ചോദ്യം: എന്താണ് നിരീശ്വരത്വം?
ഉത്തരം:
ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നതാണ് നിരീശ്വരത്വം. നിരീശ്വരത്വം ഒരു പുതിയ സിദ്ധാന്തമല്ല. ഏതാണ്ട് ബി.സി.1000 ത്തില്‍ ദാവീദ് എഴുതിയ സങ്കീര്‍ത്തനത്തില്‍ നിരീശ്വരത്വത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. "ദൈവം ഇല്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു" എന്ന് നാം വായിക്കുന്നു (സങ്കീ.14:1). എന്നാല്‍ ഈ ആധുനീക കാലത്ത് ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ജീവിക്കുന്നവരില്‍ 10% ആളുകള്‍ നിരീശ്വരവാദികള്‍ ആണെന്ന് പറയപ്പെടുന്നു. എന്തുകൊണ്ടായിരിക്കാം നിരീശ്വരത്വം ഇങ്ങനെ വളരുവാന്‍ കാരണം? അവര്‍ പറയുന്നതുപോലെ നിരീശ്വരത്വമാണോ വാസ്തവത്തില്‍ ബുദ്ധിജീവികള്‍ വിശ്വസിക്കേണ്ടത്?
എന്താണ് നിരീശ്വരത്വം നിലനില്‍ക്കുന്നതിന്റെ ആവശ്യം തന്നെ? ദൈവം മനുഷര്‍ക്ക് തന്നെത്തന്നെ വെളിപ്പടുത്തിയാല്‍ നിരീശ്വരത്വമേ ഇല്ലാതാകുമല്ലോ. എന്നാല്‍ ദൈവം ആഗ്രഹിക്കുന്നത് ദൈവം ഉണ്ട് എന്ന കാര്യം മനുഷര്‍ വിശ്വാസത്താല്‍ സ്വീകരിക്കണം എന്നാണ് (എബ്ര.11:6). ദൈവത്തിന്റെ സൌജന്യ രക്ഷ വിശ്വാസത്താല്‍ സ്വീകരിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു (യോഹ.3:16). പഴയനിയമ കാലത്ത് പല പ്രാവശ്യം ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട് (ഉല്‍പ.6-0; പുറ.14:21-21; 1രാജാ.18:19-31). ദൈവം ഉണ്ടെന്ന് അക്കാലത്തെ ജനങ്ങള്‍ വിശ്വസിച്ചുവോ? വിശ്വസിച്ചു. എങ്കിലും അവര്‍ അവരുടെ തെറ്റായ വഴികളെ ഉപേക്ഷിച്ചു ദൈവത്തിങ്കലേക്ക് തിരിഞ്ഞുവോ? ഇല്ലാ. ദൈവം ഉണ്ട് എന്ന കാര്യം വിശ്വാസത്താല്‍ സ്വീകരിക്കുവാന്‍ മനസ്സില്ലാത്ത വ്യക്തി, ക്രിസ്തുവാണ് ഒരേ രക്ഷകന്‍ എന്ന സത്യവും സ്വീകരിക്കയില്ല (എഫെ.2:8). ദൈവം ഉണ്ടെന്നു മാത്രം മനുഷര്‍ വിശ്വസിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നില്ല. ക്രിസ്തുവില്‍ കൂടെ മാത്രമേ രക്ഷയുള്ളൂ എന്ന കാര്യവും ഏവരും വിശ്വസിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്.
മനുഷര്‍ വിശ്വാസത്താല്‍ ദൈവത്തെ അംഗീകരിക്കണം എന്ന് വേദപുസ്തകം പറയുന്നു. "എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിവുള്ളതല്ല. ദൈവത്തിന്റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ" (എബ്ര.11:6). കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍ എന്ന് വേദപുസ്തകം പറയുന്നു. "യേശു അവനോട്, നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍ എന്നു പറഞ്ഞു" (യോഹ.20:29).
ദൈവ വിശ്വാസം യുക്തിഹീനം ആയതുകൊണ്ടല്ല ദൈവം ഉണ്ട് എന്ന കാര്യം വിശ്വാസത്താല്‍ സ്വീകരിക്കണം എന്ന് പറയുന്നത്. ദൈവം ഉണ്ടെന്നത് യുക്തിക്ക് ചേര്‍ന്നതും വാദത്താല്‍ സ്ഥാപിക്കാവുന്നതുമാണ്. ബൈബിള്‍ പറയുന്നത് ദൈവം തന്നെത്തന്നെ അഖിലാണ്ഡത്തിലും (സങ്കീ.19:1-4), പ്രകൃതിയിലും (റോമ.1:18-22), മനുഷഹൃദയങ്ങളിലും (സഭാ.3:11) വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ്. എന്നിരുന്നാലും ദൈവം ഉണ്ട് എന്നത് പരീക്ഷണങ്ങളില്‍ കൂടെ സ്ഥാപിക്കുവാന്‍ കഴിയുന്നതല്ല; അത് വിശ്വാസത്താല്‍ സ്വീകരിക്കേണ്ട കാര്യമാണ്.
അതുപോലെതന്നെയാണ് നിരീശ്വരവാദവും. അതും വിശ്വാസത്താല്‍ മാത്രം സ്വീകരിക്കുവാനേ സാധിക്കയുള്ളൂ. ആര്‍ക്കെങ്കിലും ദൈവം ഇല്ല എന്ന് തീര്‍ത്തു പറയണമെങ്കില്‍ അവര്‍ക്ക് അഖിലാണ്ഡത്തില്‍ എന്തൊക്കെ എവിടെയൊക്കെ ഏതെല്ലാം നിലയില്‍ ഉണ്ട് എന്ന് പൂര്‍ണ്ണമായി അറിഞ്ഞിരിക്കണം. ഒരു നിരീശ്വരവാദിക്കും അങ്ങനെ പറയുവാന്‍ സാധിക്കയില്ലല്ലോ! എന്നാല്‍ ദൈവം ഇല്ല എന്ന് ഒരുവന്‍ പറയുമ്പോള്‍ വാസ്തവത്തില്‍ അങ്ങനെയാണ് പറയുന്നത്. അഖിലാണ്ഡത്തിന്റെ അതിരുകള്‍ പോലും കണ്ടിട്ടില്ലാത്ത മനുഷന്, അഖിലാണ്ഡം മുഴുവന്‍ നിരീക്ഷണം ചെയ്ത് സകലവും കണ്ടു മനസസിണലാക്കി ദൈവം ഇല്ല എന്ന് തീര്‍ച്ചപ്പെടുത്തുവാന്‍ ഒരിക്കലും സാധിക്കയില്ല. അതുകൊണ്ട് ദൈവം ഇല്ല എന്നതും വിശ്വാസത്താല്‍ മാത്രം അംഗീകരിക്കേണ്ട സിദ്ധാന്തമാണ്.
