സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
1ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;
അവിടുത്തെ നാമം യിസ്രായേലിൽ വലിയതാകുന്നു.
2ദൈവത്തിന്റെ കൂടാരം ശാലേമിലും
അവിടുത്തെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
3ദൈവം അവിടെവച്ച് മിന്നുന്ന അമ്പുകളും, യുദ്ധായുധങ്ങളായ
പരിചയും വാളും തകർത്തുകളഞ്ഞു.
സേലാ.
4ശാശ്വതപർവ്വതങ്ങളെക്കാൾ
അവിടുന്ന് തേജസ്സും മഹിമയും ഉള്ളവനാകുന്നു.
5ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു;
പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി.
6യാക്കോബിന്റെ ദൈവമേ, അങ്ങയുടെ ശാസനയാൽ
തേരും കുതിരയും ഗാഢനിദ്രയിൽ വീണു.
7അങ്ങ് ഭയങ്കരനാകുന്നു;
അങ്ങ് കോപിച്ചാൽ തിരുമുമ്പാകെ നില്‍ക്കാൻ കഴിയുന്നവൻ ആര്?
8സ്വർഗ്ഗത്തിൽനിന്ന് അങ്ങ് വിധി കേൾപ്പിച്ചു;
ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ
9ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ
ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു.
സേലാ.
10മനുഷ്യന്റെ ക്രോധം അങ്ങയെ സ്തുതിക്കും നിശ്ചയം;
ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും.
11നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ;
കർത്താവിന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ച കൊണ്ടുവരട്ടെ.
12ദൈവം പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും;
ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്ന് ഭയങ്കരനാകുന്നു.