30. അദ്ധ്യായം.
1 താൻ യാക്കോബിന് മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്റെ സഹോദരിയോട് അസൂയപ്പെട്ടു യാക്കോബിനോട്: “എനിക്കു മക്കളെ തരണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും” എന്നു പറഞ്ഞു. 2 അപ്പോൾ യാക്കോബിന് റാഹേലിനോടു കോപം ജ്വലിച്ചു: “നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ” എന്നു പറഞ്ഞു. 3 അതിന് അവൾ: “എന്റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കൾ ഉണ്ടാകും” എന്നു പറഞ്ഞു. 4 അങ്ങനെ അവൾ തന്റെ ദാസി ബിൽഹായെ അവന് ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു. 5 ബിൽഹാ ഗർഭംധരിച്ചു യാക്കോബിന് ഒരു മകനെ പ്രസവിച്ചു. 6 അപ്പോൾ റാഹേൽ: “ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ട് എനിക്ക് ഒരു മകനെ തന്നു” എന്നു പറഞ്ഞു; അതുകൊണ്ട് അവൾ അവന് ദാൻ എന്നു പേരിട്ടു. 7 റാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗർഭംധരിച്ചു യാക്കോബിനു രണ്ടാമതൊരു മകനെ പ്രസവിച്ചു. 8 “ഞാൻ എന്റെ സഹോദരിയോടു വലിയോരു മല്ലിട്ടു, ജയിച്ചുമിരിക്കുന്നു” എന്നു റാഹേൽ പറഞ്ഞ് അവൾ അവന് നഫ്താലി എന്നു പേരിട്ടു. 9 തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടപ്പോൾ തന്റെ ദാസി സില്പയെ വിളിച്ച് അവളെ യാക്കോബിനു ഭാര്യയായി കൊടുത്തു. 10 ലേയായുടെ ദാസി സില്പാ യാക്കോബിന് ഒരു മകനെ പ്രസവിച്ചു. 11 അപ്പോൾ ലേയാ: “ഭാഗ്യം” എന്നു പറഞ്ഞ് അവൾ അവന് ഗാദ് എന്നു പേരിട്ടു. 12 ലേയായുടെ ദാസി സില്പാ യാക്കോബിനു രണ്ടാമത് ഒരു മകനെ പ്രസവിച്ചു. 13 “ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതിയെന്നു പറയും” എന്നു ലേയാ പറഞ്ഞ് അവൾ അവന് ആശേർ എന്നു പേരിട്ടു. 14 ഗോതമ്പുകൊയ്ത്തുകാലത്തു രൂബേൻ പുറപ്പെട്ട് വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയായുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയായോട്: “നിന്റെ മകന്റെ ദൂദായിപ്പഴം കുറച്ച് എനിക്കു തരണം” എന്നു പറഞ്ഞു. 15 ലേയാ അവളോട്: “നീ എന്റെ ഭർത്താവിനെ എടുത്തതു പോരായോ? എന്റെ മകന്റെ ദൂദായിപ്പഴവുംകൂടി വേണമോ” എന്നു പറഞ്ഞതിനു റാഹേൽ: “ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിനുവേണ്ടി ഇന്ന് രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു. 16 യാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോൾ ലേയാ അവനെ എതിരേറ്റു ചെന്നു: “നീ എന്റെ അടുക്കൽ വരേണം; എന്റെ മകന്റെ ദൂദായിപ്പഴംകൊണ്ട് ഞാൻ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു; അന്നു രാത്രി അവൻ അവളോടുകൂടെ ശയിച്ചു. 17 ദൈവം ലേയായുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന് അഞ്ചാമത് ഒരു മകനെ പ്രസവിച്ചു. 18 അപ്പോൾ ലേയാ: “ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിനു കൊടുത്തതുകൊണ്ടു ദൈവം എനിക്കു പ്രതിഫലം തന്നു” എന്നു പറഞ്ഞ് അവൾ അവന് യിസ്സാഖാർ എന്നു പേരിട്ടു. 19 ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന് ആറാമത് ഒരു മകനെ പ്രസവിച്ചു; 20 “ദൈവം എനിക്ക് ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവ് എന്നോടുകൂടെ വസിക്കും; ഞാൻ അവന് ആറു മക്കളെ പ്രസവിച്ചുവല്ലോ” എന്നു ലേയാ പറഞ്ഞ് അവൾ അവന് സെബൂലൂൻ എന്നു പേരിട്ടു. 21 അതിന്റെശേഷം അവൾ ഒരു മകളെ പ്രസവിച്ചു അവൾക്കു ദീനാ എന്നു പേരിട്ടു. 22 ദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ട് അവളുടെ ഗർഭത്തെ തുറന്നു. 23 അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു: “ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. 24 “യഹോവ എനിക്കു ഇനിയും ഒരു മകനെ തരും” എന്നും പറഞ്ഞ് അവൾ അവന് യോസേഫ് എന്നു പേരിട്ടു.
