ചോദ്യം: യേശുക്രിസ്തു ആരാണ്‌?

ഉത്തരം:
യേശുക്രിസ്തു ആരാണ്‌? "ദൈവം ഉണ്ടോ" എന്ന് അനേകര്‍ ചോദിക്കുന്നതുപോലെ "യേശുക്രിസ്തു ജീവിച്ചിട്ടുണ്ടോ" എന്ന് സാധാരണ ആളുകള്‍ ചോദിക്കാറില്ല. ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ യേശുക്രിസ്തു ജീവിച്ചിരുന്നു എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്‌. എന്നാല്‍ വിവാദം ആരംഭിക്കുന്നത്‌ തന്റെ ആളത്വത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങുബോഴാണ്‌. യേശുക്രിസ്തു ഒരു നല്ല മതഗുരു ആയിരുന്നു, താന്‍ ഒരു പ്രവാചകന്‍ ആയിരുന്നു, ഒരു നല്ല മനുഷസ്നേഹി ആയിരുന്നു എന്നൊക്കെ മിക്കവരും സമ്മതിക്കും. എന്നാല്‍ വേദപുസ്തകം തന്നേപ്പറ്റി പറഞ്ഞിരിക്കുന്നത്‌ അതില്‍ നിന്നൊക്കെ വളരെ വിഭിന്നമായ കാര്യങ്ങളാണ്‌.

സി.എസ്സ്‌. ലൂയിസ്‌ എന്ന എഴുത്തുകാരന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: "യേശുക്രിസ്തുവിനെപ്പറ്റി സാധാരണ ആളുകള്‍ പറയാറുള്ള അബദ്ധജഡിലമായ കാര്യം ആരെങ്കിലും ഇനിയും പറയുന്നതിനെ തടയുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്‌. 'യേശുവിനെ ഒരു വലിയ ഗുരുവായി സ്വീകരിക്കുവാന്‍ ഞാന്‍ തയ്യാറാണ്‌; എന്നാല്‍ താന്‍ പറയുന്നതു പോലെ ദൈവമാണെന്ന് ഞാന്‍ സമ്മതിക്കുന്നില്ല' ഇങ്ങനെ ആരും ഒരിക്കലും പറയുവാന്‍ പാടില്ലാത്തതാണ്‌. വെറും സാധാരണ മനുഷനായിരുന്നിട്ട്‌ യേശു പറഞ്ഞ വാക്കുകള്‍ ആരെങ്കിലും പറഞ്ഞാല്‍ അയാളെ ഒരിക്കലും ഒരു ശ്രേഷ്ട ഗുരുവായി അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. അങ്ങനെയുള്ള ആള്‍ ഭ്രാന്തന്‍മാരില്‍ അഗ്രഗണ്യനോ അല്ലെങ്കില്‍ സാക്ഷാല്‍ നരകത്തിലെ പിശാചോ ആയിരിക്കുവാനേ വഴിയുള്ളൂ. നിങ്ങള്‍ തന്നെയാണ്‌ തീരുമാനിക്കേണ്ടത്‌. ഒന്നുകില്‍ താന്‍ അവകാശപ്പെട്ടതുപോലെ താന്‍ സാക്ഷാല്‍ ദൈവപുത്രനായിരുന്നു; അല്ലെങ്കില്‍ അവന്‍ ചതിയന്‍മാരില്‍ ചതിയനായിരുന്നു. ഒന്നുകില്‍ നിങ്ങള്‍ അവനെ ഒരു ഭോഷന്‍ എന്ന് കരുതി പുറം തള്ളിക്കളയാം, പിശാചെന്ന് കരുതി അവന്റെ മുഖത്ത്‌ തുപ്പാം; അല്ലെങ്കില്‍ താന്‍ പറഞ്ഞതു പോലെ താന്‍ ദൈവവും കര്‍ത്താവുമാണെന്ന് മനസ്സിലാക്കി തന്റെ പാദത്തില്‍ വീണ്‌ നമസ്കരിക്കാം. ഈ രണ്ടു തീരുമാനങ്ങളുടെ നടുവില്‍ താന്‍ നല്ല ഒരു ഗുരുവായിരുന്നു, പ്രവാചകനായിരുന്നു എന്നൊന്നും പറയുവാന്‍ അവിടെ ഇടമില്ല; താന്‍ അത്‌ അനുവദിക്കുന്നുമില്ല"

വാസ്തവത്തില്‍ യേശു ആരാണെന്നാണ്‌ താന്‍ അവകാശപ്പെട്ടത്‌? താന്‍ ആരാണെന്നാണ്‌ ബൈബിള്‍ പറയുന്നത്‌? ആദ്യമായി താന്‍ തന്നേ പറഞ്ഞ വാക്കുകളെ നമുക്കു ശ്രദ്ധിക്കാം. യോഹ.10:30 ല്‍ താന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ഞാനും പിതാവും ഒന്നായിരിക്കുന്നു". താന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ യെഹൂദന്‍മാരുടെ പ്രതികരണം നോക്കുക: "യെഹൂദന്‍മാര്‍ അവനോട്‌: ... ദൈവ ദൂഷണം നിമിത്തവും നീ മനുഷനായിരിക്കെ നിന്നേത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌ എന്നു പറഞ്ഞു" (യോഹ.10:33). തന്റെ വാക്കുകള്‍ കൊണ്ട്‌ താന്‍ ദൈവമാണെന്ന് അവകാശപ്പെടുകയാണെന്ന കാര്യം യെഹൂദന്‍മാര്‍ മനസ്സിലാക്കി. പിന്നീടുള്ള സംഭാഷണം ശ്രദ്ധിച്ചാല്‍ "ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ" എന്ന് യേശു പറയുന്നില്ലെന്നു മാത്രമല്ല താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍കുകയും ചെയ്തു. താന്‍ വാസ്തവത്തില്‍ ദൈവമാണ്‌ എന്നുതന്നെ യേശു അവകാശപ്പെട്ടു. യോഹ.8:58 ആണ്‌ വേറൊരു ഉദ്ദാഹരണം. "യേശു അവരോട്‌: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രഹാം ജനിച്ചതിനു മുബെ ഞാന്‍ ഉണ്ട്‌" ഇതു കേട്ടപ്പോള്‍ യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തു എന്ന് വായിക്കുന്നു (യോഹ.8:59). "ഞാന്‍ ആകുന്നു" എന്ന് യേശു പറഞ്ഞപ്പോള്‍, പഴയനിയമത്തിലെ ദൈവനാമം തനിക്കായി താന്‍ അവകാശപ്പെടുകയായിരുന്നു(പുറ.3:14). അതുകൊണ്ടാണ്‌ യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തത്‌.

'യോഹ. 1:1 "വചനം ദൈവമായിരുന്നു" എന്ന് പറയുന്നു. യോഹ.1:14 "വചനം ജഡമായിത്തീര്‍ന്നു" എന്നും വായിക്കുന്നു. യേശുക്രിസ്തു ജഡമായിത്തീര്‍ന്ന ദൈവമാണെന്ന് ഈ വാക്യങ്ങളില്‍ നിന്ന് നമുക്കു മനസ്സിലാക്കാം. തന്റെ ശിഷ്യനായിരുന്ന തോമസ്സ്‌ അവനോട്‌ "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന് പറഞ്ഞപ്പോള്‍ യേശു അവനെ തിരുത്തിയില്ല (യോഹ. 20:28). അപ്പൊസ്തലനായ പൌലോസ്‌ അവനെ "മഹാദൈവവും നമ്മുടെ രക്ഷകനുമായ യേശുക്രിസ്തു" എന്ന് വിശദീകരിച്ചിരിക്കുന്നു (തീത്തോ.2;13). അപ്പൊസ്തലനായ പത്രോസും അതേ കാര്യം പറഞ്ഞിരിക്കുന്നു: "... നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തു..." (2പത്രോ.1:1). പിതാവായ ദൈവം പുത്രനെ ദൈവം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു: "പുത്രനോടോ, 'ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്‌..." (എബ്രാ.1:8). ക്രിസ്തുവിനെപ്പറ്റിയുള്ള പഴയനിയമ പ്രവചനത്തില്‍ അവന്‍ ദൈവമാണെന്ന് വായിക്കുന്നു: "നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക്‌ ഒരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും; അവന്‌ അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്‌, സമാധാന പ്രഭു എന്ന് പേര്‍ വിളിക്കപ്പെടും" (യേശ.9:6)എന്ന് വായിക്കുന്നു.

അതുകൊണ്ടാണ്‌ സി.എസ്സ്‌. ലൂയിസ്സ്‌ പറഞ്ഞത്‌: യേശു ദൈവമാണെന്ന് വേദപുസ്തകം ഇത്ര തെളിവായി പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, യേശുവിനെ ഒരു നല്ല ഗുരുവായി മാത്രം കാണുവാന്‍ നമുക്ക്‌ അവകാശമില്ല. അവന്‍ ദൈവമല്ലെങ്കില്‍ താന്‍ പറഞ്ഞതെല്ലാം ഭോഷ്കാണ്‌. ഭോഷ്കു പറയുന്ന ഒരാള്‍ ഒരിക്കലും ഒരു നല്ല ഗുരുവോ പ്രവാചകനോ ആയിരിക്കുവാന്‍ തരമില്ല. യേശുവിനെ ദൈവമായി സ്വീകരിക്കുവാന്‍ മനസ്സില്ലാത്ത ഇന്നത്തെ 'ഗവേഷകന്‍മാര്‍' ചരിത്ര പുരുഷനായിരുന്ന യേശു ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നു. യേശുവിന്റെ സന്തത സഹചാരികളായിരുന്ന തന്റെ ശിഷ്യന്‍മാരേക്കാളധികം ഇന്നത്തെ 'ഗവേഷകന്‍മാര്‍'ക്ക്‌ യേശുവിനേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ എങ്ങനെ അറിയാനൊക്കും (യോഹ.14:26)?

ഈ ചോദ്യത്തിന്‌ ഇത്ര പ്രസക്തി എന്താണ്‌? യേശു വാസ്തവത്തില്‍ ദൈവമായിരുന്നുവോ എന്നത്‌ അത്ര പ്രാധാന്യം അര്‍ഹിക്കുന്ന ചോദ്യമാണോ? താന്‍ വെറുമൊരു മനുഷന്‍ മാത്രമായിരുന്നെങ്കില്‍ തന്റെ മരണം മാനവരാശിയുടെ പാപപരിഹാരത്തിന്‌ മതിയാകുമായിരുന്നില്ല (1യോഹ. 2:2). ദൈവത്തിനു മാത്രമേ അത്ര വലിയ കടം കൊടുത്തു തീര്‍ക്കുവാന്‍ കഴിയുകയുള്ളൂ (റോമ.5:8; 2കൊരി.5:21). കടം കൊടുക്കുവാന്‍ പ്രാപ്തനാകേണ്ടതിന്‌ താന്‍ ദൈവമായിരിക്കണം; മരിക്കേണ്ടതിന്‌ താന്‍ മനുഷനായിരിക്കണം. ഈ ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമാണ്‌ മാനവരാശിയുടെ രക്ഷ! യേശു ദൈവമായതിനാലാണ്‌ താന്‍ മാത്രമാണ്‌ ഏകരക്ഷാമാര്‍ഗ്ഗം എന്ന് പറയുന്നത്‌. താന്‍ ദൈവമായതിനാലാണ്‌ "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" എന്നു പറഞ്ഞത്‌ (യോഹ.14:6).



ചോദ്യം: യേശുക്രിസ്തു ദൈവമാണോ? താന്‍ ദൈവമാണെന്ന് യേശുക്രിസ്തു അവകാശപ്പെട്ടിട്ടുണ്ടോ?

