3. അദ്ധ്യായം.
1 പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്ക് എഴുതുന്നത് രണ്ടാം ലേഖനമല്ലോ. 2 വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സ് ഉണർത്തുന്നു. 3 അവന്റെ പ്രത്യക്ഷതയാകുന്ന മടങ്ങിവരവിന്റെ വാഗ്ദത്തം എവിടെ? 4 പിതാക്കന്മാർ മരിച്ച ശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നെ ഇരിക്കുന്നു എന്ന് പറഞ്ഞ് സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്ത് വരുമെന്ന് വിശേഷാൽ അറിഞ്ഞുകൊൾവിൻ. 5 ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ട് ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും 6 അതേ വചനത്താലും വെള്ളത്താലും അന്നുണ്ടായിരുന്ന ലോകം മുങ്ങി നശിച്ചു എന്നും 7 ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീയ്ക്കായി സൂക്ഷിച്ചും, ഭക്തികെട്ട മനുഷ്യരുടെ ന്യായവിധിയും നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കായി കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.
8 എന്നാൽ പ്രിയമുള്ളവരേ, കർത്താവിന് ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുത്. 9 ചിലർ താമസം എന്ന് വിചാരിക്കുന്നതുപോലെ കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നതല്ല, മറിച്ച് അവൻ നിങ്ങളോട് ക്ഷമകാണിക്കുന്നതത്രേ. നിങ്ങൾ ആരും നശിച്ചുപോകരുതെന്ന് ഇച്ഛിച്ച്, എല്ലാവരും മാനസാന്തരപ്പെടുവാനായി അവൻ സമയം അനുവദിച്ചു തന്നതേയുള്ളു. 10 കർത്താവിന്റെ മടങ്ങിവരവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം വലിയ ശബ്ദത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയെരിയുകയും, ഭൂമിയും അതിലുള്ള പ്രവർത്തികളും വിധിക്കപ്പെടുകയും ചെയ്യും. 11 ഇപ്രകാരം ഇവ ഒക്കെയും നശിച്ചുപോകുവാനുള്ളതായിരിക്കയാൽ നിങ്ങൾ വിശുദ്ധജീവിതവും ഭക്തിയും സംബന്ധിച്ച് എങ്ങനെയുള്ളവർ ആയിരിക്കണം? 12 ആകാശം കത്തി എരിയുവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവത്തിന്റെ ആ ഭരണദിവസത്തെ പ്രതീക്ഷിക്കുകയും ബദ്ധപ്പെടുകയും ചെയ്യുവിൻ. 13 എന്നാൽ നാം അവൻ വാഗ്ദത്തം ചെയ്ത നീതിയിൽ വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ട് കാത്തിരിക്കുന്നു.
14 അതുകൊണ്ട് പ്രിയമുള്ളവരേ, നിങ്ങൾ ഇവയ്ക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായും അവനോടുകൂടെ സമാധാനമുള്ളവരായും കാണ്മാൻതക്കവണ്ണം കഴിവതും ഉത്സാഹിപ്പിൻ. 15 നമ്മുടെ കർത്താവിന്റെ ദീർഘക്ഷമ രക്ഷയ്ക്കായിട്ടാണ് എന്ന് വിചാരിപ്പിൻ. നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിനനുസരിച്ച് നിങ്ങൾക്ക് 16 എഴുതിയിരിക്കുന്ന സകല ലേഖനങ്ങളിലും ഇതിനെക്കുറിച്ച് അങ്ങനെതന്നെ പറഞ്ഞിട്ടുണ്ടല്ലോ. അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളത് ചിലതുണ്ട്. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു. 17 എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി ഈ കാര്യങ്ങൾ അറിഞ്ഞിരിക്കകൊണ്ട് അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ട് വീണുപോകാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ. 18 കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന് ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.