ഗായകഗണങ്ങൾ
1ദാവീദ് തന്റെ സൈന്യാധിപന്മാരുമായി കൂടിയാലോചിച്ച് ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരിൽ ചിലരെ പ്രവചനശുശ്രൂഷയ്ക്കായി വേർതിരിച്ചു. വീണ, കിന്നരം, ഇലത്താളം ഇവയുടെ അകമ്പടിയോടുകൂടി അവർ ഈ ശുശ്രൂഷ നിർവഹിക്കണമായിരുന്നു. ഈ ശുശ്രൂഷ നിർവഹിച്ച ആളുകളുടെ പേരുവിവരം ഇപ്രകാരമാണ്:
2ആസാഫിന്റെ പുത്രന്മാരിൽനിന്ന്:
സക്കൂർ, യോസേഫ്, നെഥന്യാവ്, അശരേലാ, ഇവർ ആസാഫിന്റെ നിർദേശമനുസരിച്ച് രാജാവിന്റെ മേൽനോട്ടത്തിൽ പ്രവചനശുശ്രൂഷ ചെയ്തിരുന്നു.
3യെദൂഥൂനുവേണ്ടി അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്:
ഗെദല്യാവ്, സെരി, യെശയ്യാവ്, ശിമെയി, ഹശബ്യാവ്, മത്ഥിഥ്യാവ്—ആകെ ആറുപേർ. ഇവർ പ്രവചിച്ചത് തങ്ങളുടെ പിതാവായ യെദൂഥൂന്റെ മേൽനോട്ടത്തിലായിരുന്നു. കിന്നരംമീട്ടി യഹോവയ്ക്കു നന്ദിയും സ്തുതിയും അർപ്പിച്ചുകൊണ്ടായിരുന്നു അവർ ശുശ്രൂഷ നിറവേറ്റിയിരുന്നത്.
4ഹേമാനുവേണ്ടി, അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്:
ബുക്കിയാവ്, മത്ഥന്യാവ്, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവ്, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യോശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് 5ഇവരെല്ലാം രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാരായിരുന്നു. ഹേമാനെ ഉന്നതനാക്കുമെന്ന് ദൈവം നൽകിയ വാഗ്ദാനത്തിന്റെ ഫലമായി അവനു നൽകപ്പെട്ടവരായിരുന്നു ഇവർ. ദൈവം ഹേമാന് പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും പ്രദാനംചെയ്തു.
6ഈ മൂന്നു ഗണത്തിലുംപെട്ട ഇവരെല്ലാം യഹോവയുടെ ആലയത്തിൽ ഇലത്താളങ്ങളും വീണയും കിന്നരവും ഉപയോഗിച്ച് ദൈവത്തിന്റെ മന്ദിരത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കുവേണ്ടതായ സംഗീതം പകർന്നു. ഇവരെല്ലാം താന്താങ്ങളുടെ പിതാക്കന്മാരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചത്.
ആസാഫും യെദൂഥൂനും ഹേമാനും രാജാവിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 7അവരെല്ലാവരും തങ്ങളുടെ ബന്ധുജനങ്ങളോടു ചേർന്ന് യഹോവയ്ക്കു സംഗീതം ആലപിക്കുന്നതിൽ തഴക്കംവന്നവരും വിദഗ്ദ്ധരും ആയിരുന്നു. അവരുടെ എണ്ണം ആകെ 288 ആയിരുന്നു. 8ചെറുപ്പക്കാരും മുതിർന്നവരും അധ്യാപകരും അധ്യേതാക്കളും ഒരുപോലെ നറുക്കിട്ട് താന്താങ്ങളുടെ ശുശ്രൂഷ നിശ്ചയിച്ചു.