ഉത്തരം:
"ഞാന്‍ ദൈവമാണ്‌" എന്ന് യേശുക്രിസ്തു പറഞ്ഞതായി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ അതിന്റെ അര്‍ത്ഥം താന്‍ ദൈവമാണെന്ന് യേശുക്രിസ്തു പ്രഖ്യാപിച്ചിട്ടില്ല എന്നല്ല. ഉദ്ദാഹരണമായി യോഹ.10:30 തന്നെ എടുക്കുക. "ഞാനും പിതാവും ഒന്നായിരിക്കുന്നു". ഒറ്റനോട്ടത്തില്‍ ഇത്‌ താന്‍ ദൈവമാണ്‌ എന്നു പറഞ്ഞതായി തോന്നുകയില്ലായിരിക്കാം. എന്നാല്‍ ഇതു താന്‍ പറഞ്ഞപ്പോള്‍ യെഹൂദന്‍മാരുടെ പ്രതികരണം എന്തായിരുന്നു എന്ന് ശ്രദ്ധിക്കുക. "നീ മനുഷനായിരിക്കെ നിന്നേത്തന്നേ ദൈവമാക്കുന്നതുകൊണ്ടത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌" (യോഹ.10:33). യേശുക്രിസ്തു താന്‍ ദൈവമാണെന്ന് പറയുകയായിരുന്നു എന്ന് യെഹൂദന്‍മാര്‍ മനസ്സിലാക്കി. തുടര്‍ന്നുള്ള സംഭാഷണം ശ്രദ്ധിച്ചാല്‍ "ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ" എന്ന് കര്‍ത്താവു പറയുന്നില്ല. അതിന്റെ അര്‍ത്ഥം വാസ്തവത്തില്‍ താന്‍ ദൈവമാണെന്ന് ആ വാചകം കൊണ്ട്‌ കര്‍ത്താവ്‌ പറയുകയായിരുന്നു. യോഹ.8:58 ശ്രദ്ധിക്കുക: "അബ്രഹാം ജനിക്കുന്നതിനു മുമ്പ്‌ ഞാന്‍ ഉണ്ട്‌" അവിടെയും യെഹൂദന്‍മാരുടെ പ്രതികരണം നോക്കുക. അവനെ കല്ലെറിയുവാന്‍ യെഹൂദന്‍മാര്‍ ഭാവിച്ചതിന്റെ കാരണം അവന്‍ തന്നെത്താന്‍ ദൈവമാക്കി എന്ന കാരണത്താലാണ്‌.

യോഹ.1:1 "വചനം ദൈവമായിരുന്നു" എന്ന്‌ വായിക്കുന്നു. യോഹ.1:14 ല്‍ "വചനം ജഡമായി നമ്മുടെ ഇടയില്‍ പാര്‍ത്തു" എന്നും വായിക്കുന്നു. ഇത്‌ വളരെ വ്യക്തമായി പറയുന്ന സത്യം യേശുക്രിസ്തു ജഡത്തില്‍ വെളിപ്പെട്ട ദൈവമായിരുന്നു എന്നാണ്‌. പ്രവ.20:28 "... താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ച ദൈവത്തിന്റെ സഭയെ മേയ്പാന്‍..." ആരാണ്‌ സഭയെ സ്വന്തരക്തത്താല്‍ സമ്പാദിച്ചത്‌? യേശുക്രിസ്തു. പ്രവ.20:28 പറയുന്നത്‌ ദൈവം സ്വന്ത രക്തത്താല്‍ സമ്പാദിച്ചു എന്നാണ്‌. അതുകൊണ്ട്‌ യേശുക്രിസ്തു ദൈവമായിരുന്നു എന്ന്‌ ഈ വേദഭാഗവും പറയുന്നു!

യേശുവിന്റെ ശിഷ്യനായിരുന്ന തോമസ്‌ യേശുവിനെ നോക്കി "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന്‌ വിളിച്ചു (യോഹ.20:28). യേശു അവനെ തിരുത്തിയില്ല. തീത്തോ.2:13 ല്‍ നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ വരവിനായി കാത്തിരിക്കുവാന്‍ പറഞ്ഞിരിക്കുന്നു (2പത്രോ.1:1ഉം കാണുക). എബ്രാ.1:8 ല്‍ പിതാവായ ദൈവം പുത്രനെ നോക്കി, "ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്‌; നിന്റെ രാജത്വത്തിന്റെ ചെങ്കോല്‍ നീതിയുള്ള ചെങ്കോല്‍" എന്ന്‌ വായിക്കുന്നു.

വെളിപ്പാടു പുസ്തകത്തില്‍ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന്‌ ദൂതന്‍ അപ്പൊസ്തലനോടു പറയുന്നു (വെളി.19:10). എന്നാല്‍ പല പ്രാവശ്യം യേശു ആരാധന സ്വീകരിച്ചതായി വേദപുസ്തകം പറയുന്നു (മത്താ.2:11; 14:33; 28:9,17; ലൂക്കോ.24:52; യോഹ.9:38). തന്നേ ആരാധിച്ചവരെ താന്‍ ഒരിക്കലും വിലക്കിയില്ല. യേശു ദൈവമല്ലായിരുന്നെങ്കില്‍ തന്നേ ആരാധിച്ചവരോട്‌ വെളിപ്പാടു പുസ്തകത്തില്‍ ദൂതന്‍ പറഞ്ഞതുപോലെ ഒരിക്കലും അങ്ങനെ ചെയ്യരുത്‌ എന്നു പറഞ്ഞിരുന്നിരിക്കും. വേദപുസ്തകത്തിലെ മറ്റനേക വാക്യങ്ങള്‍ യേശുക്രിസ്തുവിന്റെ ദൈവത്വത്തെ തെളിയിക്കുന്നുണ്ട്‌.

യേശുക്രിസ്തു ദൈവമായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ്‌ തന്റെ മരണം സകല ലോകത്തിന്റെ പാപത്തിനും പരിഹാരമായി എന്നതിനാലാണ്‌ (1യോഹ.2:2). ദൈവത്തിനു മാത്രമേ അത്ര വലിയ കടം കൊടുത്തു തീര്‍ക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. ദൈവത്തിനു മാത്രമേ ലോകത്തിന്റെ പാപം ചുമക്കുവാന്‍ സാധിക്കയുള്ളൂ (2കൊരി.5:21) മരണത്തിന്‍മേലും പാപത്തിന്‍മേലും അധികാരവും ദൈവത്തിനു മാത്രമേ ഉള്ളൂ. തന്റെ പുനരുദ്ധാനം താന്‍ ദൈവമാണെന്ന്‌ തെളിയിക്കുന്നു.



ചോദ്യം: ക്രിസ്തുവിന്റെ ദൈവത്വം വേദാധിഷ്ടിതമാണോ?

ഉത്തരം:
ക്രിസ്തു ദൈവമാണെന്ന് താന്‍ പറഞ്ഞതു മാത്രമല്ലാതെ, താന്‍ ദൈവമായിരുന്നു എന്ന് തന്റെ ശിഷ്യന്‍മാരും വിശ്വസിച്ചിരുന്നു. പാപങ്ങളെ ക്ഷമിക്കുവാന്‍ ക്രിസ്തുവിന്‌ അധികാരം ഉണ്ടായിരുന്നു എന്ന് തന്റെ ശിഷ്യന്‍മാര്‍ വിശ്വസിച്ചിരുന്നു. പാപങ്ങളെ ക്ഷമിക്കുവാന്‍ ദൈവത്തിനു മാത്രമാണല്ലോ അധികാരമുള്ളത്‌; കാരണം എല്ലാ പാപങ്ങളും ദൈവത്തിനെതിരായുള്ളതാണല്ലോ (പ്രവ.5:31; കൊലോ.3:13; cf.സങ്കീ.130:4; യെരെ.31:34).

ഇതിനോടനുബന്ധിച്ച്‌ വേറൊരു കാര്യം ശ്രദ്ധേയമാണ്‌; "ജീവനുള്ളവരേയും മരിച്ചവരേയും" ന്യായം വിധിക്കുന്നത്‌ ക്രിസ്തുവാണെന്ന് പറഞ്ഞിട്ടുണ്ട്‌ (2തിമോ.4:1). തന്റെ ശിഷ്യനായ തോമസ്സ്‌ "എന്റെ കര്‍ത്താവും എന്റെ ദൈവവുമായുള്ളോവേ" എന്ന് തന്നോടു പറഞ്ഞു (യോഹ.20:28). അപ്പൊസ്തലനായ പൌലോസ്‌ കര്‍ത്താവിനെ "മഹാദൈവവും നമ്മുടെ രക്ഷിതാവും" എന്ന് വിളിച്ചിരിക്കുന്നു (തീത്തോ.2:13). ഈ ഭൂമിയില്‍ മനുഷനായി വരുന്നതിനു മുമ്പ്‌ താന്‍ "ദൈവരൂപത്തില്‍" സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരുന്നു എന്ന് ഫിലി.2:5-8 വരെ വായിക്കുന്നു. എബ്രായ ലേഖന എഴുത്തുകാരന്‍ യേശുക്രിസ്തുവിനേക്കുറിച്ച്‌, "ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്‌" എന്നു പറഞ്ഞിരിക്കുന്നു (എബ്രാ.1:8).

യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ "ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു" എന്ന് പറഞ്ഞിരിക്കുന്നു (യോഹ.1:1). ക്രിസ്തുവിന്റെ ദൈവത്വത്തെപ്പറ്റി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങള്‍ അനവധിയാണ്‌ (വെളി.1:17; 2:8; 22:13; 1കൊരി.10:4; 1പത്രോ.2:6-8;cf.സങ്കീ.18:2; 95:1; 1പത്രോ.5:4; എബ്രാ.13:20). ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രം ഉണ്ടായിരുന്നാല്‍ കൂടെ തന്റെ ശിഷ്യന്‍മാര്‍ ക്രിസ്തുവിന്റെ ദൈവത്വം വ്യക്തമായി മനസ്സിലാക്കിയിരുന്നു എന്ന് നമുക്കറിയുവാന്‍ കഴിയും.

പഴയനിയമത്തില്‍ യഹോവയായ ദൈവത്തിനു മാത്രം കൊടുക്കപ്പെട്ടിരുന്ന പേരുകള്‍ യേശുകര്‍ത്താവിന്‌ കൊടുക്കപ്പെട്ടിരിക്കുന്നു. പഴയനിയമത്തിലെ "വീണ്ടെടുപ്പുകാരന്‍" എന്ന പദവി (സങ്കീ.130:7; ഹോശ.13:14) പുതിയ നിയമത്തില്‍ യേശുവിന്‌ കൊടുക്കപ്പെട്ടിരിക്കുന്നു (തീത്തോ.2:13; വെളി.5:9). യേശുവിനെ മത്തായി ഒന്നില്‍ "ദൈവം നമ്മോടുകൂടെ" എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് വിളിച്ചിരിക്കുന്നു. സഖ.12:10 ല്‍ "തങ്ങള്‍ കുത്തിയിട്ടുള്ള എങ്കലേക്ക്‌ അവര്‍ നോക്കും" എന്ന് യഹോവയായ ദൈവമാണ്‌ പറയുന്നത്‌. അത്‌ ക്രിസ്തുവിന്റെ ക്രൂശീകരണത്തെപ്പറ്റി ആയിരുന്നു എന്ന് പുതിയ നിയമം പറയുന്നു (യോഹ.19:37; വെളി.1:7). യഹോവയായ ദൈവമാണ്‌ കുത്തപ്പെട്ടതെന്ന് പഴയനിയമം പറഞ്ഞിരിക്കെ, വാസ്തവത്തില്‍ യേശുവാണ്‌ കുത്തപ്പെട്ടതെങ്കില്‍, യേശുവാണ്‌ യഹോവ എന്ന് മനസ്സിലാക്കാവുന്നതാണ്‌.

യെശ.45:22-23 വാസ്തവത്തില്‍ യേശുവിനേക്കുറിച്ചാണ്‌ പറഞ്ഞിരിക്കുന്നതെന്ന് ഫിലി.2:10-11 ല്‍ അപ്പൊസ്തലനായ പൌലോസ്‌ പറഞ്ഞിരിക്കുന്നു. മാത്രമല്ല, ആശിര്‍വാദ പ്രാര്‍ത്ഥനയില്‍ യേശുക്രിസ്തുവിന്റെ പേര്‌ പിതാവായ ദൈവത്തിനൊപ്പം പറഞ്ഞിരിക്കുന്നു (ഗലാ.1:3; എഫെ.1:2). സ്നാനത്തിനുള്ള കല്‍പനയിലും പിതാവിന്റെ പേരിനൊപ്പം പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും പേരുകള്‍ ഏകവചനമായ 'നാമ'ത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു (മത്താ.28:19; 2കൊരി.13:14). യേശുക്രിസ്തു ദൈവമല്ലായിരുന്നെങ്കില്‍ ഇവയെല്ലാം ദൈവദൂഷണമായിരിക്കും.

