6. അദ്ധ്യായം.
1 അതുകൊണ്ട് സഹപ്രവർത്തകരായ ഞങ്ങൾ നിങ്ങൾക്ക് ദൈവത്തിന്റെ കൃപ ലഭിച്ചത് വ്യർത്ഥമായിത്തീരരുത് എന്ന് അപേക്ഷിക്കുന്നു.
2 “പ്രസാദകാലത്ത് ഞാൻ നിങ്ങളെ കേട്ടു; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു”
എന്ന് അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു പ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.
പൗലോസിന്റെ കഷ്ടതകൾ
3 ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കേണ്ടതിന് ഞങ്ങൾ ഒന്നിലും ഇടർച്ചക്ക് കാരണം ആകാതെ, 4 സകലത്തിലും ഞങ്ങളെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി ഏൽപ്പിക്കുന്നു; ബഹുസഹിഷ്ണതയിലും, കഷ്ടതയിലും, ബുദ്ധിമുട്ടിലും, സങ്കടത്തിലും, തല്ലിലും, 5 തടവിലും, കലഹത്തിലും, അദ്ധ്വാനത്തിലും, ഉറക്കിളപ്പിലും, പട്ടിണിയിലും, നിർമ്മലതയാലും, പരിജ്ഞാനത്താലും, 6 ദീർഘക്ഷമയാലും, ദയയാലും, പരിശുദ്ധാത്മാവിനാലും, നിർവ്യാജസ്നേഹത്താലും, 7 സത്യവചനത്താലും, ദൈവശക്തിയാലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങളാലും, 8 മാനാപമാനങ്ങളാലും ദുഷ്കീർത്തിസൽക്കീർത്തികളാലും സത്യവാന്മാർ എങ്കിലും ചതിയന്മാരായി, 9 എല്ലാവരും നല്ലവണ്ണം അറിയുന്നവർ എങ്കിലും ആരും അറിയാത്തവരായി, ഇതാ, ഞങ്ങൾ ജീവിക്കുന്നവരെങ്കിലും മരിക്കുന്നവരായി, കൊല്ലപ്പെടാത്തവർ എങ്കിലും ശിക്ഷിക്കപ്പെട്ടവരായി, 10 സന്തോഷിക്കുന്നവർ എങ്കിലും ദുഃഖിതരായി, പലരെയും സമ്പന്നർ ആക്കുന്നവർ എങ്കിലും ദരിദ്രരായി, എല്ലാം കൈവശമുള്ളവരെങ്കിലും ഒന്നും ഇല്ലാത്തവർ ആയിത്തന്നെ.
11 അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോട് തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. 12 ഞങ്ങളാൽ നിങ്ങൾ വിലക്കപ്പെട്ടിട്ടില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. 13 ഇതിന് യോഗ്യമായ പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിക്കുവിൻ എന്ന് ഞാൻ മക്കളോട് എന്നപോലെ നിങ്ങളോട് പറയുന്നു.
അവിശ്വാസികളെക്കുറിച്ചുള്ള മുന്നറിയിപ്പ്
14 നിങ്ങൾ അവിശ്വാസികളുമായി ചേർച്ചയില്ലാത്തവിധം കൂടിയോജിക്കരുത്; എന്തെന്നാൽ, നീതിക്കും അധർമ്മത്തിനും തമ്മിൽ എന്ത് പങ്കാളിത്തം ആണുള്ളത്? അല്ല, വെളിച്ചത്തിന് ഇരുളിനോട് എന്ത് കൂട്ടായ്മയാണുള്ളത്? 15 ക്രിസ്തുവിന് ബെലീയാലിനോട് എന്ത് യോജിപ്പ്? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി? 16 ദൈവാലയത്തിന് വിഗ്രഹങ്ങളോട് എന്ത് ഉടമ്പടി? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ,
“ഞാൻ അവരിൽ വസിക്കുകയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും; ഞാൻ അവർക്ക് ദൈവവും അവർ എന്റെ ജനവും ആകും”
എന്ന് ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 17 അതുകൊണ്ട്,
“അവരുടെ നടുവിൽ നിന്ന് പുറപ്പെട്ട് വേർപെട്ടിരിക്കുവിൻ എന്ന് കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട് 18 നിങ്ങൾക്ക് പിതാവും നിങ്ങൾ എനിക്ക് പുത്രന്മാരും പുത്രിമാരും ആയിരിക്കും”
എന്ന് സർവ്വശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.