മതില്‍ പണിതവര്‍
3
1 ഉന്നതപുരോഹിതന്‍റെ പേര്‍ എല്യാശീബ് എന്നായിരുന്നു. എല്യാശീബും അവന്‍റെ സഹോദരന്മാരായ പുരോഹിതരും കൂടി ആട്ടിന്‍വാതില്‍ പണിതു. പ്രാര്‍ത്ഥിച്ചുകൊണ്ട് അവര്‍ അത് യഹോവയ്ക്കു വിശുദ്ധമാക്കി. മതിലില്‍ യഥാസ്ഥാനത്ത് കതകുകള്‍ സ്ഥാപിച്ചു. യെരൂശലേമിന്‍റെ മതിലില്‍ ശതഗോപുരംവരെയും ഹനനയേല്‍ ഗോപുരംവരെയുമുള്ള ഭാഗം പുരോഹിതന്മാര്‍ പണിതു. പ്രാര്‍ത്ഥിച്ചു കൊണ്ട് അതും അവര്‍ യഹോവയ്ക്കു വിശുദ്ധമാക്കി.
2 പുരോഹിതര്‍ പണിതതിനപ്പുറമുള്ള മതില്‍ യെരീഹോക്കാര്‍ പണിതു. ഇമ്രിയുടെ മകന്‍ സക്കൂര്‍ യെരീഹോക്കാര്‍ പണിതതിനപ്പുറമുള്ള ഭാഗം പണിതു.
3 ഹസ്സെനാവിന്‍റെ പുത്രന്മാര്‍ മീന്‍വാതില്‍ പണിതു. അവര്‍ അതിന്‍റെ ഉത്തരങ്ങള്‍ യഥാസ്ഥാനത്ത് ഉറപ്പിച്ചു. അവര്‍ വാതില്‍ കെട്ടിടത്തിലുറപ്പിച്ചു. പിന്നെ അവര്‍ കതകുകള്‍ക്ക് പൂട്ടും താഴും പിടിപ്പിച്ചു.
4 ഹക്കോസിന്‍റെ മകനായ ഊരിയാവിന്‍റെ മകന്‍ മെരേമോത്ത് അതിനപ്പുറമുള്ള മതില്‍ പണിതു. (ഹക്കോസിന്‍റെ മകനായിരുന്നു ഊരീയാവ്.) മെശേസ്സബെയേലിന്‍റെ മകനായ ബേരെഖ്യാവിന്‍റെ മകന്‍ മെശുല്ലാം അതിനപ്പുറമുള്ള ഭാഗം പണിതു. ബാനയുടെ മകന്‍ സാദോക്ക് അടുത്ത ഭാഗം പണിതു.
5 തെക്കോവയില്‍ നിന്നുള്ളവര്‍ അതിനടുത്ത ഭാഗം പണിതു. എന്നാല്‍ അവരുടെ നേതാക്കള്‍ തങ്ങളുടെ പ്രഭുവായ നെഹെമ്യാവിനുവേണ്ടി പണിയെടുക്കാന്‍ കൂട്ടാക്കിയില്ല.
6 പാസേഹയുടെ മകന്‍ യോയാദയും ബെസോദ്യാവിന്‍റെ മകന്‍ മെശുല്ലാമും കൂടി പഴയകവാടം പണിതു. ഉത്തരങ്ങള്‍ അവര്‍ യഥാസ്ഥാനത്ത് ഉറപ്പിച്ചു. പിന്നെ അവര്‍ കതകുകളില്‍ പൂട്ടും താഴും പിടിപ്പിച്ചു.
7 ഗിബെയോന്‍കാരന്‍ മെലത്യാവും മെരോനോഥുകാരന്‍ യാദോനും കൂടി അതിനപ്പുറമുള്ള ഭാഗം പണിതു. ഗിബെയോനും മെരോനോഥും യൂഫ്രട്ടീസുനദിക്കു പടിഞ്ഞാറുള്ള ദേശത്തെ പ്രഭൂക്കളുടെ ഭരണത്തിന്‍ കീഴിലായിരുന്നു.
8 ഹര്‍ഹയ്യാവിന്‍റെ മകനും സ്വര്‍ണ്ണപ്പണിക്കാരനുമായ ഉസ്സീയേല്‍ അതിനപ്പുറമുള്ളതു പണിതു. സുഗന്ധതൈലം ഉണ്ടാക്കുന്നവരില്‍ ഒരുവനായ ഹനന്യാവ് അതിനും അപ്പുറമുള്ളതു പണിതു. അവരെല്ലാവരും കൂടി യെരൂശലേമിനെ വിശാലവാതില്‍ വരെ കെട്ടി ഉറപ്പിച്ചു.
9 ഹൂരിന്‍റെ മകന്‍ രെഫായാവ് അതിനപ്പുറമുള്ള മതില്‍ പണിതു. യെരൂശലേമിന്‍റെ പകുതിക്ക് ഭരണാധിപനായിരുന്നു രെഫായാവ്.