ദൈവത്തിനു മാത്രം ചെയ്യാവുന്ന കാര്യങ്ങള്‍ യേശു ചെയ്തതായി പറയപ്പെട്ടിരിക്കുന്നു. യേശു മരണത്തില്‍ നിന്ന് ചിലരെ എഴുന്നേല്‍പിച്ചതല്ലാതെ (യോഹ.5:21; 11:38-44), താന്‍ പാപങ്ങള്‍ ക്ഷമിച്ചതായും പറയുന്നു (പ്രവ്‌.5:31; 13:38). യേശുക്രിസ്തുവിനെ സൃഷ്ടിതാവായും സൃഷ്ടിയെ നിലനിര്‍ത്തുന്നവനായും ചിത്രീകരിച്ചിരിക്കുന്നു (യോഹ.1:2; കൊലോ.1:16,17). യെശ.44:24 ല്‍ സൃഷ്ടിയുടെ സമയത്ത്‌ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് യഹോവയായ ദൈവം പറഞ്ഞിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത്‌ വളരെ ശ്രദ്ധേയമാണ്‌. ഇതിനെല്ലാമപ്പുറത്ത്‌, ദൈവത്തിനു മാത്രമുള്ള ഗുണവിശേഷങ്ങല്‍ ക്രിസ്തുവിനുണ്ടായിരുന്നു എന്ന് പറയപ്പെട്ടിരിക്കുന്നു: നിത്യത (യോഹ.5:58), സര്‍വവ്യാപിയായിരിക്കുക (മത്താ.18:20; 28:20), സര്‍വജ്ഞാനിയായിരിക്കുക (മത്താ.16:21), സര്‍വശക്തനായിരിക്കുക (യോഹ.11:38-44).

ഒരു പക്ഷേ താന്‍ ദൈവമാണെന്ന് അവകാശപ്പെട്ട്‌ പലരേയും കബളിപ്പിക്കുവാന്‍ ചിലര്‍ക്ക്‌ സാധിച്ചു എന്നു വരാവുന്നതാണ്‌. എന്നാല്‍ താന്‍ ദൈവമാണ്‌ എന്നതിനു തെളിവുകള്‍ നിരത്തുക അത്ര എളുപ്പമല്ല. യേശുകര്‍ത്താവ്‌ താന്‍ ദൈവമാണെന്ന് തെളിയിക്കുവാന്‍ പല അത്ഭുതങ്ങളും ചെയ്തതല്ലാതെ മറ്റാര്‍ക്കും സാധിച്ചിട്ടില്ലാത്തവിധം താന്‍ മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.

താന്‍ ചെയ്ത അത്ഭുതങ്ങളില്‍ ചിലത്‌ ഇവിടെ കുറിക്കുന്നു. വെള്ളം വീഞ്ഞാക്കി (യോഹ.2:7), വെള്ളത്തിന്‍മേല്‍ നടന്നു (മത്താ.14:25), അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ പോഷിപ്പിച്ചു (യോഹ.6:11), കുരുടനു കാഴ്ച കൊടുത്തു (യോഹ.9:7), മുടന്തനെ നടക്കുമാറാക്കി (മര്‍ക്കോ.2:3), മറ്റനേക രോഗികളെ സൌഖ്യമാക്കി (മത്താ.9:35; മര്‍ക്കോ.1:40-42), മരിച്ചവരെ ഉയിര്‍പ്പിച്ചു (യോഹ.11:43-44; ലൂക്കോ.7:11-15; മര്‍ക്കോ.5:35). ഇതിനെല്ലാമുപരി താന്‍ മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍കുകയും ചെയ്തു. മറ്റു മതങ്ങളിലെപ്പോലെ വര്‍ഷത്തിലൊരിക്കല്‍ മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന ദൈവങ്ങളുടെ പുരാണകഥകളെപ്പോലെയല്ലാതെ യേശുക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങള്‍ ചരിത്ര സംഭവങ്ങളായിരുന്നു. ഡോക്ടര്‍ ഹാബെര്‍മാസ്‌ പറയുന്നതുപോലെ ക്രിസ്തുവിന്റെ ജീവിതത്തിലെ പന്ത്രണ്ടു സംഭവങ്ങളെങ്കിലും അക്രൈസ്തവരായ ഗവേഷകരും കൃത്തിപ്പുകാരും സമ്മതിക്കുന്നവയാണ്‌.

1. യേശു ക്രൂശിലാണ്‌ മരിച്ചത്‌
2. അവര്‍ അവന്റെ ശരീരം ഒരു കല്ലറയില്‍ അടക്കി
3. യേശുവിന്റെ മരണത്തിനാല്‍ തന്റെ ശിഷ്യന്‍മാര്‍ ഭയചകിതരായി
4. ചില ദിവസങ്ങള്‍ക്കു ശേഷം കല്ലറ കാലിയായതായി കാണപ്പെട്ടു (അവകാശപ്പെട്ടു)
5. തന്റെ ശിഷ്യന്‍മാര്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ പല പ്രാവശ്യം ദര്‍ശിച്ചതായി അവകാശപ്പെട്ടു
6. അതിനു ശേഷം ശിഷ്യന്‍മാര്‍ ധൈര്യശാലികളായിമാറി ഇതേക്കുറിച്ചു സാക്ഷിച്ചു
7. ഈ സന്ദേശം ആദ്യസഭയുടെ പ്രസംഗത്തിന്റെ കേന്ദ്രവിഷയമായി മാറി
8. ഈ സന്ദേശം യെരൂശലേമിലും പ്രസംഗിക്കപ്പെട്ടു
9. അതിന്റെ ഫലമായി ക്രിസ്തീയ സഭ സ്ഥാപിക്കപ്പെട്ട്‌ അതു വളര്‍ന്നു.
10. ശനിയാഴ്ചക്കു പകരം ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ദിവസമായ ഞായറാഴ്ച ആരാധനാ ദിവസമായി മാറി
11. യേശുവിന്റെ സഹോദരനും അവിശ്വാസിയുമായിരുന്ന യാക്കോബ്‌ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദര്‍ശിച്ചതിനു ശേഷം വിശ്വാസിയായി മാറി
12. ക്രിസ്തയ‍നികളുടെ ഭീകര ശത്രുവായിരുന്ന ശൌല്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദര്‍ശിച്ചതിനാല്‍ വിശ്വാസിയായി മാറി

ഒരു പക്ഷേ ആരെങ്കിലും ഈ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ സമ്മതിക്കാതിരുന്നാല്‍ പോലും, സുവിശേഷം വിശ്വസനീയമാണ്‌ എന്നത്‌ തെളിയിക്കുവാന്‍ ഇതിലെ മൂന്നോ നാലോ കാര്യങ്ങള്‍ മതിയാകുന്നതാണ്‌; ക്രിസ്തുവിന്റെ മരണം, അടക്കം, ഉയിര്‍ത്തെഴുന്നേല്‍പ്‌, ദര്‍ശനങ്ങള്‍ (1കൊരി.15:1-5). മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ ഏതെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങള്‍ മറ്റേതെങ്കിലും രീതിയില്‍ വിശദീകരിക്കുവാന്‍ കഴിയുമെങ്കിലും, മുകളില്‍ പറഞ്ഞിരിക്കുന്നതിനെല്ലാം ശരിയായ വിശദീകരണം ലഭിക്കണമെങ്കില്‍ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന സത്യം അംഗീകരിച്ചേ മതിയാകയുള്ളൂ. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ശിഷ്യന്‍മാര്‍ ദര്‍ശിച്ചിരുന്നു എന്ന് ക്രിത്തിപ്പുകാര്‍ സമ്മതിക്കുന്നുണ്ട്‌. അത്‌ ശിഷ്യന്‍മാരുടെ വെറും മിഥ്യാബോധം ആയിരുന്നു എന്നാണ്‌ ക്രിത്തിപ്പുകാര്‍ പറയുന്നത്‌. എന്നാല്‍ വെറും മിഥ്യാബോധവും മാനസീക വിഭ്രാന്തിയും ഒരാളേയും ധൈര്യശാലി ആയി മാറ്റുകയില്ലല്ലോ. കള്ളം പറഞ്ഞ്‌ അവര്‍കെന്താണ്‌ ലാഭം? അവര്‍ അതിനു വേണ്ടി ഉപദ്രവം സഹിക്കേണ്ടി വന്നു എന്ന് മറക്കുവാന്‍ പാടില്ല. അവസാനമായി അവര്‍ ഏവരും രക്തസാക്ഷികളായി മാറി. അവര്‍ തന്നെ നെയ്തെടുത്ത ഭോഷ്കിനു വേണ്ടി ആരാണ്‌ ജീവനൊടുക്കുക? യേശുക്രിസ്തു ഉയിര്‍ത്തെഴുന്നാറ്റു എന്ന് ശിഷ്യന്‍മാര്‍ വാസ്തവത്തില്‍ വിശ്വസിച്ചിരുന്നു എന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. സത്യമാണെന്നു കരുതി പലരും ഭോഷ്കിനു വേണ്ടി മരിക്കാറുണ്ട്‌. എന്നാല്‍ ആരും ഒരു ഭോഷ്കിനുവേണ്ടി ജീവനൊടുക്കുവാന്‍ തയ്യാറാകുകയില്ലല്ലോ.

ക്രിസ്തു താന്‍ ദൈവമാണെന്ന് പറയുക മാത്രമല്ല, താന്‍ ദൈവമാണെന്ന് തന്റെ ജീവിതത്തില്‍ കൂടെ തെളിയിക്കുകയും ചെയ്തു. തന്റെ ആദ്യശിഷ്യന്‍മാര്‍ ഏവരും കറപുരളാത്ത യെഹൂദന്‍മാരായിുന്നു. ദൈവം ഏകന്‍ എന്നതില്‍ കടുകളവ്‌ വ്യതിയാനം വരുത്തുവാന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നില്ല. എങ്കിലും ക്രിസ്തുവിന്റെ ദൈവത്വത്തെ മറുക്കുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല എന്ന ഒരേ കാരണത്താല്‍ തന്റെ ദൈവത്വത്തെ അവര്‍ അംഗീകരിച്ചു. തന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ താന്‍ ദൈവമായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌. അതിനെ മറുക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.



ചോദ്യം: വാസ്തവത്തില്‍ യേശു ചരിത്ര പുരുഷന്‍ ആയിരുന്നുവോ? യേശു ജീവിച്ചിരുന്നു എന്നതിന്‌ ചരിത്രപരമായ തെളിവുകള്‍ ഉണ്ടോ?

ഉത്തരം:
സാധാരണ ഈ ചോദ്യം ചോദിക്കുന്ന ആള്‍ ഉദ്ദേശിക്കുന്നത്‌ വേദപുസ്തകത്തിനു വെളിയില്‍ ക്രിസ്തുവിനെക്കുറിച്ച്‌ രേഖകള്‍ ഉണ്ടോ എന്നാണ്‌. എന്നാല്‍ വേദപുസ്തകത്തിലെ രേഖകള്‍ മതിയായ തെളിവല്ല എന്നു സമ്മതിക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല. പുതിയ നിയമത്തില്‍ ക്രിസ്തുവിനെപ്പറ്റി നൂറുകണക്കിന്‌ കുറിപ്പുകള്‍ കാണാവുന്നതാണ്‌. പൌലൊസ്‌ റോമാകാരാഗൃഹത്തില്‍ ആയിരിക്കുമ്പോഴാണ്‌ തന്റെ സഹപ്രവര്‍ത്തകനും വൈദ്യനുമായിരുന്ന ലൂക്കോസ്‌ "അപ്പൊസ്തല പ്രവര്‍ത്തികള്‍" എന്ന വേദപുസ്തകത്തിലെ പുസ്തകം എഴുതിയത്‌. അതിനു മുമ്പ്‌ ലൂക്കോസ്‌ തന്റെ സുവിശേഷം എഴുതിയിരുന്നല്ലോ. പൌലൊസിനെ കൊല ചെയ്ത നീറോ ചക്രവര്‍ത്തി എഡി. 68 ജൂണ്‍ 9 നു തന്റെ സ്വന്തം ജീവിതം അവസാനിപ്പിച്ചിരുന്നതായി നമുക്കറിയാമല്ലോ. അങ്ങനെയെങ്കില്‍ ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങള്‍ക്ക്‌ കേവലം മുപ്പതോ മുപ്പത്തിരണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ലൂക്കോസ്‌ തന്റെ സുവിശേഷം എഴുതിക്കഴിഞ്ഞിരുന്നു. അതിനു മുമ്പു തന്നെ മര്‍ക്കോസ്‌ തന്റെ സുവിശേഷം എഴുതിയിരുന്നു എന്ന്‌ വേദപഠിതാക്കള്‍ ഒന്നടങ്കം സമ്മതിക്കുന്നു. ഇതേ കാലഘട്ടത്തിനുള്ളില്‍ പൌലൊസിന്റെ ലേഖനങ്ങളെല്ലാം എഴുതിക്കഴിഞ്ഞിരുന്നല്ലോ. അക്കാലത്തു നിന്നു നമുക്കു ലഭിച്ചിട്ടുള്ള ഇത്തരം കയ്യെഴുത്തു പ്രതികള്‍ ക്രിസ്തു ജീവിച്ചിരുന്നു എന്ന്‌ ശക്തിയായി സമര്‍ത്ഥിക്കുന്നവയാണ്‌.