നിരീശ്വരത്വം പരീക്ഷണങ്ങളാല്‍ സ്ഥാപിക്കുവാന്‍ സാധിക്കയില്ല. ദൈവവിശ്വാസവും അങ്ങനെ തന്നെയാണ്. ദൈവം ഉണ്ട് എന്നത് വിശ്വാസത്താല്‍ നാം അംഗീകരിക്കുന്നു. എന്നാല്‍ ദൈവവിശ്വാസം യുക്തിഹീനം ആണ് എന്ന് ഞങ്ങള്‍ കരുതുന്നില്ല. ദൈവവിശ്വാസം പ്രായോഗികവും, ദാര്‍ശനീകവും ആണെന്ന് മാത്രമല്ല അത് യുക്തിയ്ക്കും ശാസ്ത്രത്തിനും വിപരീതം അല്ല എന്നുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. "ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു, ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകല്‍ പകലിനു വാക്കു പൊഴിക്കുന്നു. രാത്രി രാത്രിക്ക് അറിവു കൊടുക്കുന്നു. ഭാഷണമില്ല, വാക്കുകള്‍ ഇല്ല, ശബ്ദം കേള്‍പ്പാനും ഇല്ല. ഭൂമിയില്‍ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു. അവിടെ അവന്‍ സൂര്യനു ഒരു കൂടാരം അടിച്ചിരിക്കുന്നു" (സങ്കീ.19:1-4).
ചോദ്യം: എന്താണ് അജ്ഞാതവാദം?
ഉത്തരം:
ഒരു ദൈവം ഉണ്ടോ എന്ന് തീര്‍ത്തു പറയുവാന്‍ ആരെക്കൊണ്ടും സാധിക്കയില്ല എന്നതാണ് അജ്ഞാതവാദം. അജ്ഞാതവാദി(agnostik) എന്ന വാക്കിന്റെ അര്‍ത്ഥം "അറിവ് ഇല്ലാത്തവന്‍" എന്നാണ്. നിരീശ്വരവാദികളുടെ ഇടയിലെ സത്യസന്ധരായ ബുദ്ധിജീവികാളാണ് ഇക്കൂട്ടര്‍. നിരീശ്വരവാദികള്‍ വിശ്വസിക്കുന്നത് ദൈവം ഇല്ല എന്നാണ്. എന്നാല്‍ അത് ആര്‍ക്കും തെളിയിക്കുവാന്‍ സാധിക്കയില്ലല്ലോ. അജ്ഞാതവാദികള്‍ വിശ്വസിക്കുന്നത് ദൈവാസ്ഥിത്വത്തെപ്പറ്റി നമുക്ക് വ്യക്തമായി ഒന്നും പറയുവാന്‍ സാധിക്കയില്ല എന്നാണ്. അവര്‍ പറയുന്നത് വാസ്തവത്തില്‍ ശരിയാണ്. ഏതെങ്കിലും പരീക്ഷണങ്ങളില്‍ കൂടെ ദൈവം ഉണ്ടോ എന്ന് തെളിയിക്കുവാന്‍ ആര്‍ക്കും സാധിക്കയില്ലല്ലോ.
ദൈവം ഉണ്ട് എന്നത് നാം വിശ്വാസത്താല്‍ സ്വീകരിക്കണം എന്നാണ് വേദപുസ്തകം പറയുന്നത്. "എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ" (എബ്ര. 11:6). ദൈവം ആത്മാവാകുന്നു (യോഹ.4:24). അതുകൊണ്ട് നമുക്കവനെ കാണുവാനോ സ്പര്‍ശിക്കുവാനോ സാധിക്കയില്ല. ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ നമുക്ക് അവനെ അറിയുവാന്‍ സാധിക്കയില്ല (റോമ.1:20). വേദപുസ്തകം പറയുന്നത് അഘിലാണ്ഡത്തില്‍ ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് (സങ്കീ.19:1-4). പ്രകൃതിയില്‍ നിന്ന് അവനെ വിവേചിച്ചറിയുവാന്‍ കഴിയും എന്ന് വേദപുസ്തകം പറയുന്നു (റോം.1:18-22). ദൈവാസ്തിത്വം നമ്മുടെ ഹൃദയങ്ങളില്‍ ഉറപ്പിക്കപ്പെട്ടിട്ടും ഉണ്ട് എന്ന് ബൈബിള്‍ പറയുന്നു (സഭാ.3:11).
അജ്ഞാതവാദികള്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തീര്‍ത്തു പറയുവാന്‍ കഴിയാത്തവരാണ്. നിരീശ്വരവാദത്തിന്റെയും ദൈവ വിശ്വാസത്തിന്റെയും മദ്ധ്യത്തിലെ ബുദ്ധിപരമായ തീരുമാനമാണ് ഈ നില എന്ന് അവര്‍ കരുതുന്നു. നിരീശ്വരവാദികള്‍ ദൈവം ഇല്ലാ എന്ന് ശഠിക്കുന്നവരാണ്. വിശ്വാസികള്‍ ദൈവം ഉണ്ടെന്ന് ശഠിക്കുന്നു. ഇവരുടെ മദ്ധ്യത്തില്‍ അജ്ഞാതവാദികള്‍ നിലകൊള്ളുന്നു.
