അദ്ധ്യായം.9
യഹോവ യാഗപീഠത്തിനു മീതെ നില്ക്കുന്നത് ഞാൻ കണ്ടു; അവിടുന്ന് അരുളിച്ചെയ്തതെന്തെന്നാൽ: “ഉത്തരങ്ങൾ കുലുങ്ങുമാറ് നീ മകുടത്തെ അടിക്കുക; അവ എല്ലാവരുടെയും തലമേൽ വീഴുവാൻ തക്കവിധം തകർത്തുകളയുക; അവരുടെ സന്തതിയെ ഞാൻ വാൾകൊണ്ട് കൊല്ലും; അവരിൽ ആരും ഓടിപ്പോകുകയില്ല. അവരിൽ ആരും വഴുതിപ്പോകുകയുമില്ല. അവർ പാതാളത്തിൽ തുരന്നുകടന്നാലും അവിടെനിന്ന് എന്റെ കൈ അവരെ പിടിക്കും; അവർ ആകാശത്തിലേക്ക് കയറിപ്പോയാലും അവിടെനിന്ന് ഞാൻ അവരെ ഇറക്കും. അവർ കർമ്മേലിന്റെ കൊടുമുടിയിൽ ഒളിച്ചിരുന്നാലും ഞാൻ അവരെ തിരഞ്ഞ് അവിടെനിന്ന് പിടിച്ചുകൊണ്ടുവരും; അവർ എന്റെ ദൃഷ്ടിയിൽനിന്ന് സമുദ്രത്തിന്റെ അടിയിൽ മറഞ്ഞിരുന്നാലും ഞാൻ അവിടെ സർപ്പത്തോടു കല്പിച്ചിട്ട് അത് അവരെ കടിക്കും. അവർ ശത്രുക്കളുടെ മുമ്പിൽ പ്രവാസത്തിലേക്കു പോയാലും ഞാൻ അവിടെ വാളിനോടു കല്പിച്ചിട്ട് അത് അവരെ കൊല്ലും. നന്മയ്ക്കായിട്ടല്ല തിന്മയ്ക്കായിട്ടു തന്നെ ഞാൻ അവരുടെ മേൽ ദൃഷ്ടിവയ്ക്കും”. സൈന്യങ്ങളുടെ യഹോവയായ കർത്താവ് ദേശത്തെ തൊടുന്നു; അത് ഉരുകിപ്പോകുന്നു; അതിൽ പാർക്കുന്നവർ എല്ലാവരും വിലപിക്കും; അത് മുഴുവനും നീലനദിപോലെ പൊങ്ങുകയും ഈജിപ്റ്റിലെ നദിപോലെ താഴുകയും ചെയ്യും. അവിടുന്ന് ആകാശത്തിൽ തന്റെ മാളികമുറികളെ പണിയുകയും ഭൂമിയിൽ തന്റെ മണ്ഡപത്തിന് അടിസ്ഥാനം ഇടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് ഭൂതലത്തിൽ പകരുകയും ചെയ്യുന്നു; യഹോവ എന്നാകുന്നു അവിടുത്തെ നാമം. “യിസ്രായേൽമക്കളേ നിങ്ങൾ എനിക്ക് കൂശ്യരെപ്പോലെ അല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ യിസ്രായേലിനെ ഈജിപ്റ്റിൽനിന്നും ഫെലിസ്ത്യരെ കഫ്തോരിൽനിന്നും അരാമ്യരെ കീറിൽനിന്നും കൊണ്ടുവന്നില്ലയോ?” “യഹോവയായ കർത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാൻ അതിനെ ഭൂതലത്തിൽനിന്ന് നശിപ്പിക്കും; എങ്കിലും ഞാൻ യാക്കോബ് ഗൃഹത്തെ മുഴുവനും നശിപ്പിക്കുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്. “അരിപ്പകൊണ്ട് അരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ സകലജനതകളുടെയും ഇടയിൽ അരിക്കുവാൻ കല്പിക്കും; ഒരു മണിപോലും നിലത്തു വീഴുകയില്ല. 10 ‘അനർത്ഥം ഞങ്ങളെ പിന്തുടർന്നെത്തുകയില്ല, എത്തിപ്പിടിക്കുകയുമില്ല’ എന്നു പറയുന്നവരായി എന്റെ ജനത്തിലുള്ള സകലപാപികളും വാൾകൊണ്ടു മരിക്കും. 11 “അവർ എദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും എന്റെ നാമം വിളിക്കപ്പെടുന്ന സകല ജനതകളുടെയും ദേശത്തെ കൈവശമാക്കേണ്ടതിന് 12 ദാവീദിന്റെ വീണുപോയ കൂടാരത്തെ ഞാൻ ആ നാളിൽ ഉയർത്തുകയും അതിന്റെ പിളർപ്പുകളെ അടയ്ക്കുകയും അതിന്റെ ഇടിവുകളെ തീർക്കുകയും അതിനെ പുരാതനകാലത്തിൽ എന്നപോലെ പണിയുകയും ചെയ്യും” എന്നാകുന്നു ഇത് അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാട്. 13 “ഉഴുന്നവൻ കൊയ്യുന്നവന്റെയും മുന്തിരിപ്പഴം ചവിട്ടുന്നവൻ വിതയ്ക്കുന്നവന്റെയും മുമ്പിലെത്തുകയും പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കുകയും എല്ലാ കുന്നുകളും ഉരുകിപ്പോകുകയും ചെയ്യുന്ന നാളുകൾ വരും” എന്ന് യഹോവയുടെ അരുളപ്പാട്. 14 “അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും; ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിത് പാർക്കുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞ് കുടിക്കുകയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കുകയും ചെയ്യും. 15 ഞാൻ അവരെ അവരുടെ ദേശത്ത് നടും; ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഇനി പറിച്ചുകളയുകയുമില്ല” എന്ന് നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.