എഡി.70 ല്‍ റോമാപ്പട്ടാളം യെരുശലേം കീഴടക്കി ആ പട്ടണം മുഴുവന്‍ ചുട്ടെരിച്ചു കളഞ്ഞതായി നമുക്കറിയാമല്ലോ. അന്ന്‌ ഉണ്ടായിരുന്ന തെളിവുകളെല്ലാം നശിച്ചു പോയതില്‍ അതിശയിക്കാനൊന്നുമില്ല. ദൃകഃസാക്ഷികളില്‍ പലര്‍ അന്നു കൊല്ലപ്പെട്ടിരിക്കാം. അവിടെ നിന്നു ലഭിക്കാമായിരുന്ന തെളിവുകള്‍ കുറവായിരിക്കുന്നതു ഈ കാരണം കൊണ്ടു തന്നെ ആണ്‌.

എങ്കിലും റോമാസാമ്പ്രാജ്യത്തിന്റെ അപ്രധാനമായ ഒരു കോണിലാണ്‌ ക്രിസ്തു ജീവിച്ചിരുന്നതെന്ന്‌ മനസ്സിലാക്കിയാല്‍, റോമാ ചരിത്രകാരില്‍ നിന്ന്‌ നമുക്കു ലഭിച്ചിട്ടുള്ള രേഖകള്‍ വളരെ പ്രധാനവും പ്രസക്തിയും ഉള്ളവയാണ്‌. അവയില്‍ ചിലത്‌ താഴെ കുറിക്കുന്നു.

പ്രാചീനകാലത്തെ ചരിത്രകാരന്‍മാരില്‍ അഗ്രഗണ്യന്‍ എന്നു വിശേഷിപ്പിക്കാവുന്ന റോമാക്കാരനായ ടാസിറ്റസ്‌, അന്ധവിശ്വാസികളായ ക്രിസ്ത്യാനികള്‍ എന്ന ഒരുകൂട്ടം ജനങ്ങള്‍ തിബെരിയോസിന്റെ ഭരണകാലത്ത്‌ പൊന്തിയോസ്‌ പിലാത്തോസിന്റെ കീഴില്‍ വധിക്കപ്പെട്ട "ക്രിസ്റ്റസ്‌" എന്ന ആളിനറെി പിന്‍്ഗാമികളാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ചക്രവര്‍ത്തിയായിരുന്ന ഹാര്‍ദിയന്റെ പ്രധാന സൂത്രധാരകനായിരുന്ന സുയെടൊണിയസ്‌, ക്രെസ്റ്റസ്‌ (ക്രിസ്തു) എന്ന് തന്നത്താന്‍ വിശേഷിപ്പിച്ചിരുന്ന ഒരാള്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന്‌ എഴുതിയിട്ടുണ്ട്‌ (annals 15.44).

യെഹൂദ ചരിത്രകാരന്‍മാരില്‍ ഏറ്റവും പ്രധാനി ഫ്ലാവിയോസ്‌ ജൊസീഫസ്‌ ആയിരുന്നു. തന്റെ "Antiquities" എന്ന യെഹൂദ ചരിത്രത്തില്‍ യാക്കോബിനേപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, യാക്കോബ്‌ "ക്രിസ്തു എന്ന്‌ വിളിക്കപ്പെട്ടിരുന്ന യേശുവിന്റ്‌ സഹോദരന്‍" എന്നാണ്‌ എഴുതിയിരിക്കുന്നത്‌. ആ പുസ്തകത്തിലെ 18 ന്റെ മൂന്നാം വക്യം വിവാദകരമാണ്‌. അതിപ്രകാരമാണ്‌. "ഇക്കാലത്ത്‌, മനുഷന്‍ എന്നവനെ വിശേഷിപ്പിക്കുന്നത്‌ ന്യായമെങ്കില്‍, യേശു എന്ന ബുദ്ധിമാനായ ഒരു മനുഷന്‍ ജീവിച്ചിരുന്നു. അവന്‍ അത്ഭുതങ്ങള്‍ ചെയ്തിരുന്നു... താന്‍ ക്രിസ്തുവായിരുന്നു... പ്രവാചകന്‍മാര്‍ പറഞ്ഞിരുന്നതുപോലെ അവന്‍ മരണശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ പലര്‍ക്കും പ്രത്യക്ഷപ്പെട്ടു; അവനെപ്പറ്റി മറ്റു പതിനായിരം അത്ഭുതങ്ങള്‍ വേറേയും പറയാനുണ്ട്‌". ഇതേ വാക്യത്തിന്റെ വേറൊരു ഭാഷ്യം ഇപ്രകാരമാണ്‌. "അക്കാലത്ത്‌ യേശു എന്ന ഒരു ബുദ്ധിമാന്‍ ജീവിച്ചിരുന്നു. അവന്‍ സല്‍്സ്വഭാവിയും അവന്റെ പെരുമാറ്റങ്ങള്‍ നല്ലതുമായിരുന്നു. യെഹൂദന്‍മാരില്‍ നിന്നും മറ്റു ജാതികളില്‍ നിന്നും അനേകര്‍ അവന്റെ ശിഷ്യന്‍മാരായിത്തീര്‍ന്നു. പിലാത്തോസ്‌ അവനെ ക്രൂശിക്കുവാന്‍ വിധിച്ചു. എന്നാല്‍ അവന്റെ ശിഷ്യന്‍മാര്‍ പിന്‍മാറിയില്ല. മരിച്ച്‌ അടക്കപ്പെട്ട ശേഷാ മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ താന്‍ ജീവിക്കുന്നു എന്ന്‌ അവരില്‍ അനേകര്‍ക്ക്‌ പ്രത്യക്ഷനായി കാണിച്ചു എന്നവര്‍ പറഞ്ഞു; ഒരു പക്ഷെ പ്രവാചന്‍മാര്‍ അത്ഭുതമായി പ്രവചിച്ചിരുന്ന മശിഹാ ഇവന്‍ തന്നെ ആയിരികകാംന"

ജൂലിയസ്‌ ആഫ്രിക്കാനസ്‌ എന്ന ആള്‍ ക്രിസ്തുവിന്റെ ക്രൂശീകരണശേഷം ഉണ്ടായ കൂരിരുട്ടിനെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ത്ഥാല്ലസ്സ്‌ എന്ന ചരിത്രകാരനെ ഉദ്ദരിച്ചിരിക്കുന്നു (Extant Writings, 18).

പ്ലിനി ദി യങ്ങര്‍ തന്റെ Letters 10:96 ല്‍ ആദിമ നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പറ്റി പറയുമ്പോള്‍ അവരുടെ ആരാധന രീതിയെപ്പറ്റിയും, അവര്‍ യേശുവിനെ ദൈവമായി ആരാധിച്ചിരുന്നതായും, അവര്‍ സന്‍മാര്‍ഗ്ഗീയര്‍ ആയിരുന്നു എന്നും അവരുടെ ഇടയിലെ സ്നേഹവിരുന്നിനെപ്പറ്റിയും തിരുവത്താഴത്തെപ്പറ്റിയും എഴുതിയിട്ടുണ്ട്‌.

യെഹൂദന്‍മാരുടെ The Babylonian Talmud (Sanhedrin43a) ല്‍ യേശു ആഭിചാരം കൊണ്ട്‌ യെഹൂദന്‍മാരെ അവരുടെ മതവിശ്വാസത്തില്‍ നിന്ന് പിന്തിരിക്കുവാന്‍ ശ്രമിച്ച കുറ്റത്തിന്‌ അവനെ പെസഹാ പെരുനാളിനോടനുബന്ധിച്ച്‌ ക്രൂശില്‍ തറച്ചു കൊന്ന കാര്യം സ്ഥിരീകരിച്ചിക്കുന്നു.

രണ്ടാം നൂറ്റാണ്ടില്‍ ഗ്രീസില്‍ എഴുത്തുകാരനായിരുന്ന സമോസറ്റായിലെ ലൂസിയാന്‍, പുതിയ ഉപദേശങ്ങള്‍ പഠിപ്പിക്കയും തങ്ങള്‍്ക്കുവേണ്ടി മരിക്കയും ചെയ്തിരുന്ന യേശുവിനെ ദൈവമായി ക്രിസ്ത്യാനികള്‍ ആരാധിച്ചിരുന്നു എന്നു പറഞ്ഞിട്ടുണ്ട്‌. യേശുവിന്റെ ഉപദേശങ്ങളില്‍ വിശ്വാസികളുടെ സഹോദരത്വവും, മാനസാന്തരത്തിന്റെ പരാങധാന്യവും, അന്യദൈവങ്ങളെ ഉപേക്ഷിക്കേണ്ട ആവശ്യവും അടങ്ങിയിട്ടുണ്ട്‌ എന്നും പറയുന്നുണ്ട്‌. ക്രിസ്ത്യാനികള്‍ യേശുവിന്റെ ഉപദേശങ്ങളെ പിന്‍പറ്റി മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കയും, മരണത്തെ എളിതായി വീക്ഷിക്കയും, ഭൌതീക കാര്യങ്ങളില്‍ വിരക്തി കാണിച്ച്‌ ഭക്തിയായി ജീവിക്കയും ചെയ്തിരുന്നു എന്നും പറഞ്ഞിട്ടുണ്ട്‌.

ഇവകള്‍ അല്ലാതെ gnostic ചിന്താഗതിയുള്ളവര്‍ എഴുതിയ അനേക ഗ്രന്ഥങ്ങളില്‍ യേശുവിനെക്കുറിച്ച്‌ വളരെയേറെ പരാമര്‍ശങ്ങള്‍ ഉണ്ട്‌. ആ പുസ്തകങ്ങളില്‍ ചിലവ The Gospel of Truth, The Apocryphon of John, The Gospel of Thomas, The Treatise on Resurrection ആദിയായവ ആണ്‌. അവരും യേശു എന്ന വ്യക്തിയെ അറിഞ്ഞിരുന്നു. അവനെ മനസ്സിലാക്കിയ വിധത്തില്‍ മാത്രമാണ്‌ അവര്‍ വ്യത്യസ്തരായിരിക്കുന്നത്‌.

ബൈബിളിനു വെളിയില്‍ നിന്ന് താഴെപ്പറയുന്ന കാര്യങ്ങള്‍ യേശുവിനെക്കുറിച്ച്‌ മനസ്സിലാക്കാവുന്നതാണ്‌. യേശുവിനെ ക്രിസ്തു എന്ന് വിളിച്ചിരുന്നു (Josephus), "ആഭിചാരം" ചെയ്ത്‌ യെഹൂദരില്‍ ചിലരെ പുതിയ ഉപദേശങ്ങള്‍ പഠിപ്പിച്ചതിന്റെ ശിക്ഷയായി പെസഹായോടനുബന്ധിച്ചു കൊല ചെയ്യപ്പെട്ടു (Babylonian Talmud). ഇത്‌ യെഹൂദ്യയില്‍ സംഭവിച്ചു (Tacitus), ദൈവമെന്ന് അവകാശപ്പെട്ടു, തിരികെ വരുമെന്നു പറഞ്ഞു (Eliezer), അവന്റെ ശിഷ്യന്‍മാര്‍ അതു വിശ്വസിച്ചു അവനെ ദൈവമായി ആരാധിച്ചു (Pliny the Younger).



ചോദ്യം: യേശുക്രിസ്തു ഉയിര്‍ത്തെഴുനനേസറ്റു എന്നു പറയുന്നത്‌ സത്യമാണോ?

ഉത്തരം:
യേശുക്രിസ്തു മരിച്ചവരില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്‌ മറുക്കാനാവാത്ത തെളിവുകള്‍ വേദപുസ്തകം തരുന്നുണ്ട്‌. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതായി മത്ത.28:1-20; മര്‍ക്കോ.16:1-20; ലൂക്കോ.24:1-53; യോഹ.20:1-21:25 എന്നീ വേദഭാഗങ്ങള്‍ പറയുന്നു. അപ്പോ.1:1-11 വരെയുള്ള വാക്യങ്ങളിലും ഇതു പറഞ്ഞിട്ടുണ്ട്‌. ഈ വേദഭാഗങ്ങളില്‍ നിന്ന്‌ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്‌ അനേക തെളിവുകള്‍ നമുക്ക്‌ ലഭ്യമാണ്‌.

ഇതില്‍ അതിപ്രധാനമായത്‌ തന്റെ ശിഷ്യന്‍മാരില്‍ വന്ന നാടകീയമായ വ്യത്യാസമാണ്‌. പേടിച്ചരണ്ട്‌ ഒളിവില്‍ പോയിരുന്ന ശിഷ്യന്‍മാര്‍ ധൈര്യശാലികളായി മാറി ലോകം ആസകലം സുവിശേഷത്തിന്റെ സാക്ഷികളായിത്തീര്‍ന്നു. അവര്‍ക്കുണ്ടായ ഈ മാറ്റത്തിനു കാരണം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു അവര്‍ക്ക്‌ വെളിപ്പെട്ടതല്ലാതെ മറ്റെന്താണ്‌?