തല്‍ക്കാലം വാദത്തിനുവേണ്ടി ദൈവം ഉണ്ട് എന്നതിന്റെ തെളിവുകള്‍ മാറ്റിവയ്ക്കാം. തുലാസിനറെത രണ്ടു തട്ടുകളില്‍ ദൈവവിശ്വാസവും അജ്ഞാതവാദവും വച്ചിട്ട് നിത്യതയുടെ വെളിച്ചത്തില്‍ ഏതാണ് കൂടുതല്‍ അഭികാമ്യം എന്ന് നോക്കാം. ഒരു പക്ഷേ, ദൈവം ഇല്ല എങ്കില്‍ വിശ്വാസിയും അജ്ഞാതവാദിയും മരണത്തോടെ ജീവിതം അവസാനിപ്പിക്കുന്നു. മറിച്ച് ദൈവം ഉണ്ടെന്നു കരുതുക. മരണത്തിനു ശേഷം രണ്ടുപേരും ദൈവത്തിനു മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ട് നിത്യതയുടെ വെളിച്ചത്തില്‍ ദൈവവിശ്വാസം തന്നെയാണ് കൂടുതല്‍ അഭികാമ്യം എന്നതില്‍ രണ്ടുപക്ഷമില്ല.
സംശയം ഉണ്ടാകുക എന്നത് സാധാരണകാര്യമാണ്. ഈ ലോകത്തില്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയാത്ത അനേക കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും പലരും ദൈവം ഉണ്ടോ എന്ന് സംശയിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ തീരുമാനങ്ങളും അവന്റെ വഴികളും അവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്തതുകൊണടാകണ്. എന്നാല്‍ പരിമിതരായിരിക്കുന്ന നാമുക്ക് ഒരിക്കലും അപരിമിതനായ ദൈവത്തേയും അവന്റെ വഴികളേയും പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ കഴികയില്ല എന്ന് നാം അറിഞ്ഞിരിക്കണം. "ഹാ! ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികള്‍ എത്ര അഗോചരവും ആകുന്നു" (റോമ.11:33). ദൈവത്തേയും അവന്റെ വഴികളേയും നാം വിശ്വാസത്തില്‍ സ്വീകരിച്ച് മനസ്സിലാക്കുവാന്‍ ശ്രമിക്കണം. ദൈവത്തെ വിശ്വസിക്കുന്നവര്‍ക്കായി തന്നെത്താന്‍ അത്ഭുതമായി വെളിപ്പെടുത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ആവ.4:29 ഇങ്ങനെ പറയുന്നു. " എങ്കിലും അവിടെ വെച്ച് നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താല്‍ അവനെ കണ്ടെതതുംെ".
ചോദ്യം: ബൈബിള്‍ അനുസരിച്ച് യൂണിവേര്‍സലിസം അല്ലെങ്കില്‍ എല്ലാവരും രക്ഷിക്കപ്പെടും എന്നത് ശരിയാണോ?
ഉത്തരം:
അവസാനത്തില്‍ എല്ലാവരും രക്ഷിക്കപ്പെടും എന്ന പഠിപ്പിക്കലിനെയാണ് യൂണിവേര്‍സലിസം എന്ന് പറയുന്നത്. അവസാനത്തില്‍ എല്ലാവരും രക്ഷിക്കപ്പെടും എന്ന് വിശ്വസിക്കുന്നവര്‍ ഇന്ന് അനേകരാണ്. ഒരു പക്ഷെ സ്നേഹവാനായ ദൈവം മനുഷന്‍ അഗ്നിക്കടലില്‍ നിത്യനിത്യമായി കിടക്കുവാന്‍ അനുവദിക്കില്ല എന്ന ചിന്താഗതിയായിരിക്കാം അവര്‍ അങ്ങനെ വിശ്വസിക്കുന്നതിന് കാരണം. ദൈവനീതിയെ കണക്കിലെടുക്കാതിരുന്നാല്‍ അങ്ങനെ ചിന്തിക്കുവാന്‍ ന്യായമുണ്ട്. എന്നാല്‍ വേദപുസ്തകം വ്യക്തമായി പഠിപ്പികകുലന്നത് ഒരു നിത്യ നരകം ഉണ്ട് എന്നു തന്നെയാണ്.
വീണ്ടെടുക്കപ്പെടാത്തവര്‍ അവരുടെ നിത്യത നരകത്തില്‍ ചെലവിടും എന്ന് വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നു. യേശുകര്‍ത്താവിന്റെ വാക്കുകള്‍ തന്നെ ഈ കാര്യം വളരെ വ്യക്തമാക്കുന്നുണ്ട്. "ഇവര്‍ നിത്യദണ്ഡനയിലേക്കും നീതിമാന്‍മാര്‍ നിത്യജീവനിലേക്കും പോകും" (മത്താ.25:46). ഈ വാക്യം വ്യക്തമാക്കുന്നത് എത്രകാലം നീതിമാന്‍മാര്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമോ അത്രയും കാലം അവിശ്വാസികള്‍ നരകത്തില്‍ ആയിരിക്കും എന്നാണ്. ചിലര്‍ ചിന്തിക്കുന്നത് നരകത്തിലുള്ളവര്‍ കാലക്രമത്തില്‍ ഇല്ലാതായിത്തീരും എന്നാണ്. എന്നാല്‍ അങ്ങനെ വിശ്വസിക്കുവാന്‍ വേദപുസ്തകം അനുവദിക്കുന്നില്ല. മത്താ.25:41, മര്‍ക്കോ.9:44 എന്നീ വാക്യങ്ങളില്‍ നരകത്തെ നിത്യാഗ്നി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഈ നിത്യാഗ്നിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ എന്താണ് വഴി? പലരും ചിന്തിക്കുന്നത് എല്ലാ വഴികളും ഒടുവില്‍ ദൈവത്തിങ്കല്‍ ചെന്നെത്തും എന്നാണ്. അല്ലെങ്കില്‍ സ്നേഹനിധിയായ ദൈവം ഒടുവില്‍ എല്ലാവരേയും സ്വര്‍ഗ്ഗത്തില്‍ സ്വീകരിക്കും എന്നാണ്. വാസ്തവത്തില്‍ ദൈവം സ്നേഹം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് ദൈവപുത്രന്‍ മനുഷനായി ലോകത്തില്‍ വന്നു പാടു പെടുവാന്‍ ദൈവം അനുവദിച്ചത്. ഇന്ന് നാം രക്ഷിക്കപ്പെടുവാന്‍ അവന്‍ മാത്രമാണ് വഴി. "മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവുമില്ല" (അപ്പൊ.4:12). "ദൈവം ഒരുവനത്രേ; ദൈവത്തിനും മനുഷര്‍ക്കും മദ്ധ്യസ്ഥനും ഒരുവനത്രേ. എല്ലാവര്‍ക്കുമായി തന്നെത്താന്‍ മറുവിലയായി ഏല്‍പ്പിച്ചുകൊടുത്ത ക്രിസ്തു യേശു തന്നെ" (1തിമോ.2:5). യേശു പറഞ്ഞു: "ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തിരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" (യോഹ.14:6). "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ.3:16,18,36). നിത്യജീവന്‍ പ്രാപിക്കുവാന്‍ ദൈവം ഒരുക്കിയിരിക്കുന്ന വഴിയെ നിരാകരിക്കുന്നവരാണ് ദൈവപുത്രനെ നിരാകരിക്കുന്നവര്‍.