25 റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോട്: “ഞാൻ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയയ്ക്കേണം. 26 ഞാൻ നിന്നെ സേവിച്ചതിന്റെ പ്രതിഫലമായ എന്റെ ഭാര്യമാരെയും മക്കളെയും എനിക്കു തരണം; ഞാൻ പോകട്ടെ; ഞാൻ നിനക്കു ചെയ്ത സേവനം നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു. 27 ലാബാൻ അവനോട്: “നിനക്ക് എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്ന് എനിക്ക് ബോദ്ധ്യമായിരിക്കുന്നു. 28 നിനക്ക് എന്തു പ്രതിഫലം വേണം എന്നു പറയുക; ഞാൻ തരാം” എന്നു പറഞ്ഞു. 29 യാക്കോബ് അവനോട്: “ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്റെ ആട്ടിൻകൂട്ടം എന്റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു. 30 ഞാൻ വരും മുമ്പെ നിനക്ക് അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അത് അത്യന്തം വർദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വച്ചിടത്തെല്ലാം യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിനുവേണ്ടി ഞാൻ എപ്പോൾ കരുതും” എന്നും പറഞ്ഞു. 31 “ഞാൻ നിനക്ക് എന്തു തരണം” എന്ന് ലാബാൻ ചോദിച്ചതിന് യാക്കോബ് പറഞ്ഞത്: “നീ ഒന്നും തരണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാൻ നിന്റെ ആട്ടിൻ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം. 32 ഞാൻ ഇന്നു നിന്റെ എല്ലാകൂട്ടങ്ങളിലുംകൂടി കടന്ന്, അവയിൽനിന്ന് പുള്ളിയും മറുകുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുകുമുള്ളതിനെയും വേർതിരിക്കാം; അത് എന്റെ പ്രതിഫലമായിരിക്കട്ടെ. 33 നാളെ ഒരിക്കൽ എന്റെ പ്രതിഫലം സംബന്ധിച്ച് നീ നോക്കുവാൻ വരുമ്പോൾ എന്റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുകുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം എന്റെ പക്കൽ ഉണ്ടു എങ്കിൽ മോഷ്ടിച്ചതായി കരുതാം.” 34 അതിനു ലാബാൻ: “ശരി, നീ പറഞ്ഞതുപോലെ ആകട്ടെ” എന്നു പറഞ്ഞു. 35 അന്നുതന്നെ അവൻ വരയും മറുകുമുള്ള മുട്ടാടുകളെയും പുള്ളിയും മറുകുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ച് അവന്റെ പുത്രന്മാരുടെ കൈയിൽ ഏല്പിച്ചു. 36 അവൻ തനിക്കും യാക്കോബിനും ഇടയിൽ മൂന്നു ദിവസത്തെ യാത്രാദൂരം വച്ചു; ലാബാന്റെ ബാക്കിയുള്ള ആട്ടിൻകൂട്ടങ്ങളെ യാക്കോബ് മേയിച്ചു. 37 എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകൾ എടുത്ത് അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു. 38 ആടുകൾ കുടിപ്പാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വച്ചു; അവ വെള്ളം കുടിക്കുവാൻ വന്നപ്പോൾ ചനയേറ്റു. 39 ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ട് ചനയേറ്റു വരയും പുള്ളിയും മറുകുമുള്ള കുട്ടികളെ പെറ്റു. 40 ആ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ച് ആടുകളെ ലാബാന്റെ ആടുകളിൽ വരയും മറുകുമുള്ള എല്ലാറ്റിനും അഭിമുഖമായി നിർത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേർക്കാതെ വേറെയാക്കി. 41 ബലമുള്ള ആടുകൾ ചനയേല്ക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ട് ചനയേൽക്കേണ്ടതിനു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിനു മുമ്പിൽ വച്ചു. 42 ബലമില്ലാത്ത ആടുകൾ ചനയേല്ക്കുമ്പോൾ കൊമ്പുകളെ വച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാനും ബലമുള്ളവ യാക്കോബിനും ആയിത്തീർന്നു. 43 അവൻ മഹാസമ്പന്നനായി അവന് വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകുകയും ചെയ്തു.