രണ്ടാമത്തെ തെളിവ്‌ അപപൊ‌സ്തലനായ പൌലൊസിന്റെ ജീവിതമാണ്‌. സഭയെ പീഡിപ്പിച്ചിരുന്ന ശൌല്‍ എന്ന പരീശന്‍ ക്രിസ്തുവിന്റെ അപ്പൊസ്തലനായി മാറിയത്‌ എങ്ങനെയാണ്‌? ദമസ്കോസിന്റെ പടിയ്ക്കല്‍ വച്ച്‌ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു അവനു പ്രത്യക്ഷനായി എന്നതാണ്‌ കാരണം എന്ന്‌ താന്‍ തന്നെ പറയുന്നു (അപ്പൊ.26:-18).

മൂന്നാമത്തെ അസന്നിഗ്ദമായ തെളിവ്‌ കാലിയായി ഇന്നും അവശേഷിക്കുന്ന കല്ലറയാണ്‌. ക്രിസ്തു ഉയിര്‍ത്തില്ലായിരുന്നു എങ്കില്‍ അവന്റെ ശരീരം എവിടെ പോയി? അവന്റെ ശരീരം അടക്കം ചെയ്തിരുന്ന സ്ഥലം ശിഷ്യന്‍മാര്‍ അറിഞ്ഞിരുന്നു. അവര്‍ അവിടെ തിരികെ ചെന്നപ്പോള്‍ അവന്റെ ശരീരം അവിടെ കണ്ടില്ലെന്നു മാത്രമല്ല താന്‍ മുന്‍്കൂട്ടി പറഞ്ഞിരുന്നതുപോലെ അവന്‍ ഉയിര്‍ത്തെഴുന്നേറ്റതായി ദൂതന്‍മാര്‍ അവരോടു പറയുന്നതും കേട്ടു (മത്താ.28:5-7).

നാലാമത്തെ തെളിവ്‌ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു പ്രത്യക്ഷപ്പെട്ട അനേകരാണ്‌ മത്താ.28:5,9,16-17; മര്‍ക്കോ.16:9; ലൂക്കോ.24:13-35; യോഹ.20:19,24,26-29, 21:1-14; അപ്പൊ.1:6-8; 1കൊരി.15:5-7 എന്നീ വേദഭാഗങ്ങളില്‍ അവരെപ്പറ്റി നാം വായിക്കുന്നു.

ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്റെ മറ്റൊരു പ്രധാന തെളിവ്‌ അപ്പൊസ്തലന്‍മാര്‍ അതിനു കൊടുത്തിരുന്ന മുന്‍്തൂക്കമാണ്‌. 1കൊരി.15 ആം അദ്ധ്യായം അധികം പ്രാധാന്യം അര്‍ഹിക്കുന്ന അദ്ധ്യായമാണ്‌. നാം എന്തുകൊണ്ടു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പില്‍ വിശ്വസിക്കയും അതിന്റെ പ്രാധാന്യം എന്തെന്ന്‌ മനസ്സിലാക്കയും ചെയ്യണമെന്ന്‌ ഈ അദ്ധ്യായത്തില്‍ പൌലൊസ്‌ വിശദീകരിക്കുന്നു. താഴെപ്പറയുന്ന കാരണങ്ങള്‍ കൊണ്ട്‌ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്‌. 1) ക്രിസ്തു ഉയിര്‍ത്തില്ലെങ്കില്‍ വിശ്വാസികളും ഉയിര്‍ക്കയില്ല (വാക്യ.12-15).2) ക്രിസ്തുവിന്റെ ഉയിര്‍പ്പാണ്‌ അവന്റെ ബലിമരണത്തെ സാധൂകരിക്കുന്നത്‌ (വാക്യ.16-19). പാപ പരിഹാരത്തിനായി ദൈവം അവന്റെ മരണത്തെ അംഗീകരിച്ചു എന്നതിന്റെ തെളിവാണ്‌ അവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌. അവന്‍ ഉയിര്‍ത്തില്ലായിരുന്നു എങ്കില്‍ നമുക്ക്‌ നിത്യജീവന്‍ ലഭിക്കുമായിരുന്നില്ല. "എന്നാല്‍ ക്രിസ്തു നിദ്രകൊണ്ടവരില്‍ ആദ്യഫലമായി മരിച്ചവരുടെ ഇടയില്‍ നിന്ന്‌ ഉയിര്‍ത്തിരിക്കുന്നു" (1കൊരി.15:20).

അവസാനമായി, ക്രിസ്തു ഉയിര്‍ത്തതുപോലെ തന്നില്‍ വിശ്വസിക്കുന്ന എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന്‌ വചനം പഠിപ്പിക്കുന്നു (1കൊരി.15:20-23). തന്റെ ഉയിര്‍പ്പു മൂലം ക്രിസ്തു പാപത്തിന്‍മേല്‍ എങ്ങനെ ജയാളി ആയിത്തീര്‍ന്നു എന്നും തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ജയജീവിതം എങ്ങനെ സാധ്യമാക്കുന്നു എന്നും ഈ അദ്ധ്യായം പഠിപ്പിക്കുന്നു (വാക്യ.24-34). നമുക്കു ലഭിക്കുവാനിരിക്കുന്ന തേജസ്കരിക്കപ്പെട്ട ശരീരത്തെപ്പറ്റി ഈ അദ്ധ്യായം വിവരിക്കുന്നു (വാക്യ.35-49). തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും മരണത്തിന്‍മേല്‍ ജയം ഉണ്ടാകും എന്ന്‌ ഈ അദ്ധ്യായം വിളമ്പരം ചെയ്യുന്നു (വാക്യ.50-58).

ക്രിസ്തുവിന്റെ ഉയിര്‍പ്പ്‌ എന്നത്‌ എത്ര മഹനീയമായ ഒരു സത്യമാണ്‌! "ആകയാല്‍ എന്റെ പ്രീയ സഹോദരന്‍മാരേ, നിങ്ങള്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്‍ത്താവില്‍ വ്യര്‍ത്ഥമല്ല എന്ന് അറിഞ്ഞിരിക്കയാല്‍ കര്‍ത്താവിന്റെ വേലയില്‍ എപ്പോഴും വര്‍ദ്ധിച്ചുവരുന്നവരും ആകുവീന്‍" (1കര്‍.15:58). വേദപുസ്തകതതിചന്റെ അടിസ്ഥാനത്തില്‍ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതില്‍ അല്‍പം പോലും സംശയം ഇല്ല. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു അഞ്ഞൂറില്‍ അധികം പേര്‍ക്കു പ്രത്യക്ഷായെന്നു വേദപുസ്തകം പറയുന്നു. ക്രിസ്തീയ വിശ്വാസത്തിന്റെ അസ്ഥിവാരമായി ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനെ വേദപുസ്തകം ദര്‍ശിക്കുന്നു.



ചോദ്യം: യേശു ദൈവപുത്രന്‍ ആകുന്നു എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്താണ്‌?

ഉത്തരം:
മാനുഷീകമായി പറയുന്നതുപോലെ അപ്പനും മകനും എന്ന അര്‍ത്ഥത്തില്‍ ഒരിക്കലും യേശു ദൈവപുത്രന്‍ അല്ല. ദൈവം വിവാഹിതനാകയും തനിക്കു ഒരിക്കലും ഒരു കുഞ്ഞു ജനിക്കയും ചെയ്തിട്ടില്ല. ദൈവം മറിയയുമായി സഹവാസം ചെയ്ത്‌ ഉണ്ടായതല്ല യേശുക്കുഞ്ഞ്‌. വചനം ജഡമായിത്തീര്‍ന്നു (യോഹ.1:1,14) അഥവാ ദൈവം മനുഷനായി ജനിച്ചു എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്‌ യേശു ദൈവപുത്രന്‍ ആയിരിക്കുന്നത്‌. മറിയയുടെ വയറ്റില്‍ പരിശുദ്ധാത്മാവിനാല്‍ അവന്‍ ഉരുവാക്കപ്പെട്ടു എന്ന കാരണത്തിനാല്‍ അവന്‍ ദൈവപുത്രന്‍ എന്ന്‌ വിളിക്കപ്പെടുക ആണ്‌. ലൂക്കോ.1:35 ല്‍ നാം ഇങ്ങനെ വായിക്കുന്നു. "അതിനു ദൂതന്‍: പരിശുദ്ധാത്മാവ്‌ നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും. ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്ന്‌ വിളിക്കപ്പെടും".

യെഹൂദ പ്രമാണികളുടെ മുന്‍പില്‍ യേശുവിനെ വിചാരണ ചെയ്തപ്പോള്‍ മഹാപുരോഹിതന്‍ അവനോട്‌ ഇങ്ങനെ ചോദിച്ചു: "നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്ന്‌ ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ട്‌ ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു" (മത്താ.26:63). അതിനു മറുപടിയായി യേശു പറഞ്ഞതു ശ്രദ്ധിക്കുക: "ഞാന്‍ ആകുന്നു; ഇനി മനുഷപുത്രന്‍ സര്‍വശകത ന്റെ വലത്തു ഭാഗത്ത്‌ ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്ന്‌ ഞാന്‍ പറയുന്നു എന്നു പറഞ്ഞു" (മത്താ.26:64). അതു കേട്ടപ്പോള്‍ യെഹൂദ പ്രമാണികള്‍ അവനെ ദൈവദൂഷണം എന്ന കുറ്റം ആരോപിക്കയും പിന്നീട്‌ പീലാത്തോസിന്റെ മുന്‍പില്‍ അവര്‍ ഇങ്ങനെ പറകയും ചെയ്തു. "ഞങ്ങള്‍ക്ക്‌ ഒരു ന്യായപ്രമാണം ഉണ്ട്‌. അവന്‍ തന്നെത്താന്‍ ദൈവപുത്രന്‍ ആക്കിയതുകൊണ്ട്‌ അവന്‍ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു"

താന്‍ ദൈവപുത്രന്‍ ആണെന്ന്‌ യേശു പറഞ്ഞത്‌ ദൈവദൂഷണം ആണെന്നും അതുകൊണ്ട്‌ അവന്‍ മരണയോഗ്യന്‍ ആണെന്നും യെഹൂദന്‍മാര്‍ തീരുമാനിക്കുവാന്‍ കാരണം എന്താണ്‌? "ദൈവപുത്രന്‍" എന്ന വാക്കുകൊണ്ട്‌ യേശു അര്‍ത്ഥമാക്കിയത്‌ എന്താണെന്ന്‌ അവര്‍ വ്യക്തമായി മനസ്സിലാക്കി. ദൈവപുത്രന്‍ ദൈവത്തിന്റെ പ്രകൃതം ഉള്ളവന്‍ ആയിരിക്കണമല്ലോ. വാസ്തവത്തില്‍ താന്‍ ദൈവമാണെന്ന്‌ പറയുകയാണെന്ന്‌ അവര്‍ മനസ്സിലാക്കി ലേവ്യാപുസ്തകം 24:15 അടിസ്ഥനത്തില്‍ അവന്റെ മരണം അഭ്യര്‍ത്ഥിക്കുക ആയിരുന്നു. എബ്ര.1:3 ല്‍ ഈ കാര്യം വളരെ വ്യക്തമാക്കിയിരിക്കുന്നു. "പുത്രന്‍... ദൈവതേജസിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും ആയിരിക്കുന്നു".

വേറൊരു വാക്യം ഉദ്ദരിക്കട്ടെ. യോഹ,17:12 ല്‍ "നാശയോഗ്യന്‍" എന്ന്‌ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത്‌ മൂലഭാഷയില്‍ നിന്ന്‌ അക്ഷരീകമായി തര്‍ജ്ജമ ചെയ്താല്‍ "നാശത്തിന്റെ പുത്രന്‍" എന്നാണ്‌ തര്‍ജ്ജമ ചെയ്യേണ്ടത്‌. യൂദയെക്കുറിച്ചാണല്ലോ ആ വാക്കുകള്‍ എഴുതിയിരിക്കുന്നത്‌. യൂദ വാസ്തവത്തില്‍ "നാശത്തിനു" മകനായി ജനിച്ച ആളല്ലല്ലോ. അവന്‍ നാശത്തിന്റെ പ്രതീകമായിരുന്നു. അത്രതന്നെ. അതുപോലെ തന്നെയാണ്‌ യേശുവിനെ ദൈവപുത്രന്‍ എന്ന്‌ വിളിച്ചിരിക്കുന്നതും. യേശു ദൈവത്തിന്റെ പ്രതീകമാണ്‌; ദൈവത്തെ വെളിപ്പെടുത്തിയവനാണ്‌ (യോഹ്‌.1:,1,14).