ഇത്തരം നിരവധി വാക്യങ്ങളുടെ വെളിച്ചത്തില്‍ സര്‍വലൌകീക രക്ഷ എന്നത് വേദപുസ്തകം അനുസരിച്ച് സ്വീകാര്യമല്ല. വേദപുസ്തക സത്യങ്ങളുടെ നേരേ വിപരീതമായ ഉപദേശമാണത്. വേദപുസ്തകം വിശ്വസിക്കുന്നവരെ ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ എന്ന് പലരും എഴുതി തള്ളി എന്ന് വരാവുന്നതാണ്. എന്നാല്‍ ഈ ഉപദേശം ക്രിസ്തുവിന്റെ വാക്കുകള്‍ അടിസ്ഥാനമാക്കിയുള്ളതാണ് എന്നത് മറക്കരുത്. പലപ്പോഴും ഈ സത്യങ്ങള്‍ മറുതലിക്കുന്നവര്‍ അവരുടെ പാപപ്രവര്‍ത്തികള്‍ വിടുവാന്‍ മനസ്സില്ലാത്തവരും ഒരു രക്ഷകന്റെ ആവശ്യം ഉണ്ടെന്ന് അംഗീകരിക്കാത്തവരുമാണ്. ദൈവത്തിന്റെ രക്ഷാമാര്‍ഗ്ഗത്തെ അവഗണിക്കുന്നവര്‍ക്കും സ്വര്‍ഗ്ഗം ഉണ്ട് എന്നു പറയുന്നത് ദൈവനീതിയെ അവഹേളിക്കുന്നതിനും ക്രിസ്തുവിന്റെ മരണത്തെ പുച്ഛിക്കുന്നതിനും തുല്യമാണ്.
ചോദ്യം: അവിശ്വാസികള്‍ മരണശേഷം ഇല്ലാതാക്കപ്പെടും എന്ന് വേദപുസ്തകം പഠിപ്പിക്കുന്നുണ്ടോ?
ഉത്തരം:
മരണശേഷം അവിശ്വാസികള്‍ നരകത്തില്‍ നിത്യയാതന അനുഭവിക്കുന്നതിനു പകരം ഇല്ലാതാക്കപ്പെടും എന്ന പഠിപ്പിക്കലിനെയാണ് ഉന്‍മൂലനം ചെയ്യപ്പെടുക അഥവാ annihilation എന്ന് പറയുന്നത്. നിതയമത മുഴുവന്‍ നരകയാതന എന്ന കാര്യം ചിന്തിക്കുവാന്‍ തന്നെ വളരെ കഠിനം ആയതുകൊണ്ട് അവിശ്വാസികള്‍ ഉന്‍മൂലനം ചെയ്യപ്പെടും എന്ന ആശയത്തെ ചിലര്‍ പിന്താങ്ങുന്നു. ചില വേദഭാഗങ്ങള്‍ തനിയെ വായിച്ചാല്‍ ഈ ആശയം ഉള്‍ക്കൊള്ളുന്നതാണെങ്കിലും, വേദപുസ്തകത്തിലെ മുഴുവന്‍ സത്യങ്ങളുമായി ഈ ആശയം പൊരുത്തപ്പെടുന്നതല്ല. പ്രധാനമായി മൂന്നു വിഷയങ്ങള്‍ തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് അവിശ്വാസികള്‍ ഇല്ലാതാക്കപ്പെടും എന്ന് ചിലര്‍ വിശസിക്കുന്നത്. 1) പാപത്തിന്റെ പരിണിത ഫലങ്ങള്‍ 2) ദൈവത്തിന്റെ നീതി 3) നരകത്തിന്റെ പ്രകൃതി എന്നിവയാണവ.
ഉന്‍മൂലനാശം പഠിപ്പിക്കുന്നവര്‍ നരകം അഗ്നിക്കടലാണ് എന്നകാര്യം തെറ്റിദ്ധരിച്ചിരിക്കുന്നു. ഒരു മനുഷനെ എരിയുന്ന അഗ്നിയിലേക്ക് എറിഞ്ഞാല്‍ ഒരുനിമിഷത്തില്‍ ഇല്ലാതാകും എന്നതില്‍ സംശയം ഇല്ല. എന്നാല്‍ നരകം എന്ന അഗ്നിക്കടല്‍ വെറും ഭൌതീകമല്ല. മനുഷന്റെ ഭൌതീക ദേഹമമല്ല അവിടേക്ക് എറിയപ്പെടുന്നത്. വിശ്വാസികള്‍ ഉയിര്‍ത്തെഴുന്നേല്‍കുമ്പോള്‍ നിത്യത മുഴുവന്‍ നിലനില്‍ക്കുന്ന തേജസ്കരിക്കപ്പെട്ട ശരീരം അവര്‍ക്ക് ലഭിക്കുന്നതുപോലെ, അവിശ്വാസികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ നിത്യത മുഴുവന്‍ നിലനില്‍ക്കുവാന്‍ കഴിവുള്ള ശരീരവുമായിട്ടായിരിക്കും കാണപ്പെടുന്നത് (വെളി.20:13; അപ്പൊ.24:15). അത് നരകത്തീയില്‍ വെന്തു ഇല്ലാതാകുന്ന ശരീരം അല്ല.