10 ഹരൂമഫിന്‍റെ മകന്‍ യെദായാവ് തന്‍റെ വീടിനു തൊട്ടുള്ള അടുത്തഭാഗം പണിതു. ഹശബ്നെയാവിന്‍റെ മകന്‍ ഹത്തൂശ് അതിനപ്പുറമുള്ളതു പണിതു.
11 ഹാരീമിന്‍റെ മകന്‍ മല്‍ക്കീയാവും പഹത്ത്-മോവാബിന്‍റെ മകന്‍ ഹശ്ശൂബും കൂടി അതിനപ്പുറമുള്ള ഭാഗം പണിതു. ചൂളഗോപുരം അവര്‍ നന്നാക്കി.
12 ഹല്ലോഹേശിന്‍റെ മകനായ ശല്ലൂമും അവന്‍റെ പുത്രിമാരുംകൂടി അടുത്തഭാഗം പണിതു. യെരൂശലേമിന്‍റെ മറ്റേ പകുതിയുടെ ഭരണാധിപനായിരുന്നു ശല്ലൂം.
13 ഹനൂനൂം സാനോഹ്നഗരത്തിലെ ജനങ്ങളുംകൂടി താഴ്വരവാതില്‍ നിര്‍മ്മിച്ചു. വാതിലിന് വിജാവരിയോടു കൂടിയ കതകുകളും കതകുകള്‍ക്കു പൂട്ടും താഴും പിടിപ്പിച്ചു. അഞ്ഞൂറു വാര നീളത്തില്‍ ചാരക്കൂന്പാരവാതില്‍വരെയുള്ള മതിലും അവര്‍ പണിതു.
14 രേഖാബിന്‍റെ മകനായ മല്‍ക്കീയാവ് ചാരക്കൂന്പാരവാതില്‍ ഉറപ്പിച്ചു. ബേത്ത്-ഹഖേരെം ദേശത്തിന്‍റെ ഭരണാധിപനായിരുന്നു മല്‍ക്കീയാവ്. വാതിലിന് വിജാവരിയോടുകൂടിയ കതകുകളും കതകുകള്‍ക്കു പൂട്ടും താഴും പിടിപ്പിച്ചു.
15 കൊല്‍-ഹോസെയുടെ പുത്രനായ ശല്ലൂന്‍ ജലധാരാവാതില്‍ ഉറപ്പിച്ചു. മിസ്പാദേശത്തെ ഭരണാധിപനായിരുന്നു അയാള്‍. ആ കവാടത്തിന് ശല്ലൂന്‍ മേല്പുര പണിതു. വാതിലുകള്‍ വിജാവിരികളിലുറപ്പിക്കുകയും കതകുകള്‍ക്കു പൂട്ടും താഴും പിടിപ്പിക്കുകയും ചെയ്തു. രാജാവിന്‍റെ പൂന്തോപ്പിനോടു ചേര്‍ന്നുള്ള സിലോവാം കുളത്തിന്‍റെ മതില്‍ അയാള്‍ പണിതു. ദാവീദിന്‍റെ നഗരത്തില്‍നിന്ന് ഇറങ്ങുന്ന പടികളിലേക്കുള്ള വഴിയില്‍ ശല്ലൂന്‍ മതില്‍ പണിതു.
16 അസ്ബൂക്കിന്‍റെ മകനും ബേത്ത്സൂര്‍ ദേശത്തിന്‍റെ പാതിക്കു പ്രഭുവുമായ നെഹെമ്യാവ് ദാവീദിന്‍റെ കല്ലറകളുടെ എതിരെയുള്ള സ്ഥലവും കുഴിച്ചുണ്ടാക്കിയ കുളവും വീരന്മാരുടെ മന്ദിരവും വരെയുള്ള അടുത്ത ഭാഗത്തെ മതില്‍ പണിതു.
17 ബാനിയുടെ മകനായ രെഹൂമിന്‍റെ കീഴില്‍ ലേവിയുടെ കുലത്തില്‍പെട്ടവര്‍ അതിന് അടുത്തഭാഗം പണിതു. കെയീലാദേശത്തിന്‍റെ പാതിക്കു പ്രഭുവായ ഹശബ്യാവ് തന്‍റെ ദേശത്തിന്‍റെ പേരില്‍ അതിനടുത്ത ഭാഗം പണിതു.
18 അവരുടെ സഹോദരന്മാര്‍ ഹേനാദാദിന്‍റെ മകനും കെയീലാദേശത്തിന്‍റെ മറ്റേ പാതിക്കു പ്രഭുവുമായ ബിന്നുവിയുടെ കീഴില്‍ അതിനടുത്തഭാഗം പണിതു.
19 യേശുവയുടെ മകനും മിസ്പാദേശത്തിനു പ്രഭുവുമായ ഏസെര്‍ ആയുധപ്പുരമുതല്‍ മതിലിന്‍റെ മൂലവരെയുള്ള ഭാഗം പണിതു.