ചോദ്യം: കന്യകാ ജനനത്തിന്റെ പ്രാധാന്യം എന്താണ്‌?

ഉത്തരം:
കന്യകാ ജനനം എന്ന ഉപദേശം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്‌ (യെശ.7:14; മത്താ.1:23; ലൂക്കോ.1:27,34). ഈ സംഭവത്തെ വേദപുസ്തകം എങ്ങനെയാണ്‌ വിവരിച്ചിരിക്കുന്നതെന്ന്‌ ആദ്യം നമുക്ക്‌ നോക്കാം. ലൂക്കോ.1:34 ലെ "ഇതെങ്ങനെ സാധിക്കും" എന്ന മറിയയുടെ ചോദ്യത്തിന്‌ ഗബ്രിയേല്‍ ഇങ്ങനെയാണ്‌ മറുപടി പറഞ്ഞിരിക്കുന്നത്‌: "പരിശുദ്ധാത്മാവ്‌ നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും" (ലൂക്കോ.1:35).മറിയയെ വിവാഹം കഴിക്കുവാന്‍ യോസേഫ്‌ പേടിക്കേണ്ട ആവശ്യം ഇല്ല എന്ന്‌ ദൂതന്‍ പറയുന്നത്‌ "അവളില്‍ ഉല്‍പാദിദമായത്‌ പരിശുദ്ധാത്മാവിനാല്‍ ആകുന്നു" (മത്താ.1:20) എന്ന വാക്കുകള്‍ മൂലമാണ്‌. മത്താ.1:18 ല്‍ വായിക്കുന്നത്‌, "അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടതിനു ശേഷം അവര്‍ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു" എന്നാണ്‌. ഗലാ.4:4 ലും കന്യകാ ജനനത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. "ദൈവം തന്റെ പുത്രനെ സ്ത്രീയില്‍ നിന്ന്‌ ജനിച്ചവനായി" എന്ന്‌ അവിടെ വായിക്കുന്നു.

ഈ വേദഭാഗങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്ന സത്യം പരിശുദ്ധാത്മാവ്‌ മറിയയുടെ ശരീരത്തില്‍ നടത്തിയ പ്രക്രിയയുടെ ഫലമായിട്ടാണ്‌ യേശു ജനിച്ചത്‌ എന്നാണ്‌. ദേഹരഹിതനായ ദൈവാത്മാവും ശരീരമുള്ള മറിയയും ഇതില്‍ ഭാഗഭാക്കായി. മറിയ ദൈവാത്മാവിന്റെ കരങ്ങളില്‍ ഒരു പാത്രമായി മാറി. ഇത്‌ ദൈവത്തിനു മാത്രം ചെയ്യുവാന്‍ കഴിയുമായിരുന്ന അത്യത്ഭുതമായ മൂര്‍ത്തീകരണം ആയിരുന്നു.

വേദപുസ്തകം നമ്മെ പഠിപ്പിക്കുന്ന സത്യം യേശുക്രിസ്തു പൂര്‍ണ്ണ മനുഷന്‍ ആയിരുന്നു എന്നാണ്‌. നമ്മേപ്പോലെയുള്ള ഒരു ശരീരം അവനും ഉണ്ടായിരുന്നു. അത്‌ അവന്‌ മറിയയില്‍ നിന്നാണ്‌ ലഭിച്ചത്‌. അതേസമയം അവന്‍ പാപരഹിതനും നിത്യനുമായ ദൈവവും ആയിരുന്നു (യോഹ.1:14: 1തിമൊ.3:16; എബരര.2:14-17).

യേശുക്രിസ്തു പാപത്തില്‍ ജനിച്ചവനായിരുന്നില്ല, അതുകൊണ്ട്‌ അവനില്‍ പാപപ്രകൃതി ഇല്ലായിരുന്നു (എബ്രാ.7:26). ഒരു പക്ഷെ ആ പാപപ്രകൃതി മനുഷര്‍ക്ക്‌ പിതാക്കന്‍മാരില്‍ കൂടെ ആയിരിക്കും ലഭിക്കുന്നത്‌ എന്ന് കരുതുന്നു (റോമ.3:12,17,19). അവന്‍ കന്യകയില്‍ പിറന്നതുകൊണ്ട്‌ നിത്യനായ ദൈവത്തിന്‌ പാപപ്രകൃതി ഇല്ലാത്ത പൂര്‍ണ്ണമനുഷനായിത്തീരുവാന്‍ കഴിഞ്ഞു.



ചോദ്യം: തന്റെ മരണ പുനരുദ്ധാനങ്ങള്‍ക്കിടയില്‍ യേശു നരകത്തില്‍ പോയോ?

ഉത്തരം:
ഈ ചോദ്യത്തിനെപ്പറ്റി വളരെ ആശയക്കുഴപ്പങ്ങള്‍ നിലവിലുണ്ട്‌. ഈ ആശയം നിലനില്‍കുവാന്‍ കാരണം അപ്പൊസ്തലന്‍മാരുടെ വിശ്വാസപ്രമാണം എന്ന്‌ അറിയപ്പെടുന്ന വിശ്വാസപ്രമാണത്തില്‍ "അവന്‍ നരകത്തിലേയ്ക്ക്‌ ഇറങ്ങി" എന്ന്‌ കാണുന്നുണ്ട്‌. ചില വേദഭാഗങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ ചിന്തിക്കാവുന്നതാണ്‌. ഈ വിഷയത്തെപ്പറ്റി പഠിക്കുമ്പോള്‍ മരണാനന്തര ജീവിതത്തെപ്പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു എന്ന്‌ അറിഞ്ഞിരിക്കേണ്ടതാണ്‌. പഴയനിയമത്തില്‍ മരിച്ചവരുടെ സ്ഥലത്തെ "ഷിയോള്‍" എന്നാണ്‌ വിളിച്ചിരിക്കുന്നത്‌. ആ വാക്കിന്റെ അര്‍ത്ഥം "മരിച്ചവരുടെ സ്ഥലം" അഥവാ "പിരിഞ്ഞു പോയ ആത്മാക്കളുടെ സ്ഥലം" എന്നു മാത്രമാണ്‌. പുതിയ നിയമത്തില്‍ ആ സ്ഥലത്തെ "ഹേഡീസ്‌" എന്ന്‌ വിളിച്ചിരിക്കുന്നു. പുതിയ നിയമം പഠിക്കുമ്പോള്‍ അന്ത്യ ന്യായവിധിക്കായി കാത്തിരിക്കുന്ന ആത്മാക്കളുടെ താല്‍കാലിക സ്ഥലമാണിത്‌ എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. വെളി.20:11-15 വാക്യങ്ങളില്‍ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിയിട്ടുണ്ട്‌. നരകം അഥവാ അഗ്നിക്കടല്‍ നശിച്ചുപോയവര്‍ അവസാനം നിത്യമായി ആയിരിക്കേണ്ടത്‌ അവിടെയാണ്‌ എന്ന്‌ ആ വേദഭാഗം പഠിപ്പിക്കുന്നു. പാതാളം ഒരു താല്‍കാലീക സ്ഥലമാണ്‌. അതുകൊണ്ട്‌ യേശു നരകത്തില്‍ പോയില്ല. കാരണം നരകം വെളി.20:11-15 പറയുന്നതുപോലെ വെള്ള സിംഹാസനത്തിനു ശേഷം മാത്രം പ്രാബല്യത്തില്‍ വരുന്ന ഒരു സ്ഥലമാണ്‌.

പാതാളം എന്ന്‌ തര്‍ജ്ജമ ചെയ്യാവുന്ന "ഷിയോള്‍" അഥവാ "ഹേഡീസ്‌" രക്ഷിക്കപ്പനട്ടവര്‍ക്കും നശിച്ചു പോയവര്‍ക്കും തനിയായി ഇരിക്കത്തക്കവണ്ണം രണ്ടു ഭാഗങ്ങള്‍ ഉള്‍ക്കൊണ്ട സ്ഥലമാണ്‌ (മത്താ.11:23; 16:18; ലൂക്കോ.10:15; 16:23; അപ്പോ. 2:27-31). രക്ഷിക്കപ്പട്ടവര്‍ക്കു വേണ്ടിയുള്ള പാതാളത്തിന്റെ ഭാഗത്തെ 'പറുദീസ' എന്നോ 'അബ്രഹാമിന്റെ മടി' എന്നോ വിളിച്ചിരിക്കുന്നു. ഇവ രണ്ടും തമ്മില്‍ "വലിയൊരു പിളര്‍പ്പി"നാല്‍ വേര്‍പിരിച്ചിരിക്കുന്നു എന്നും വായിക്കുന്നു (ലൂക്കോ.16:26). കര്‍ത്തവ്‌ ഉയരത്തിലേയ്ക്ക്‌ കരേറിയപ്പോള്‍ അവന്‍ പറുദീസയില്‍ ഉണ്ടായിരുന്നവരെ അവനോടൊപ്പം കൊണ്ടുപോയി എന്ന്‌ വായിക്കുന്നു (എഫേ.4:8-10). പാതാളത്തിലെ രക്ഷിക്കപ്പെടാത്തവരുടെ സ്ഥലത്തിന്‌ ഒരു മാറ്റവും വന്നിട്ടില്ല. ഇന്നും അവിശ്വാസികളായി മരിക്കുന്നവര്‍ പാതാളത്തിന്റെ ഈ ഭാഗത്തേയ്ക്കു തന്നെയാണ്‌ പോകുന്നത്‌. അവിടെ അവര്‍ അന്ത്യ ന്യായവിധിക്കായി കാത്തിരിക്കുന്നു.

യേശു പാതാളത്തില്‍ അഥവാ "ഷിയോള്‍"/"ഹേഡീസ്‌" ലേയ്ക്ക്‌ പോയോ? എഫേ.4:8-10; 1പത്രോ.3:18-20 എന്നീ വാക്യങ്ങള്‍ അവന്‍ അവിടെ പോയതായി പറയുന്നു. ക്രൂശുലെ കള്ളനോട്‌ "ഇന്ന്‌ നീ എന്നോടു കൂടെ പറുദീസയില്‍ ഇരിക്കും" എന്ന്‌ യേശു പറഞ്ഞു (ലൂകകോ .23:43). യേശുവിന്റെ ശരീരം കല്ലറയില്‍ ആയിരുന്നപ്പോള്‍ അവന്റെ ആത്മാവ്‌ പാതാളത്തിലെ പറുദീസിലേയ്ക്ക്‌ പോയി. അതു വരെ മരിച്ചു അവിടെ വിശ്രമിച്ചിരുന്ന വിശുദ്ധന്‍മാരുടെ ആത്മാക്കളെ അവന്‍ അവിടെ നിന്ന്‌ സ്വര്‍ഗ്ഗത്തില്‍ കൊണ്ടു പോകയും ചെയ്തു.

ചിലര്‍ കരുതുന്നത്‌ പാതാളത്തിലെ യാതനാസ്ഥലത്ത്‌ പാപത്തിന്റെ ശിക്ഷ സഹിക്കുവാനായി യേശു പോയി എന്നാണ്‌. എന്നാല്‍ ഇത്‌ തികച്ചും വേദപുസ്തകത്തില്‍ അടിസ്താനം ഇല്ലാത്ത ചിന്താഗതിയാണ്‌. ക്രിസ്തുവിന്റെ ക്രൂശുമരണമായിരുന്നു നമ്മുടെ വിടുതലിന്റെ അടിസ്ഥാനം. ചിന്തപ്പെട്ട അവന്റെ രക്തമാണ്‌ നമ്മുടെ പാപങ്ങളെ കഴുകുവാന്‍ പര്യാപ്തമായത്‌ (1യോഹ്‌.1:7-9). അവന്‍ ക്രൂശില്‍ തൂങ്ങിയപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ പാപ ഭാരം വഹിക്കുക ആയിരുന്നു. അവന്‍ നമുക്കായി പാപം ആക്കപ്പെട്ടു, "പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന്‌ അവന്‍ നമുക്കു വേണ്ടി പാപം ആക്കി" (2കൊരി.5:21) എന്ന് വായിക്കുന്നു. ലോകത്തിന്റെ പാപം മുഴുവന്‍ അവന്റെ തലമേല്‍ ഊറ്റപ്പെട്ടതായിരുന്നു ഗതസമന തോട്ടത്തിലെ അവന്റെ വ്യാകുലത്തിന്‌ കാരണം.