നിത്യത എന്ന വാക്കാണ് ഉന്‍മൂലനം ചെയ്യപ്പെടും എന്നു വിശ്വസിക്കുന്നവര്‍ തെറ്റിദ്ധരിച്ചിരിക്കുന്ന വേറൊരു വിഷയം. "നിത്യത" എന്ന വാക്ക് "യുഗം" എന്ന ആശയം ഉള്‍ക്കൊണ്ടതാണ് എന്നതിനു സംശയം ഇല്ല. എന്നാല്‍ ആ "യുഗ"ത്തിന്റെ ദൈര്‍ഘ്യം വെളി.20:10 ല്‍ വളരെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. "അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപൊയ്കയിലേക്ക് തള്ളിവിടും. അവര്‍ എന്നെന്നേക്കും രാപ്പകല്‍ ദണ്ഡനം സഹിക്കേണ്ടി വരും" ഈ തീപ്പൊയ്കയിലേക്ക് എറിയപ്പെട്ടവര്‍ ഉടന്‍ തന്നെ ഇല്ലാതായിപ്പോയില്ല എന്ന് ഈ വാക്യത്തില്‍ നിന്ന് വളരെ വ്യക്തമാണ്. അതേ അനുഭവം തന്നെ ആയിരിക്കും രക്ഷിക്കപ്പെടാത്തവര്‍ക്കും ഉണ്ടാവുക എന്ന് വെളി.20:14-15 എന്നീ വാക്യങ്ങള്‍ പറയുന്നു. നരകം നിത്യമാണ് എന്ന് തെളിവായിപ്പറഞ്ഞിരിക്കുന്ന വേറൊരു വാക്യം മത്താ.25:46 ആണ്. അവര്‍ (അവിശ്വാസികള്‍) നിത്യ ദണ്ഡനയിലേക്കും നീതിമാന്‍മാര്‍ നിത്യജീവനിലേക്കും പോകും" ഈ വാക്യത്തില്‍ "നിത്യത" എന്ന വാക്ക് വിശ്വാസികളേയും അവിശ്വാസികളേയും ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്നു. വിശ്വാസികള്‍ക്ക് നിത്യ സൌഭാഗ്യം ഉണ്ടെങ്കില്‍ അവിശ്വാസികളുടെ ദണ്ഡനവും നിത്യത മുഴുവന്‍ നീണ്ടു നില്‍ക്കുന്നത് ആയിരിക്കും എന്നതില്‍ സംശയമില്ല.
അവിശ്വാസികള്‍ ഉന്‍മൂലനം ചെയ്യപ്പെടും എന്ന് വിശ്വസിക്കുന്നവര്‍ ഉന്നയിക്കുന്ന വേറൊരു ന്യായം, ഈ ലോകത്തില്‍ വച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ ചെയ്യുന്ന പാപത്തിനു നിത്യശിക്ഷ കൊടുക്കുന്നത് ദൈവനീതിക്ക് യോജിച്ചതല്ല എന്നതാണ്. പത്തോ എഴുപതോ വര്‍ഷങ്ങള്‍ ഒരാള്‍ പാപത്തില്‍ ജീവിച്ചാല്‍ അതിനു നിത്യശിക്ഷ കൊടുക്കുന്നത് ദൈവനീതിക്ക് യോജിച്ചതാണോ എന്ന് അവര്‍ ചോദിക്കുന്നു. ഇതിന്റെ മറുപടി, മനുഷന്‍ പാപം ചെയ്യുന്നത് നിത്യനായ ദൈവത്തിന് എതിരെ ആയതിനാല്‍ പാപത്തിന്റെ ശിക്ഷയും നിത്യതയോളം തന്നെ ആയിരിക്കും എന്നാണ്. ദാവീദ് പാപം ചെയ്തത് ഉരിയാവിനോടും അവന്റെ ഭാര്യയോടും ആയിരുന്നു. എന്നാല്‍ ദാവീദ് പറയുന്നത് ശ്രദ്ധിക്കുക. "നിന്നോടു തന്നെ ഞാന്‍ പാപം ചെയ്തു; നിനക്ക് അനിഷ്ടമായത് ഞാന്‍ ചെയ്തിരിക്കുന്നു" (സങ്കീ.51:4). പാപം ദൈവത്തിന്റെ കല്‍പനാ ലംഘനം ആയതുകൊണ്ട് ഏതു പാപവും ദൈവത്തിനു എതിരായുള്ളതാണ്. ദൈവം നിത്യനും അപരിമിതനും ആണ്. ഒരു വ്യക്തി എത്രനാള്‍ പാപം ചെയ്തു എന്നതിലുപരി നിത്യനായ ദൈവത്തിന്റെ കല്‍പനകളെ ലംഘിച്ചു എന്നതാണ് പ്രസക്തമായ കാര്യം. ദൈവം നിത്യനായതുകൊണ്ട് പാപത്തിന്റെ ശിക്ഷയും നിത്യതയോളം വരുന്നതാണ്.