20 സബ്ബായിയുടെ മകന്‍ ബാരൂക് മതിലിന്‍റെ മൂല മുതല്‍ മഹാപുരോഹിതനായ എല്യാശീബിന്‍റെ വീട്ടുപടിവരെയുള്ള അടുത്തഭാഗം അതികഠിനമായി വേല ചെയ്തു പണിതു.
21 ഹക്കോസിന്‍റെ മകനായ ഊരീയാവിന്‍റെ മകന്‍ മെരേമോത്ത് എല്യാശീബിന്‍റെ വീട്ടുപടിമുതല്‍ വീടിന്‍റെ അറ്റംവരെയുള്ള ഭാഗം പണിതു.
22 ആ പ്രദേശത്തു പാര്‍ത്തിരുന്ന പുരോഹിതര്‍ അതിനടുത്തഭാഗം പണിതു.
23 ബെന്യാമീനും ഹശ്ശൂബും താന്താങ്ങളുടെ വീടിനു നേരെയുള്ള ഭാഗം പണിതു. അനന്യാവിന്‍റെ മകനായ മയസേയാവിന്‍റെ മകന്‍ അസര്യാവ് തന്‍റെ വീടിന്‍റെ അടുത്തുള്ള ഭാഗം പണിതു.
24 ഹേനാദാദിന്‍റെ മകന്‍ ബിന്നൂവി അസര്യാവിന്‍റെ വീടുതൊട്ട് മതിലിലെ കോണുവരെയും പിന്നെ മൂലവരെയും ഉള്ളഭാഗം പണിതു.
25 ഊസായിയുടെ മകന്‍ പാലാല്‍രാജാവിന്‍റെ മാളികപ്പുരയിലെ ഗോപുരത്തിനടുത്തുള്ള മതിലിന്‍റെ കോണുമുതല്‍ പണിതു. രാജാവിന്‍റെ പാറാവുകാരുപയോഗിച്ച അങ്കണത്തിനടുത്താണ് ഈ ഗോപുരം. പരോശിന്‍റെ മകന്‍ പെദായാവ് പാലാല്‍ പണിതതിന് അടുത്തുള്ള ഭാഗം പണിതു.
26 ഓഫേല്‍കുന്നില്‍ പാര്‍ക്കുകയായിരുന്ന ആലയദാസന്മാര്‍ നീര്‍വാതിലിനു കിഴക്കും അതിനെ തൊട്ടുകിടന്ന ഗോപുരം വരെയും ഉള്ള ഭാഗമത്രയും പണിതു.
27 തെക്കോവയില്‍ നിന്നുള്ളവര്‍ അതിന്‍റെ വലിയ ഗോപുരം മുതല്‍ ഓഫേല്‍ മതില്‍വരെയുള്ള ബാക്കിഭാഗം മുഴുവന്‍ പണിതു.
28 പുരോഹിതര്‍ കുതിരവാതിലിന്നപ്പുറത്ത് താന്താങ്ങളുടെ വീടിനുനേരെയുള്ള ഭാഗം പണിതു.
29 ഇമ്മേരിന്‍റെ മകന്‍ സാദോക്ക് തന്‍റെ വീടിനു മുന്നിലുള്ള ഭാഗം പണിതു. ശെഖന്യാവിന്‍റെ മകനും കിഴക്കേവാതിലിന്‍റെ കാവല്‍ക്കാരനുമായ ശെമയ്യാവ് അതിന്‍റെ അടുത്തഭാഗം പണിതു.
30 ശെമെല്യാവിന്‍റെ മകന്‍ ഹനന്യാവും സാലാഫിന്‍റെ ആറാമത്തെ മകന്‍ ഹാനൂനും ആ മതിലിന്‍റെ ബാക്കിഭാഗം പണിതു. ബേരെഖ്യാവിന്‍റെ മകന്‍ മെശുല്ലാം തന്‍റെ വീടിന്‍റെ മുന്നിലുള്ള ഭാഗം പണിതു.
31 പൊന്‍പണിക്കാരനായ മല്‍ക്കീയാവ് പരിശോധനാവാതിലില്‍ നിന്ന് വിലങ്ങനെ, ആലയദാസന്മാരുടെയും കച്ചവടക്കാരുടെയും വീടുകള്‍വരെയും മതിലിന്‍റെ മൂലയ്ക്കു മുകളിലുള്ള മുറിവരെയും ഉള്ള ഭാഗം മുഴുവന്‍ പണിതു.
32 പൊന്‍പണിക്കാരും കച്ചവടക്കാരും കൂടി മതിലിന്‍റെ മൂലയ്ക്കു മുകളിലുള്ള മുറിമുതല്‍ ആട്ടിന്‍ കവാടംവരെയുള്ള ഭാഗം പണിതു.