ക്രൂശില്‍ വച്ച്‌ "എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്‌" (മത്താ.27:46) എന്നവന്‍ ഉറക്കെക്കരഞ്ഞപപോ ള്‍ പാപത്തിന്റെ ശിക്ഷയായ ദൈവസാന്നിധ്യം നഷ്ടപ്പെട്ട അവസ്ഥ അവന്‍ അനുഭവിക്കയായിരുന്നു. അവന്‍ തന്റെ പ്രാണന്‍ വെടിഞ്ഞപ്പോള്‍ "പിതാവേ, ഞാന്‍ എന്റെ ആത്മാവിനെ തൃക്കൈയ്യില്‍ ഏല്‍പിക്കുന്നു" എന്നാണല്ലോ പറഞ്ഞത്‌ (ലൂക്കോ.23:46). അതിനുള്ളില്‍ നമുക്കു വേണ്ടിയുള്ള അവനറെണ കഷ്ടപ്പാട്‌ പൂര്‍ണ്ണമായിക്കഴിഞ്ഞിരുന്നു.

അവന്റെ ആത്മാവ്‌ പാതാളത്തിലെ പറുദീസയിലേയ്ക്ക്‌ പോയി. അവന്‍ നരകത്തില്‍ പോയില്ല. മരണത്തോടെ അവന്റെ യാതനയ്ക്ക്‌ മുഴു വിരാമമായി. പാപത്തിന്റെ ശമ്പളം പൂര്‍ണമായി കൊടുക്കപ്പെട്ടു കഴിഞ്ഞു. മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ ഉയിര്‍പ്പിന്‍ ശരീരം ധരിച്ചു. പിന്നീട്‌ മഹത്വത്തിലേയ്ക്ക്‌ എടുക്കപ്പെട്ടു. യേശു നരകത്തില്‍ പോയോ? ഇല്ല. അവന്‍ പാതാളത്തിലേയ്ക്ക്‌ ഇറങ്ങിച്ചെന്നോ? വാസ്തവത്തില്‍ അങ്ങനെ ചെയ്ക തന്നെ ചെയ്തു.



ചോദ്യം: തന്റെ മരണത്തിനും പുനരുദ്ധാനത്തിനും ഇടയിലുള്ള മൂന്നു ദിവസങ്ങള്‍ യേശുകര്‍ത്താവ്‌ എവിടെ ആയിരുന്നു?

ഉത്തരം:
1പത്രോ.3:18-19 ഇങ്ങനെ പറയുന്നു: "ക്രിസ്തുവും നമ്മെ ദൈവത്തോട്‌ അടുപ്പിക്കേണ്ടതിന്‌ നീതിമാനായി നീതികെടടപവര്‍ക്കു വേണ്ടി പാപം നിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു, ജഡത്തില്‍ മരണശിക്ഷ ഏല്‍ക്കയും ആത്മാവില്‍ ജീവിപ്പിക്കപ്പെടുകയും ചെയ്തു. ആത്മാവില്‍ അവന്‍ ചെന്ന്, പണ്ട്‌ നോഹയുടെ കാലത്ത്‌ പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീര്‍ഘക്ഷമയോടെ കാത്തിരിക്കുമ്പോള്‍ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോട്‌ പ്രസംഗിച്ചു".

"ജഡത്തില്‍" എന്നും "ആത്മാവില്‍" എന്നുമുള്ള പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. ജഡവും ആത്മാവും ക്രിസ്തുവിന്റെ ജഡവും ആത്മാവുമാണ്‌. "ആത്മാവില്‍ ജീവിപ്പിക്കപ്പെട്ടു" എന്ന പ്രയോഗം കൊണ്ട്‌ മനസ്സിലാക്കേണ്ടത്‌ പാപപരിഹാരാര്‍ത്ഥം ക്രിസ്തു മരിച്ചപ്പോള്‍ തന്റെ ആത്മാവ്‌ പിതാവില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടു എന്നാണ്‌ (മത്താ.27:46). ജഡവും ആത്മാവും എന്നു പറയുമ്പോള്‍ മത്താ.27:46 ലും റോമ.1:3-4 ലും എന്ന പോലെ ക്രിസ്തുവിന്റെ ജഡവും തന്റെ ആത്മാവും എന്നാണ്‌ മനസ്സിലാക്കേണ്ടത്‌; അല്ലാതെ ക്രിസ്തുവിനറെത ജഡവും പരിശുദ്ധാത്മാവും എന്നല്ല. ക്രിസ്തു തന്റെ രക്ഷണ്യവേല പൂര്‍ത്തിയാക്കിയപ്പോള്‍ വീണ്ടും തന്റെ ആത്മാവ്‌ ദൈവീക കൂട്ടായ്മയിലേക്ക്‌ മടങ്ങി.

1പത്രോ.3:18-22 വരെയുള്ള വാക്യങ്ങളില്‍ ക്രിസ്തുവിന്റെ കഷ്ടപ്പാടുകള്‍ക്കും തന്റെ തേജസ്കരണത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌ എന്ന് കാണുന്നു. തന്റെ മരണത്തിനും പുനരുദ്ധാനത്തിനും ഇടയിലുള്ള ദിവസങ്ങളെപ്പറ്റി പത്രോസ്‌ മാത്രമേ ഏതെങ്കിലും കാര്യം പറയുന്നുള്ളു. "പ്രസംഗിച്ചു" എന്ന് 19 ആം വാക്യത്തില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്ന ആ വാക്ക്‌ സാധാരണ സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ചു പറയുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന വാക്കല്ല. ഈ വാക്കിന്റെ വാച്യാര്‍ത്ഥം "ഘോഷിക്കുക" "ജയഘോഷം കൊണ്ടാടുക" എന്നാണ്‌. യേശു ക്രൂശില്‍ പാടുപെട്ട്‌ മരിച്ചു. തന്റെ ജഡവും ആത്മാവും മരണത്തിനു വിധേയമായി. എന്നാല്‍ തന്റെ ആത്മാവ്‌ ജീവിപ്പിക്കപ്പെട്ട്‌ താന്‍ അത്‌ പിതാവിന്റെ കൈയില്‍ ഭരമേല്‍പിച്ചു. പത്രോസ്‌ പറയുന്നതനുസരിച്ച്‌ തന്റെ മരണത്തിനും പുനരുദ്ധാനത്തിനും ഇടക്ക്‌ ക്രിസ്തു "തടവിലുള്ള ആത്മാക്കളോട്‌" പ്രസംഗിച്ചു.

1പത്രോ.3:20 ല്‍ പത്രോസ്‌ ആളുകളെക്കുറിച്ച്‌ പറയുമ്പോള്‍ "എട്ടുപേര്‍" എന്നാണ്‌ പറയുന്നത്‌; "എട്ട്‌ ആത്മാക്കള്‍" എന്നല്ല. പുതിയനിയമത്തില്‍ 'ആത്മാക്കള്‍' എന്ന വാക്ക്‌ സാധാരണ ഉപയോഗിക്കുന്നത്‌ ദൈവദൂതന്‍മാരേയോ പിശാചുകളേയോ കുറിക്കുവാന്‍ വേണ്ടിയാണ്‌; മനുഷരെ കുറിക്കുവാന്‍ വേണ്ടിയല്ല. ക്രിസ്തു നരകത്തില്‍ പോയി എന്ന് നാം എവിടെയും വായിക്കുന്നില്ല. പ്രവ.2:31 ല്‍ താന്‍ പാതാളതതി ല്‍ പോയതായി വായിക്കുന്നു. പാതാളവും നരകവും ഒരു സ്ഥലമല്ല. മരിച്ചവര്‍ താല്‍കാലികമായി തങ്ങളുടെ പുനരുദ്ധാനം വരെ ആയിരിക്കുന്ന സ്ഥലമാണ്‌ പാതാളം. വെളി.20:11-15 വരെയുള്ള വാക്യങ്ങള്‍ ഈ കാര്യം വളരെ വ്യക്തമാക്കുന്നുണ്ട്‌. നരകം ക്രിസ്തുവില്ലാതെ മരിച്ചവരുടെ നിരന്തര വാസസ്ഥലമാണ്‌; പാതാളം അവരുടെ പുനരുദ്ധാനം വരെയുള്ള താല്‍കാലിക സ്ഥലവും.

നമ്മുടെ കര്‍ത്താവ്‌ മരിച്ചു തന്റെ ആത്മാവിനെ പിതാവിന്റെ കൈയില്‍ സമര്‍പ്പിച്ചു. അതേ സമയം താന്‍ മരിച്ചവരുടെ ആസ്ഥാനമായ പാതാളത്തില്‍ പോയി അവിടെയുണ്ടായിരുന്ന ആത്മാക്കളോട്‌ (വീണുപോയ ദൂതന്‍മാരോടായിരിക്കാം യൂദ. വാക്യം 6) പ്രസംഗിച്ചു; ആ ആത്മാക്കള്‍ക്ക്‌ 20 ആം വാക്യം പറയുന്നതുപോലെ നോഹയുടെ ജലപ്രളയത്തിനു മുമ്പുള്ള കാലത്തോട്‌ ഏതോ രീതിയില്‍ ബന്ധമുണ്ടായിരുന്നു. എന്താണ്‌ ക്രിസ്തു അവിടെ പ്രസംഗിച്ചതെന്ന് പത്രോസ്‌ പറയുന്നില്ല. ഏതായാലും രക്ഷയുടെ സന്ദേശമായിരിക്കുവാന്‍ ന്യായമില്ല. കാരണം വീണുപോയ ദൂതന്‍മാര്‍ക്ക്‌ വീണ്ടെടുപ്പില്ലല്ലോ (എബ്രാ.2:16). ഒരു പക്ഷെ അത്‌ പിശാചിന്റെയും അവന്റെ സേനകളുടെയും മേലുള്ള തന്റെ ജയഘോഷമായിരുന്നിരിക്കാം താന്‍ ചെയ്തത്‌ (1പത്രോ.3:22; കൊലോ.2:15). എഫേ.4:8-10 വരെ വായിക്കുമ്പോള്‍ ക്രിസ്തു പറുദീസയിലും (ലൂക്കോ.16:20;23:43) പോയി തന്റെ മരണത്തിനു മുമ്പു തന്നില്‍ വിശ്വസിച്ചിരുന്നവരെ സ്വര്‍ഗ്ഗത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി എന്നും മനസ്സിലാക്കണം. ഈ വേദഭാഗത്ത്‌ വളരെ വിശദീകരണങ്ങള്‍ ഒന്നും ഇല്ലെങ്കിലും "ബദ്ധന്‍മാരെ പിടിച്ചു കൊണ്ടു പോയി" എന്ന പ്രയോഗത്തില്‍ നിന്ന് നാം അങ്ങനെയാണ്‌ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതെന്ന് അനേക വേദപണ്ഡിതന്‍മാര്‍ വിശ്വസിക്കുന്നു.

അവസാനമായി പറയട്ടെ. ആ മൂന്നു ദിവസങ്ങളെപ്പറ്റി വളരെ അധികം വിശദീകരണങ്ങള്‍ ബൈബിള്‍ തരുന്നില്ല. താന്‍ പാതാളത്തില്‍ പോയി പിശാചിന്റെ മേലും അവന്റെ സൈന്യങ്ങളുടെ മേലും ജയഘോഷം പ്രഖ്യാപിച്ചെന്നും പറുദീസയില്‍ പോയി തന്റെ മരണത്തിനു മുമ്പ്‌ തന്നില്‍ വിശ്വസിച്ചിരുന്നവരെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചെന്നും മനസ്സിലാക്കേണ്ടതാണ്‌. ഏതായാലും മരണാനന്തരം ആര്‍ക്കെങ്കിലും രക്ഷിക്കപ്പെടുവാന്‍ അവസരം കൊടുത്തു എന്ന് ചിന്തിക്കുവാന്‍ പാടില്ലാത്തതാണ്‌. ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും എന്നത്‌ ദൈവത്തിന്റെ മാറ്റമില്ലാത്ത വ്യവസ്ഥയാണ്‌ (എബ്ര.9:27). ആ മൂന്നു ദിവസങ്ങളെപ്പറ്റി ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ നാം ഇപ്പോള്‍ അറിയണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. നിത്യതയില്‍ നം അറിയപ്പെട്ടതുപോലെ തന്നേ നാമും അറിയുമല്ലോ.



ചോദ്യം: യേശുവിനെ ക്രൂശില്‍ തറച്ചത്‌ ഒരു വെള്ളിയാഴ്ച ആയിരുന്നുവോ?