ഉന്‍മൂലനാശം പഠിപ്പിക്കുന്നവര്‍ പറയുന്ന വേറൊരു ന്യായം നമ്മുടെ ബന്ധുമിത്രാദികളില്‍ ചിലര്‍ നരകത്തില്‍ യാതന അനുഭവിക്കുന്നു എന്നത് സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് സന്തോഷകരം ആയിരിക്കയില്ല എന്നതാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ ഏതെങ്കിലും വ്യസന കാര്യങ്ങള്‍ ഉണ്ടായിരിക്കയില്ല എന്ന് വേദപുസ്തകം തെളിവായി പറയുന്നു. "അവര്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ എല്ലാം തുടച്ചു കളയും; ഇനി മരണം ഉണ്ടാകയില്ല, ദുഃഖവും കണ്ണുനീരും മുറവിളിയും ഇനി ഉണ്ടാകയില്ല" എന്ന് വെളി.20:4 ല്‍ നാം വായിക്കുന്നു. നമ്മുടെ ബന്ധുമിത്രാദികളില്‍ ചിലര്‍ സ്വര്‍ഗ്ഗത്തില്‍ ഇല്ലെങ്കില്‍ അവര്‍ മനഃപ്പൂര്‍വം ക്രിസ്തുവിനെ നിരാകരിച്ച് അവിടെ വരാതിരുന്നതുകൊണ്ട് അവര്‍ സ്വര്‍ഗ്ഗത്തിനു ചേരുന്നവര്‍ അല്ല എന്ന കാര്യത്താല്‍ നാം മനരമ്യം ഉള്ളവരായിരിക്കും. ഇത് മനസ്സിലാക്കുവാന്‍ ഇപ്പോള്‍ നമുക്ക് ബുദ്ധിമുട്ടുണ്ടായിരിക്കാം. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ സങ്കടത്തിന് അവസരമില്ല എന്നതില്‍ തര്‍ക്കമില്ല. ഇന്ന് നാം ചെയ്യേണ്ടത് അവരില്ലാതെ നാം സ്വര്‍ഗ്ഗത്തില്‍ എങ്ങനെ സന്തോഷമുള്ളവര്‍ ആയിരിക്കും എന്ന് ചിന്തിച്ചു ദുഃഖിക്കുന്നതിനു പകരം എങ്ങനെ അവരെ കര്‍ത്താവിങ്കലേക്ക് നേടുവാന്‍ കഴിയും എന്ന് ചിന്തിക്കയാണ് വേണ്ടത്.
വാസ്തവത്തില്‍ ഒരു നരകം ഉണ്ട് എന്നതായിരിക്കാം ക്രിസ്തു ഭൂജാതനായതിനു പിന്നിലെ പ്രധാന കാരണം. മരണ ശേഷം അവിശ്വാസികള്‍ ഇല്ലാതായിത്തീരുന്നു എങ്കില്‍ അതില്‍ ഭയപ്പെടേണ്ട കര്യമില്ല. എന്നാല്‍ നരകം യാദാര്‍ത്ഥ്യമാണെങ്കില്‍ ഭയപ്പെട്ടെങ്കിലേ മതിയാകയുള്ളൂ. ക്രിസ്തുവിന്റെ മരണം നമ്മെ നിത്യനരക ദണ്ഡനയില്‍ നിന്ന് വിടുവിക്കത്തക്കവണ്ണം നിത്യസ്വഭാവമുള്ളതാണ് (എബ്ര.9:14; 2കൊരി.5:21). നാം നമ്മുടെ വിശ്വാസം അവനില്‍ അര്‍പ്പിക്കുമ്പോള്‍ ക്ഷമിക്കപ്പെടും, കഴുകപ്പെടും, രക്ഷിക്കപ്പെടും, സ്വര്‍ഗ്ഗത്തിനു അവകാശികളായിത്തീരും. ദൈവത്തിന്റെ ദാനമായ നിത്യരക്ഷയെ നാം തിരസ്കരിച്ചാല്‍ പാപത്തിന്റെ പരിണിത ഫലമായ നിത്യനരകത്തിനു നാം യോഗ്യരായിത്തീരും എന്നതില്‍ രണ്ടു പക്ഷമില്ല.
ചോദ്യം: എന്താണ് ഓപ്പണ്‍ തീയിസം?
ഉത്തരം:
ഓപ്പണ്‍ തീയിസം അല്ലെങ്കില്‍ ദൈവത്തിന്റെ തുറന്ന മനസ്സ് എന്നൊക്കെ വിശേഷിപ്പിക്കുന്ന ദൈവശാസ്ത്രം ദൈവത്തിന്റെ മുന്നറിവിനേയും മനുഷന്റെ സ്വാതന്ത്ര്യത്തെയും സമന്വയിപ്പിച്ച് മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ്. ഓപ്പണ്‍ തീയിസത്തിന്റെ വക്താക്കള്‍ പറയുന്നത് ഇങ്ങനെയാണ്: മനുഷന് ദൈവം പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തിരിക്കയാണ്. ഭാവിയില്‍ എന്തു സംഭവിക്കുവാന്‍ പോകുന്നു എന്ന് ദൈവം വ്യക്തമായി അറിഞ്ഞിരുന്നാല്‍ അത് പൂര്‍ണ്ണ സ്വാതന്ത്ര്യം ആകയില്ല. അതുകൊണ്ട് വാസ്തവത്തില്‍ ഭാവിയില്‍ എന്തു സംഭവിക്കുവാന്‍ പോകുന്നു എന്ന് ദൈവത്തിനു വ്യക്തമായി അറിഞ്ഞുകൂടാ എന്നവര്‍ പറയുന്നു. ഭാവി പൂര്‍ണ്ണമായി വ്യക്തമല്ല എന്നതാണ് ഓപ്പണ്‍ തീയിസത്തിന്റെ വാദഗതി. മറ്റ് അറിയുവാന്‍ കഴിയുന്നതെല്ലാം ദൈവത്തിനറിയാം. എന്നാല്‍ ഭാവി പൂര്‍ണ്ണമായി അറിയുവാന്‍ കഴിയുന്നതല്ല എന്നാണ് അവരുടെ അഭിപരാവയം.
