെ അതിർ താബോർ, ശഹസൂമ, ബേത്ത്-ശേമെശ് എന്നീ സ്ഥലങ്ങളിൽ കൂടി കടന്ന് യോർദ്ദാനിൽ അവസാനിക്കുന്നു. അവർക്ക് പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു. 23 ഈ പട്ടണങ്ങളും ഗ്രാമങ്ങളും യിസ്സാഖാർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.
24 ആശേർമക്കളുടെ ഗോത്രത്തിനായിരുന്നു അഞ്ചാമത്തെ നറുക്കു വീണത്. 25 കുടുബം കുടുംബമായി അവർക്ക് ലഭിച്ച ദേശങ്ങൾ ഹെല്കത്ത്, ഹലി, ബേതെൻ, 26 അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതിന്റെ അതിർ പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തും വരെ എത്തി, 27 കിഴക്ക് ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞ്, വടക്ക് സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽതാഴ്വരയിലും എത്തി, ഇടത്തോട്ട് കാബൂൽ, 28 ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു. 29 പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ അത് ഹോസയിലേക്ക് തിരിഞ്ഞ് അക്സീബ് ദേശത്ത് സമുദ്രത്തിൽ അവസാനിക്കുന്നു. 30 ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തിരണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു. 31 ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആശേർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.
32 ആറാമത്തെ നറുക്ക് നഫ്താലി ഗോത്രത്തിലെ, കുടുംബങ്ങൾക്കു വീണു. 33 അവരുടെ അതിർ ഹേലെഫിൽ സാനന്നീമിലെ കരുവേലകച്ചുവട്ടിൽ തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടെ ലക്കൂം വരെ ചെന്ന് യോർദ്ദാനിൽ അവസാനിക്കുന്നു. 34 പിന്നെ ആ അതിർ പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിലേക്ക് തിരിഞ്ഞ് അവിടെനിന്ന് ഹൂക്കോക്കിലേക്ക് ചെന്ന് തെക്കുവശത്ത് സെബൂലൂനോടും പടിഞ്ഞാറുവശത്ത് ആശേരിനോടും കിഴക്കുവശത്ത് യോർദ്ദാന് സമീപമുള്ള യെഹൂദയോടും ചേർന്നിരിക്കുന്നു. 35 ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേർ, ഹമ്മത്ത്, 36 രക്കത്ത്, കിന്നേരത്ത്, അദമ, രാമ 37 ഹാസോർ, കേദെശ്, എദ്രെയി, ഏൻ-ഹാസോർ, 38 യിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും 39 നഫ്താലി ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശദേശം ആകുന്നു.
40 ദാൻ ഗോത്രത്തിന് കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കു വീണു. 41 അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്, 42 ശാലബ്ബീൻ, അയ്യാലോൻ, യിത്ല, 43 ഏലോൻ, തിമ്ന, എക്രോൻ, 44 എൽതെക്കേ, ഗിബ്ബഥോൻ, ബാലാത്ത്, 45 യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോൻ, 46 മേയർക്കോൻ, രക്കോൻ എന്നിവയും യാഫോവിനെതിരെയുള്ള ദേശവും ആയിരുന്നു. 47 എന്നാൽ ദാൻഗോത്രത്തിന്റെ ദേശം അവർക്ക് നഷ്ടമായപ്പോൾ അവർ പുറപ്പെട്ട് ലേശെമിനോട് യുദ്ധംചെയ്ത് അത് പിടിച്ചു. വാൾകൊണ്ട് ജനത്തെ സംഹരിച്ച് അവിടെ പാർത്തു; ലേശെമിന് തങ്ങളുടെ പൂർവപിതാവായ ദാനിന്റെ പേരിടുകയും ചെയ്തു. 48 ഇത് ദാൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കിട്ടിയ പട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
49 ദേശം വിഭജിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കൾ നൂനിന്റെ മകനായ യോശുവെക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു. 50 എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവൻ ചോദിക്കയും അവർ യഹോവയുടെ കല്പനപ്രകാരം അത് അവന് കൊടുക്കുകയും ചെയ്തു; അവൻ ആ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു.
51 പുരോഹിതനായ ഏലെയാസാരും, നൂനിന്റെ മകനായ യോശുവയും, യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും, ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൂടി, ദേശം ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്തു. ഇങ്ങനെ അവർ ദേശവിഭജനം പൂർത്തിയാക്കി.