ഉത്തരം:
കൃത്യം ഏതു ദിവസമായിരുന്നു യേശുവിനെ ക്രൂശില്‍ തറച്ചത്‌ എന്ന്‌ വേദപുസ്തകം വ്യക്തമായി പറയുന്നില്ല. ഇതിനെപ്പറ്റി രണ്ടു പ്രധാന ചിന്താഗതികള്‍ ഉണ്ട്‌. അത്‌ ബുധനാഴ്ച ആയിരുന്നെന്നും അല്ല, വെള്ളിയാഴ്ച ആയിരുന്നെന്നും മിക്കവരും വിശ്വസിക്കുന്നു. എന്നാല്‍ ഇത്‌ രണ്ടുമല്ല ശരി, യേശു ക്രൂശിയ്ക്കപ്പെട്ടത്‌ ഒരു വ്യാഴാഴ്ച ആയിരുന്നു എന്നു വിശ്വസിക്കുന്നവരും ഉണ്ട്‌.

മത്താ.12:40 ല്‍ യേശു ഇങ്ങനെ പറഞ്ഞു. "യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും". വെള്ളിയാഴ്ച ആയിരുന്നു യേശു ക്രൂശിക്കപ്പെട്ടത്‌ എന്ന്‌ വിശ്വസിക്കുന്നവര്‍ അതിനെ ഇങ്ങനെയാണ്‌ ന്യായീകരിക്കുന്നത്‌. അന്നത്തെ യെഹൂദന്‍മാര്‍ ഒരു ദിവസത്തിന്റെ ഭാഗത്തെ ഒരു ദിവസമായി കണക്കാക്കിയിരുന്നു. യേശു വെള്ളിയാഴ്ച കുറെ നേരവും, ശനി മുഴുവനും, ഞായറാഴ്ചയുടെ ഭാഗവും കല്ലറയില്‍ ആയിരുന്നതു കൊണ്ട്‌, കണക്കനുസരിച്ച്‌ മൂന്നു ദിവസം അവന്‍ കല്ലറയില്‍ ആയിരുന്നു എന്നവര്‍ പറയുന്നു. മര്‍ക്കോ.15:42 ല്‍ അത്‌ "ശബ്ബത്തിന്റെ തലേ നാള്‍" ആയിരുന്നു എന്ന്‌ വായിക്കുന്നത്‌ അവര്‍ തെളിവായി എടുക്കുന്നു. സാധാരണ ആഴ്ചതോറുമുള്ള ശബ്ബത്ത്‌ ശനിയാഴ്ച ആണല്ലോ. അതുകൊണ്ട്‌ ക്രൂശീകരണം നടന്നത്‌ വെള്ളിയാഴ്ച ആയിരുന്നു എന്നവര്‍ തീരുമാനിക്കുന്നു. വെള്ളിയാഴ്ചയായിരുന്നു ക്രൂശീകരണം എന്നതിന്‌ വേറൊരു ന്യായം അവര്‍ പറയുന്നത്‌ മത്താ.16:21, ലൂക്കോ.9:22 എന്നീ വാക്യങ്ങള്‍ അനുസരിച്ച്‌ അവര്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍കും എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട്‌ മൂന്നു ദിവസം മുഴുവന്‍ കല്ലറയില്‍ ആയിരിക്കണം എന്നില്ലല്ലൊ എന്നാണ്‌. എന്നാല്‍ ആ വാക്യങ്ങളുടെ തര്‍ജ്ജമയില്‍ വ്യത്യാസം മറ്റു പരിഭാഷകളില്‍ കാണുന്നുട്‌. മാത്രമല്ല, മര്‍ക്കോ.8:31 ല്‍ "മൂന്നു നാള്‍ കഴിഞ്ഞിട്ട്‌" ഉയിര്‍ത്തെഴുന്നേല്‍കും എന്ന്‌ വ്യക്തമായി പറഞ്ഞിട്ടും ഉണ്ടല്ലൊ.

വ്യാഴാഴ്ചയാണ്‌ ക്രിസ്തു മരിച്ചത്‌ എന്നു പറയുന്നവര്‍, വെള്ളിയാണ്‌ മരണം സംഭവിച്ചത്‌ എന്നു പറയുന്നവര്‍ ഉദ്ദരിക്കുന്ന വാക്യങ്ങള്‍ തന്നെ ഉദ്ദരിച്ചിട്ട്‌, ഏകദേശം ഇരുപതോളം സംഭവങ്ങള്‍ മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ സംഭവിച്ചിട്ടുണ്ടെന്നും, അത്രയും സംഭവിക്കണമെങ്കില്‍ വെള്ളി വൈകിട്ടു തുടങ്ങി ഞായര്‍ അതികാലത്തു വരെയുള്ള സമയത്തിനിടയില്‍ അവ അസാദ്ധ്യമാണെന്നും വാദിക്കുന്നു. മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ യെഹൂദരുടെ ശബ്ബത്തു നാളായ ശനിയാഴ്ച മാത്രമാണ്‌ മുഴു ദിവസമായി ശേഷിക്കുന്നത്‌ എന്നു മനസ്സിലാക്കിയാല്‍ വാസ്തവത്ിുല്‍ മരണം വ്യാഴാഴ്ച തന്നെ സംഭവിച്ചിരിക്കണം എന്ന് അവര്‍ പറയുന്നു. ഇടയില്‍ ഒരു ദിവസം കൂടി ഉണ്ടെങ്കിലേ മതിയാകയുള്ളു എന്ന് അവര്‍ വാദിക്കുന്നു. അവര്‍ ഇങ്ങനെ അതിനെ വിശദീകരിക്കുന്നു. തിങ്കളാഴ്ച സായാഹ്നത്തിലിരുന്ന്‌ നിങ്ങളുടെ ഒരു സ്നേഹിതനെ നിങ്ങള്‍ കണ്ടില്ല എന്ന്‌ കരുതുക. അടുത്തു നിങ്ങള്‍ തമ്മില്‍ കാണുന്നത്‌ വ്യാഴന്‍ കാലത്ത്‌ എന്നും കരുതുക. അപ്പോള്‍ "നാം തമ്മില്‍ കണ്ടിട്ട്‌ മൂന്നു ദിവസങ്ങല്‍ ആയല്ലോ" എന്ന്‌ നിങ്ങള്‍ക്ക്‌ പറയാമല്ലോ. വാസ്തവത്തില്‍ മൂന്നു ദിവസങ്ങള്‍ തികയണമെങ്കില്‍ പല മണിക്കൂറുകള്‍ ഇനിയും വേണം. എങ്കിലും നാം അങ്ങനെയാണ്‌ പറയാറുള്ളത്‌. വ്യാഴാഴ്ചയാണ്‌ ക്രിസ്തു മരിച്ചത്‌ എന്നു കരുതുന്നവര്‍ മൂന്നു ദിവസത്തെ കണക്ക്‌ ഇങ്ങനെ ആണ്‌ വിശദീകരിക്കുനനുത്‌.

ബുധാഴ്ചയാണ്‌ ക്രിസ്തു മരിച്ചത്‌ എന്ന്‌ പഠിപ്പിക്കുന്നവര്‍ ആ ആഴ്ചയില്‍ രണ്ടു ശബ്ബത്തുകള്‍ ഉണ്ടായിരുന്നു എന്ന്‌ വാദിക്കുന്നു. മര്‍ക്കോ. 16:1 നോക്കിയാല്‍ സ്ത്രീകള്‍ സുഗന്ധ വര്‍ഗ്ഗം വാങ്ങിയത്‌ ശബ്ബത്തിനു ശേഷം ആയിരുന്നു എന്ന്‌ കാണാവുന്നതാണ്‌. ലൂക്കോ.23:56 നോക്കിയാല്‍ അവര്‍ സുഗന്ധവര്‍ഗ്ഗം ഒരുക്കിയ ശേഷം മടങ്ങിപ്പോയി "ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു" എന്നും വായിക്കുന്നു. ബുധനാഴ്ചയാണ്‌ ക്രിസ്തു മരിച്ചത്‌ എന്ന്‌ വിശ്വസിക്കുന്നവര്‍ പറയുന്നത്‌ മര്‍ക്കോ.16:1 ല്‍ പറയുന്ന ശബ്ബത്ത്‌ പെസഹ പെരുനാള്‍ ആയിരുന്നു എന്നാണ്‌. ലേവ്യ.16:29-31; 23:24-32, 39 എന്നീ ഭാഗങ്ങള്‍ വായിച്ചാല്‍ ആഴ്ച തോറുമുള്ള ശബ്ബത്ത്‌ അല്ലാതെ പെരുന്നാളുകളേയും ശബ്ബത്ത്‌ എന്ന്‌ വിളിച്ചിരുന്നു എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. യോഹ.19:31 ല്‍ ആ ശബ്ബത്തിനെ "വലിയ ശബ്ബത്ത്‌" എന്നു വിശേഷിപ്പിച്ചിരിക്കുന്നത്‌ നോക്കുക. ലൂക്കോ.23:56 ല്‍ കാണുന്ന ശബ്ബത്ത്‌ ആഴ്ചതോറും വരാറുള്ള ശബ്ബത്തയിരുന്നു എന്ന്‌ അവര്‍ പറയുന്നു. അങ്ങനെ ശബ്ബത്തിനു ശേഷം സുഗന്ധവര്‍ഗ്ഗം വാങ്ങുവാന്‍ അവസരം ഉണ്ടാകയും സുഗന്ധവര്‍ഗ്ഗം ഒരുക്കിയ ശേഷം ശബ്ബത്തില്‍ വിശ്രമിക്കയും ചെയ്യുവാന്‍ ഇടയാകണമെങ്കില്‍ ക്രിസ്തു മരിച്ചത്‌ ബുധനാഴ്ച തന്നെ ആയിരിക്കണം എന്ന്‌ അവര്‍ ശഠിക്കുന്നു.

ബുധന്‍ സായഹ്നം ആയാല്‍ യെഹൂദരുടെ കണക്കനുസരിച്ച്‌ വ്യഴന്‍ ആണല്ലൊ. വ്യാഴന്‍ പുലര്‍ച്ച മുതല്‍ ഞായര്‍ പുലര്‍ച വരെ മൂന്നു രാവും മൂന്നു പകലും കൃത്യമായി തികയുകയും ചെയ്യുമല്ലോ. എന്നാല്‍ ഈ കണക്കു കൂട്ടലിലും ഒരു ചെറിയ പ്രശ്നം ഉണ്ട്‌. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ദിവസം എമ്മവൂസ്‌ എന്ന സ്ഥലത്തേക്കു പൊയ്ക്കൊണ്ടിരുന്ന ശിഷ്യന്‍മാരുമായി ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവു സംസാരിക്കുമ്പോള്‍ "ഇതു സംഭവിച്ചിട്ട്‌ ഇത്‌ മൂന്നാം നാള്‍ ആകുന്നു" (ലൂക്കോ.24:21) എന്ന്‌ വായിക്കുന്നു. ബുധനാഴ്ചയാണ്‌ ക്രിസ്തു ക്രൂശിക്കപ്പെട്ടത്‌ എന്നു പഠിപ്പിക്കുന്നവര്‍ക്ക്‌ ഈ വാക്യം വിശദീകരിക്കുവാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്‌.

ഇതില്‍ നിന്ന്‌ മനസ്സിലാക്കേണ്ട സത്യം ഏതു ദിവസം ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്നതിന്‌ അത്ര പ്രസക്തി ഇല്ല എന്നതു തന്നെ. ഉണ്ടായിരുന്നെങ്കില്‍ അത്‌ വ്യക്തമായി പറഞ്ഞിരുന്നിരിക്കും. എന്നാല്‍ അവന്‍ വാസ്തവമായി ക്രൂശില്‍ തറക്കപ്പെട്ടു എന്നും, ശാരീരികമായി ഉയിര്‍ത്തെഴുന്നേറ്റു എന്നും, അവന്റെ മരണപുനരുദ്ധാനങ്ങള്‍ മാനവ രാശിയുടെ പാപക്ഷമയ്ക്കു മുഖാന്തിരം ആയി എന്നുമുള്ള സത്യങ്ങള്‍ അല്‍പം പോലും സംശയമില്ലാതെ വേദപുസ്തകം പഠിപ്പിക്കുന്നു. അവനില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ നിത്യജീവന്‍ ഉണ്ട്‌ എന്ന സത്യവും യോഹ.3:16, 3:36 എന്നീ വാക്യങ്ങളില്‍ നിന്ന് വ്യക്തമാണ്‌. അവന്‍ മരിച്ചത്‌ ബുധനോ, വ്യാഴമോ, വെള്ളിയോ ആയിരിക്കട്ടെ. ഏതു ദിവസം ആയിരുന്നാലും അവന്റെ മരണപുനരുദ്ധാനത്തിന്റെ പര്സക്തിക്ക്‌ ഒരിക്കലും ഭംഗം സംഭവിക്കുക ഇല്ല.