അദ്ധ്യായം.7
1 യഹോവ മോശെയോട് അരുളിച്ചെയ്തത്: “നോക്കു, ഞാൻ നിന്നെ ഫറവോന് ദൈവം ആക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്ക് പ്രവാചകനായിരിക്കും. 2 ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ പറയണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്ന് വിട്ടയക്കുവാൻ ഫറവോനോട് പറയണം. 3 എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; ഈജിപ്റ്റിൽ ഞാൻ വളരെ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 4 ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല; ഞാൻ ഈജിപ്റ്റിന്മേൽ എന്റെ കൈവെച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെ തന്നെ, ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കും. 5 അങ്ങനെ ഞാൻ എന്റെ കൈ ഈജിപ്റ്റിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.” 6 മോശെയും അഹരോനും യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നെ ചെയ്തു. 7 അവർ ഫറവോനോട് സംസാരിച്ച കാലത്ത് മോശെയ്ക്ക് എൺപത് വയസ്സും അഹരോന് എൺപത്തിമൂന്ന് വയസ്സും ആയിരുന്നു.
8 യഹോവ മോശെയോടും അഹരോനോടും: 9 “ഫറവോൻ നിങ്ങളോട് ഒരു അത്ഭുതം കാണിക്കുവീൻ” എന്ന് പറഞ്ഞാൽ നീ അഹരോനോട്: ‘നിന്റെ വടി എടുത്ത് ഫറവോന്റെ മുമ്പാകെ നിലത്തിടുക’ എന്ന് പറയണം; അത് ഒരു സർപ്പമായിത്തീരും” എന്ന് കല്പിച്ചു. 10 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് യഹോവ അവരോട് കല്പിച്ചത് പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അത് സർപ്പമായിത്തീർന്നു. 11 അപ്പോൾ ഫറവോൻ വിദ്വാന്മാരെയും മന്ത്രവാദികളെയും വിളിപ്പിച്ചു; ഈജിപ്റ്റിലെ മന്ത്രവാദികളായ ഇവരും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു. 12 അവർ ഓരോരുത്തൻ അവനവന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായിത്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. 13 ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
14 അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: “ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയക്കുവാൻ അവന് മനസ്സില്ല. 15 രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണുവാൻ നദീതീരത്ത് നില്ക്കണം; സർപ്പങ്ങളായിത്തീർന്ന വടിയും കയ്യിൽ എടുത്തുകൊള്ളണം. 16 അവനോട് പറയേണ്ടത് എന്തെന്നാൽ: ‘മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക’ എന്ന് കല്പിച്ച് എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല. 17 ഞാൻ യഹോവ എന്ന് നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ട് ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അത് രക്തമായിത്തീരും; 18 നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് അറപ്പ് തോന്നും.” 19 യഹോവ പിന്നെയും മോശെയോട്: “നീ അഹരോനോട് പറയേണ്ടത് എന്തെന്നാൽ: നിന്റെ വടി എടുത്ത് ഈജിപ്റ്റിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം ഇങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും നീട്ടുക; അവ രക്തമായിത്തീരും; ഈജിപ്റ്റിൽ എല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും” എന്ന് കല്പിച്ചു. 20 മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഉയർത്തി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം രക്തമായിത്തീർന്നു. 21 നദിയിലെ മത്സ്യം ചത്ത് നാറുകയാൽ നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് കഴിഞ്ഞില്ല; ഈജിപ്റ്റിൽ എല്ലായിടത്തും രക്തം ഉണ്ടായിരുന്നു. 22 ഈജിപ്റ്റിലെ മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല. 23 ഫറവോൻ തന്റെ അരമനയിലേക്ക് പോയി; ഇതും അവൻ ഗണ്യമാക്കിയില്ല. 24 നദിയിലെ വെള്ളം കുടിക്കുവാൻ യോഗ്യമല്ലാത്തതുകൊണ്ട് ഈജിപ്റ്റുകാർ എല്ലാവരും കുടിക്കുവാൻ വെള്ളത്തിനായി നദിക്കരയിൽ പലയിടത്തും കുഴികൾ കുഴിച്ചു.