1
1 ഞങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനായ ഫിലേമോന്നു നമ്മുടെ സഹോദരി അപ്പിയെക്കും സഹസേനാനിയായ അര്‍ക്കിപ്പൊസിനും നിങ്ങളുടെ വീട്ടില്‍ കൂടുന്ന സഭയ്ക്കും
2 ക്രിസ്തുയേശുവിന്‍റെ ഒരു തടവുകാരനായ പൌലൊസും നമ്മുടെ സഹോദരന്‍ തിമൊഥെയൊസും വന്ദനങ്ങള്‍ നേരുന്നു.
3 നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
ഫിലേമോന്‍റെ സ്നേഹവും വിശ്വാസവും
4 ഞാനെപ്പോഴും നിന്നെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുകയും നിനക്കായി ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്നു.
5 കര്‍ത്താവായ യേശുവില്‍ നിനക്കുള്ള വിശ്വാസത്തെപ്പറ്റിയും ദൈവത്തിന്‍റെ സകല വിശുദ്ധജനങ്ങളോടുള്ള നിന്‍റെ സ്നേഹത്തെപ്പറ്റിയും ഞാന്‍ കേള്‍ക്കുന്നു. നിനക്കുള്ള ഈ വിശ്വാസത്തിനും സ്നേഹത്തിനും ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.
6 സകല വിശ്വാസികളുമായി നീ പങ്കിടുന്ന വിശ്വാസം നമുക്ക് ക്രിസ്തുവിലുള്ള എല്ലാ നന്മകളെയും മനസ്സിലാക്കുവാന്‍ കാരണമാകണമേ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
7 എന്‍റെ സഹോദരാ ദൈവജനത്തോടു നീ സ്നേഹം കാണിച്ചിരിക്കുന്നു. നീ അവര്‍ക്ക് സന്തോഷം നല്‍കിയിരിക്കുന്നു. ഇത് എനിക്ക് വലിയ സന്തോഷവും ആശ്വാസവും തന്നിരിക്കുന്നു.
ഒനേസിമൊസിനെ സഹോദരനായി സ്വീകരിക്കുന്നു
8 നീ ചിലതു ചെയ്യാനുണ്ട്. ക്രിസ്തുവിലുള്ള നിന്‍റെ സ്നേഹം കാരണം നീ അതു ചെയ്യണമെന്ന് ആജ്ഞാപിക്കുവാന്‍ എനിക്കു സ്വാതന്ത്ര്യം ഉണ്ട്.
9 പക്ഷേ ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നില്ല. അതു ചെയ്യുവാന്‍ നിന്നോടു ഞാന്‍ ആവശ്യപ്പെടുന്നേയുള്ളൂ. ഞാന്‍ പൌലൊസ് ആണ്. ഇപ്പോള്‍ ഞാനൊരു വൃദ്ധനും ക്രിസ്തുയേശുവിന്‍റെ തടവുകാരനുമാണ്.
10 എന്‍റെ പുത്രനായ ഒനേസിമൊസിനു വേണ്ടി ഞാന്‍ ചോദിക്കുകയാണ്. ഞാന്‍ തടവിലായിരുന്നപ്പോഴാണ് അവന്‍ എന്‍റെ പുത്രനായത്.
11 അവന്‍ നിനക്കു പണ്ട് കൊള്ളരുതാത്തവനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ എനിക്കും നിനക്കും ഉപകാരിയായിത്തീര്‍ന്നു.
12 ഞാന്‍ അവനെ നിങ്ങളുടെ അടുത്തേക്ക് തിരികെ അയയ്ക്കുന്നു. എന്‍റെ സ്വന്തം ഹൃദയം ആണ് അവന്‍റെ ഒപ്പം ഞാന്‍ അയയ്ക്കുന്നത്.
13 സുവിശേഷത്തിനുവേണ്ടി ഞാന്‍ തടവിലായിരിക്കുന്ന ഈ സമയത്ത് എന്നെ സഹായിക്കുന്നതിനായി എന്‍റെ ഒപ്പം അവനെ നിര്‍ത്തുന്നതിന് ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ക്കു വേണ്ടി അവന്‍ എന്നെ സഹായിക്കും.