ഉല്‍പ.6:6; 22:12; പുറ.32:14; യോന 3:10 എന്നീ വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്ന "യഹോവ അനുതപിച്ചു", "ഞാന്‍ ഇപ്പോള്‍ അറിയുന്നു", എന്നുള്ള പദപ്രയോഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഓപ്പണ്‍ തീയിസം വിശ്വസിക്കുന്നവര്‍ അവരുടെ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ വേദപുസ്തകത്തിലെ മറ്റനേക വാക്യങ്ങളില്‍ ദൈവം സകലവും അറിയുന്നവനാണ് എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതുകൊണ്ട് ഈ വാക്യങ്ങള്‍ അവയുടെ വെളിച്ചത്തില്‍ മാത്രമേ മനസ്സിലാക്കുവാന്‍ പാടുള്ളൂ. നമ്മുടെ തീരുമാനങ്ങള്‍ എന്തായിരിക്കും എന്ന് ദൈവം മുമ്പുതന്നെ അറിഞ്ഞിരുന്നു. നമ്മുടെ തീരുമാനം അനുസരിച്ച് ദൈവവും തന്റെ തീരുമാനത്തെ മാറ്റുകയത്രെ ചെയ്യുന്നത്. മനുഷന്റെ തെറ്റുകള്‍ കണ്ട് ദൈവം സങ്കടപ്പെടുന്നത് അത് അങ്ങനെ സംഭവിക്കും എന്ന് ദൈവം മുന്നമേ അറിയാതിരുന്നതിനാലല്ല.
ഓപ്പണ്‍ തീയിസത്തിനു നേരേ വിപരീതമായി സങ്കീ.139:4,16 എന്നീ വാക്യങ്ങള്‍ വ്യക്തമായി നിലകൊള്ളുന്നു. "യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവില്‍ ഇല്ല" "ഞാന്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ നിന്റെ കണ്ണു എന്നെ കണ്ടു. നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു". പഴയനിയമത്തില്‍ ക്രിസ്തുവിന്റെ ജനന മരണങ്ങളെപ്പറ്റി ഇത്ര കൃത്യമായി പറയുവാന്‍ ദൈവത്തിനു കഴിഞ്ഞത് അവന്‍ ഭാവി വ്യക്തമായി അറിഞ്ഞിരുന്നതുകൊണ്ടല്ലേ? ഭാവി വ്യക്തമായി ദൈവത്തിനു അറിഞ്ഞുകൂടാ എങ്കില്‍ നമ്മുടെ നിത്യരക്ഷയെപ്പറ്റിയും ഭാവിയില്‍ ഈ ലോകത്തിനു സംഭവിക്കുവാന്‍ പോകുന്നതിനെപ്പറ്റിയും ബൈബിളിലില്‍ എങ്ങനെ പറയുവാന്‍ കഴിയും?
ആത്യന്തീകമായി ഓപ്പണ്‍ തീയിസത്തിനു പറ്റിയ തെറ്റ് നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കാത്ത ഒരു വിഷയത്തെ, അഥവാ ദൈവത്തിന്റെ മുന്നറിവും മനുഷന്റെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തെ, അവര്‍ മനസ്സിലാക്കിത്തരുവാന്‍ ശ്രമിക്കുന്നു എന്നതാണ്. അതിരുകടന്ന കാല്വിനിസം മനുഷനെ ഒരു പാവയാക്കിമാറ്റുന്നതുപോലെ ഓപ്പണ്‍ തീയിസം ദൈവത്തിന്റെ മുന്നറിവിനും അവന്റെ സര്‍വാധികാരത്തിനും കടിഞ്ഞാണിടുന്നു. ദൈവത്തെ വിശ്വാസത്തില്‍ കൂടെ മാത്രമേ മനസ്സിലാക്കുവാന്‍ സാധിക്കയുള്ളു (എബ്രാ.11:6). ഓപ്പണ്‍ തീയിസം ദൈവവചനാടിസ്ഥാനത്തില്‍ ഉള്ളതല്ല. പരിമിതനായ മനുഷന്‍ അപരിമിതനായ ദൈവത്തെ മനസ്സിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഏര്‍പ്പെടുന്ന പാളിച്ച മാത്രമാണ് അത്. വചനം വിശ്വസിക്കുന്നവര്‍ ഈ വിശദീകരണം സ്വീകരിക്കുവാന്‍ പാടില്ലാത്തതാണ്. ദൈവത്തിന്റെ മുന്നറിവും മനുഷന്റെ സവാാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കുവാനുള്ള ശ്രമമാണ് അതെങ്കിലും അത് വേദപുസ്തക അടിസ്ഥാനത്തില്‍ ഉള്ള വിശദീകരണം അല്ല എന്നതില്‍ തെല്ലും സംശയമില്ല.
ചോദ്യം: ഭൂതകാല അടിസ്ഥാനത്തിലുള്ള വ്യാഖ്യാനമുറ അനുസരിച്ച് എന്താണ് ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്നത്?
ഉത്തരം:
പ്രെറ്ററിസം അഥവാ ഭൂതകാല വ്യാഖ്യാനമുറ അനുസരിച്ച് വെളിപ്പാടുപുസ്തകത്തില്‍ നാം വായിക്കുന്നത് ആദിമ സഭക്ക് ഏര്‍പ്പെട്ട സഭവങ്ങളെ അലങ്കാരഭാഷയില്‍ വിവരിച്ചിരിക്കുന്നതല്ലാതെ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്നതിനെപ്പറ്റിയുള്ള പരാമര്‍ശമല്ല. വെളിപ്പാടുപുസ്തകത്തിലെ മുഖ്യഭാഗവും ഭൂതകാല സംഭവങ്ങളെ വിവരിച്ചിരിക്കുകയാണ്. അതിന് പ്രവചനപരമായ പ്രാധാന്യം ഒന്നും ഇല്ല എന്നവര്‍ പറയുന്നു. അവരുടെ അഭിപ്രായം അനുസരിച്ച് എ. ഡി. 70ല്‍ യെരുശലേം നഗരം നിര്‍മ്മൂലമാക്കപ്പെട്ടപ്പോള്‍ നടന്ന സംഭവങ്ങളുടെ പരാമര്‍ശമാണ് വെളിപ്പാടു പുസ്തകത്തില്‍ കാണുന്നത്.
