1യഹോവയ്ക്ക് ഒരു പുതിയ പാട്ട് പാടുവിൻ;
സകലഭൂവാസികളുമേ, യഹോവയ്ക്ക് പാടുവിൻ.
2യഹോവയ്ക്കു പാടി അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ;
നാൾതോറും അവിടുത്തെ രക്ഷ പ്രസിദ്ധമാക്കുവിൻ.
3ജനതതികളുടെ ഇടയിൽ ദൈവത്തിന്റെ മഹത്വവും
സകലവംശങ്ങളുടെയും ഇടയിൽ ദൈവത്തിന്റെ അത്ഭുതങ്ങളും വിളംബരം ചെയ്യുവിൻ.
4യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു;
അവിടുന്ന് സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
5ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ;
യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
6ബഹുമാനവും തേജസ്സും അവിടുത്തെ മുമ്പിലും
ബലവും ശോഭയും അവിടുത്തെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.
7ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ;
മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ.
8യഹോവയ്ക്ക് അവിടുത്തെ നാമത്തിന് തക്കതായ മഹത്വം കൊടുക്കുവിൻ;
തിരുമുൽകാഴ്ചയുമായി അവിടുത്തെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
9വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ;
സകലഭൂവാസികളുമേ, അവിടുത്തെ മുമ്പിൽ നടുങ്ങുവിൻ.
10“യഹോവ വാഴുന്നു;
ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവിടുന്ന് ജനതകളെ നേരോടെ വിധിക്കും” എന്ന് ജനതകളുടെ ഇടയിൽ പറയുവിൻ.
11ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും
സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ.
12വയലും അതിലുള്ള സകലവും ആഹ്ലാദിക്കട്ടെ;
അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചു ഘോഷിക്കും.
13യഹോവയുടെ സന്നിധിയിൽ തന്നെ;
ദൈവം വരുന്നുവല്ലോ; ദൈവം ഭൂമിയെ വിധിക്കുവാൻ വരുന്നു;
കർത്താവ് ഭൂലോകത്തെ നീതിയോടും ജനതതികളെ വിശ്വസ്തതയോടും കൂടി വിധിക്കും.