14 എന്നാല്‍ ആദ്യമേ നിങ്ങളോട് ചോദിക്കാതെ ഞാന്‍ ഒന്നും ചെയ്തില്ല. അപ്പോള്‍ നിങ്ങള്‍ എനിക്കായി ചെയ്യുന്ന നല്ലതിന്‍റെ പ്രേരകശക്തി എന്‍റെ നിര്‍ബന്ധത്താലല്ല പ്രത്യുത നിങ്ങളുടെ സ്വന്തം ആഗ്രഹത്താലാണ്.
15 എല്ലാക്കാലത്തേക്കുമായി ഒനേസിമൊസിനെ നിങ്ങള്‍ക്കു ലഭിക്കാനായിരിക്കാം കുറച്ചു നാള്‍ നിങ്ങളില്‍ നിന്നും വേര്‍പിരിച്ചത്.
16 ഒരു അടിമയായല്ല, അടിമയേക്കാളും മെച്ചമായി ഒരു പ്രിയ സഹോദരനായാണ് അവനെ നിങ്ങള്‍ക്കു ലഭിക്കുന്നത്. ഞാനവനെ വളരെ സ്നേഹിക്കുന്നു. പക്ഷേ നിങ്ങള്‍ അതിലേറെയും സ്നേഹിക്കുന്നു. കര്‍ത്താവില്‍ ഒരു സഹോദരനായും മനുഷ്യനായും നിങ്ങള്‍ അവനെ സ്നേഹിക്കും.
17 എന്നെ നിങ്ങളുടെ ഒരു സുഹൃത്തായി സ്വീകരിക്കുമെങ്കില്‍ ഒനേസിമൊസിനെ സ്വീകരിക്കുക. എന്നെ സ്വാഗതം ചെയ്യുന്നതുപോലെ അവനേയും സ്വാഗതം ചെയ്യുക.
18 ഒനേസിമൊസ് നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തു എങ്കില്‍ അഥവാ നിനക്കു എന്തെങ്കിലും തരാനുണ്ടെങ്കില്‍ അത് എന്‍റെ പേരില്‍ കണക്കിടുക.
19 ഞാന്‍, പൌലൊസ് സ്വന്തം കൈകൊണ്ടു തന്നെയാണ് ഇത് എഴുതുന്നത്. ഒനേസിമൊസ് തരാനുള്ളതെല്ലാം ഞാന്‍ തിരികെ തരാം. നിങ്ങളുടെ ജീവനുവേണ്ടി തന്നെ എന്നോടുള്ള കടപ്പാടിനെപ്പറ്റി ഒന്നും ഞാന്‍ പറയുകയില്ല,
20 അതുകൊണ്ട് എന്‍റെ സഹോദരാ, കര്‍ത്താവില്‍ എനിക്കു വേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. എന്‍റെ ഹൃദയത്തെ ക്രിസ്തുവില്‍ ആശ്വസിപ്പിക്കുക.
21 ഞാനാവശ്യപ്പെടുന്നത് നീ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടാണ് ഇതെഴുതുന്നത്. ഞാനാവശ്യപ്പെടുന്നതില്‍ കൂടുതല്‍ നീ ചെയ്യുമെന്നും ഞാനറിയുന്നു.
22 കൂടാതെ, എനിക്കു താമസിക്കുവാനായി ദയവായി ഒരു മുറി ഒരുക്കുക. ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നും നിങ്ങളുടെ അടുത്തു വരാന്‍ എനിക്കു സാധിക്കുമെന്നും ഞാന്‍ ആശിക്കുന്നു.
അവസാന അഭിവാദനം
23 ക്രിസ്തുയേശുവിനുവേണ്ടി എന്നോടു കൂടി തടവിലായിരിക്കുന്ന എപ്പഫ്രാസ് നിനക്കു വന്ദനം ചൊല്ലുന്നു.
24 എന്നോടൊപ്പമുള്ള ശുശ്രൂഷകരായ മര്‍ക്കൊസും അരിസ്തര്‍ക്കൊസും ദേമാസും ലൂക്കൊസും നിങ്ങളെ വന്ദിക്കുന്നു.
25 നമ്മുടെ കര്‍ത്താവായ ക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവോടു കൂടെ ഇരിക്കുമാറാകട്ടെ.