എന്നാല്‍ വെളിപ്പാടുപുസ്തകത്തെ മറ്റു പ്രവചന ഗ്രന്ഥങ്ങളുമായി സംയോജിപ്പിച്ച് പഠിക്കുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെ അല്ല എന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. വെളി.2-3 അദ്ധ്യായങ്ങളില്‍ കാണുന്ന ലേഖനങ്ങള്‍ ഒന്നാം നൂറ്റാണ്ടില്‍ വാസ്തവത്തില്‍ ഉണ്ടായിരുന്ന സഭകള്‍ക്ക് എഴുതപ്പെട്ടവയാണ്. അവയില്‍ ഇന്നത്തെ സഭകള്‍ക്ക് ആവശ്യമായ പ്രായോഗീക പാഠങ്ങള്‍ ഉണ്ട്. അതുപോലെ 6 മുതല്‍ 22 വരെയുള്ള അദ്ധ്യായങ്ങള്‍ ഇനിയും സംഭവിക്കുവാനുള്ള കാര്യങ്ങളെപ്പറ്റിയുള്ള പരാമര്‍ശമാണ്. വെളിപ്പാടുപുസ്തകത്തെ വെറും രൂപകഥകളായോ ആലങ്കാരികമായോ മാത്രം മനസ്സിലാക്കുവാനുള്ളതല്ല. പഴയനിയമ പ്രവചനങ്ങള്‍ എങ്ങനെ അക്ഷരീകമായി നിറവേറിയോ അതുപോലെ തന്നെ വെളിപ്പാടുപുസ്തകത്തിലെ പ്രവചനങ്ങളും നിറവേറുകതന്നെ ചെയ്യും. ക്രിസ്തു ഭൂജാതാകും എന്നു പറഞ്ഞ സമയത്തു തന്നെ അവന്‍ വന്നു (ദാനി.9:24-26). കന്യകയില്‍ പിറന്നു (യെശ. 7:14). പാപപരിഹാരിയായി മരിച്ചു (യെശ.53:5-9). നൂറുകണക്കിനു നിറവേറിയ പ്രവചനങ്ങളില്‍ ചിലതു മാത്രമാണിവ. അതുകൊണ്ട് ഇനിയും നിറവേറുവാനുള്ള പ്രവചനങ്ങള്‍ അക്ഷരീകമായിത്തന്നെ നിറവേറും എന്നതില്‍ സംശയമില്ല. അവയെ മറ്റുരീതികളില്‍ വ്യാഖ്യാനിച്ചു തള്ളേണ്ട കാര്യമില്ല.
അതുമാത്രമല്ല, പ്രെറ്ററിസം വിശ്വസിക്കുന്നവര്‍ വെളിപ്പാടുപുസ്തകം വ്യാഖ്യാനിക്കുന്നതില്‍ ഒരേ രീതിയിലുള്ള വ്യാഖ്യാനമുറ സ്വീകരിക്കുന്നില്ല എന്നത് വളരെ വ്യക്തമാണ്. 6 മുതല്‍ 18 വരെയുള്ള അദ്ധ്യായങ്ങളും 20 ആം അദ്ധ്യായവും മാത്രമേ അവര്‍ ഇത്തരത്തില്‍ വ്യാഖ്യാനിക്കറുള്ളൂ. 19 ആം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ കര്‍ത്താവു മടങ്ങി വരും എന്ന് അവര്‍ വിശ്വസിക്കുന്നു. 21, 22 അദ്ധ്യായങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നും ദൈവം പുതിയ ആകാശഭൂമികളെ സൃഷ്ടിക്കുമെന്നും അവര്‍ വിശസിക്കുന്നു. എന്തുകൊണ്ട് ചില അദ്ധ്യായങ്ങളെ മാത്രം ഭൂതകാലാസ്പദമായി വ്യാഖ്യാനിക്കുന്നു എന്നതിനു ശരിയായ ന്യായം പറയുവാന്‍ അവര്‍ക്കില്ല. വെളിപ്പാടുപുസ്തകത്തിലെ ഭാഷ മറ്റു പുസ്തകങ്ങളിലെ ഭാഷയില്‍ നിന്നു വ്യത്യസ്തമാണ് എന്നതിനു സംശയമില്ല. എന്നാല്‍ ചില ഭാഗങ്ങള്‍ ഭൂതകാലാസ്പദമായും മറ്റുള്ളവ ഭാവികാല പ്രവചനമായും വ്യാഖ്യാനിക്കുന്നതിലെ ന്യായം എന്താണ്? പ്രെറ്ററിസം വിശ്വസിക്കുന്നവര്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം ഇതാണ്. ഏകമായ ഒരു വ്യാഖ്യാനമുറ ഉപേക്ഷിച്ച് വ്യാഖ്യാനിക്കുന്ന ആളിന്റെ ഇംഗിതത്തിനു കാര്യങ്ങളെ ഏല്‍പ്പിച്ചിരിക്കയാണ് അവര്‍. എന്നാല്‍ ഈ പുസ്തകത്തെ മറ്റുള്ള ബൈബിള്‍ പ്രവചനങ്ങളുമായി ചേര്‍ത്തു പഠിക്കുമ്പോള്‍ ബൈബിള്‍ പ്രവചനങ്ങളുടെ താക്കോലാണ് വെളിപ്പാടുപുസ്തകം എന്ന് മനസ്സിലാക്കാവുന്നതാണ്. ഭാവിയില്‍ നടക്കുവാനിരിക്കുന്ന കാര്യങ്ങള്‍ ഏതു ക്രമത്തിലാണ് സംഭവിക്കുവാന്‍ പോകുന്നത് എന്ന് മനസ്സിലാക്കണമെങ്കില്‍ വെളിപ്പാടുപുസ്തകം ഭാവി പ്രവചനങ്ങളായി വ്യാഖ്യാനിച്ചെങ്കിലേ സാധിക്കയുള്ളൂ.