നെഹെമ്യാവിനെ രാജാവ് യെരൂശലേമിലേക്കയയ്ക്കുന്നു
2
അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ ഇരുപതാം ഭരണവര്‍ഷത്തിലെ നീസാന്‍മാസത്തില്‍ ഒരിക്കല്‍ രാജാവിന്‍റെ മുന്പില്‍ കൊണ്ടുവെച്ച വീഞ്ഞു ഞാന്‍ രാജാവിന് എടുത്തുകൊടുത്തു. രാജാവിനെ സേവിച്ചു കൊണ്ടിരുന്നപ്പോള്‍ മുന്പൊരിക്കലും ഞാന്‍ ദു:ഖിതനായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ദു:ഖിതനായിരിക്കുന്നു. അതു കണ്ട രാജാവു ചോദിച്ചു, “നിനക്കു ദീനമുണ്ടോ? എന്തുകൊണ്ടാണ് നീ വളരെ ദു:ഖിതനായിരിക്കുന്നത്. നിന്‍റെ മനസ്സില്‍ ദു:ഖം നിറഞ്ഞിരിക്കുന്നതായി എനിക്കു തോന്നുന്നു.”
അപ്പോള്‍ ഞാന്‍ വളരെയധികം പേടിച്ചിരുന്നു. വളരെയേറെ പേടിച്ചുകൊണ്ടാണെങ്കിലും ഞാന്‍ രാജാവിനോടു പറഞ്ഞു, “രാജാവ് എന്നെന്നും ജീവിച്ചിരിക്കട്ടെ! എന്‍റെ പൂര്‍വ്വികരെ അടക്കിയിരിക്കുന്ന നഗരം നശിച്ചു കിടക്കുന്നു. അതിന്‍റെ വാതിലുകള്‍ തീയില്‍ നശിച്ചിരിക്കുന്നു. ഇതാണ് എന്‍റെ ദു:ഖത്തിന് കാരണം.”
അപ്പോള്‍ രാജാവു ചോദിച്ചു, “ഞാന്‍ എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?”
മറുപടി പറയുന്നതിനു മുന്പായി ഞാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. പിന്നെ ഞാന്‍ രാജാവിനോടു പറഞ്ഞു, “ഇത് രാജാവിനെ സന്തോഷിപ്പിക്കുന്നെങ്കില്‍ അങ്ങയോടു ഞാന്‍ നല്ലവനായിരുന്നെങ്കില്‍, യെഹൂദയില്‍ എന്‍റെ പൂര്‍വ്വികരെ അടക്കിയിരിക്കുന്ന യെരൂശലേമിലേക്ക് എന്നെ അയയ്ക്കണം. അവിടെപ്പോയി ആ നഗരം എനിക്ക് പുതുക്കിപ്പണിയണം.”
രാജാവിന്‍റെ ഒപ്പം രാജ്ഞിയും ഇരുന്നിരുന്നു. രാജാവും രാജ്ഞിയും എന്നോടു ചോദിച്ചു, “നിന്‍റെ യാത്രയ്ക്ക് എത്രനാള്‍ വേണ്ടിവരും? നീ എന്നു മടങ്ങിവരും?”
എന്നെ യാത്ര അയയ്ക്കാന്‍ രാജാവിനു സന്തോഷമായിരുന്നു. അതുകൊണ്ട് എന്‍റെ മടങ്ങി വരവിനെക്കുറിച്ച് ഞാന്‍ ഒരവധി പറഞ്ഞു. ഇതുംകൂടി രാജാവിനോടു പറഞ്ഞു, “വേറൊരു സഹായം കൂടി ചെയ്തു തരുവാന്‍ അങ്ങയ്ക്കു സമ്മതമാണെങ്കില്‍ ഞാന്‍ ചോദിക്കട്ടെ. യൂഫ്രട്ടീസ്നദിക്കു പടിഞ്ഞാറുള്ള ദേശങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ക്ക് കൊടുക്കാന്‍ ദയവായി കുറച്ചു കത്തുകള്‍ തരിക. യെഹൂദയിലേക്കുള്ള യാത്രയില്‍ അവരുടെ ദേശങ്ങളിലൂടെ സുരക്ഷിതനായി കടന്നുപോകാനുള്ള സമ്മതത്തിന് ഈ കത്തുകള്‍ ഉപകരിക്കും. വാതിലുകളും മതിലുകളും ആലയത്തിന്‍റെ ചുറ്റുമതിലുകളും എന്‍റെ വീടും പണിയുന്നതിനാവശ്യമായ കനമുള്ള മരത്തടികളും എനിക്കുവേണം. അതിനായി അങ്ങയുടെ വനപാലകനായ ആസാഫിനും ഒരു കത്ത് തരുമാറാകണം.”
കത്തുകളും ഞാന്‍ അപേക്ഷിച്ച സര്‍വ്വവും രാജാവ് എനിക്കു തന്നു. കാരണം ദൈവം എന്നോട് കരുണയുള്ളവനായിരുന്നു.
അങ്ങനെ യൂഫ്രട്ടീസുനദിക്കു പടിഞ്ഞാറുള്ള ദേശങ്ങളിലെത്തി ഗവര്‍ണ്ണര്‍മാരെ കണ്ട് രാജാവു തന്നയച്ച കത്തുകള്‍ ഞാന്‍ കൊടുത്തു. പടനായകന്മാരെയും കുതിരപ്പടയാളികളെയും രാജാവ് എന്നോടൊപ്പം അയച്ചിരുന്നു. 10 ഞാന്‍ ചെയ്യുകയായിരുന്ന കാര്യങ്ങളെപ്പറ്റി അറിഞ്ഞ രണ്ടുപേരുണ്ടായിരുന്നു, സന്‍ബല്ലത്തും തോബീയാവും. യിസ്രായേലുകാരെ സഹായിക്കാന്‍ ആരോ വന്നിട്ടുണ്ടെന്നു കേട്ട് അവര്‍ വളരെയധികം കോപിച്ചു. സന്‍ബല്ലത്ത് ഹോരോന്‍കാരനും തോബീയാവ് അമ്മോന്‍കാരനായ ഉദ്യോഗസ്ഥനുമായിരുന്നു.
നെഹെമ്യാവ് യെരൂശലേമിന്‍റെ മതിലുകള്‍ പരിശോധിക്കുന്നു
11-12 ഞാന്‍ യെരൂശലേമില്‍ എത്തി മൂന്നു ദിവസം തങ്ങി. പിന്നെ ഒരു രാത്രി കുറച്ചു പേരോടുകൂടി ഞാന്‍ പുറപ്പെട്ടു. യെരൂശലേമിനുവേണ്ടി ചെയ്യേണ്ടതെന്തെന്ന് ദൈവം എന്‍റെ മനസ്സില്‍ തോന്നിപ്പിച്ച കാര്യം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ഞാന്‍ കയറിയ കുതിരയല്ലാതെ വേറൊരു കുതിരയും എന്നോടൊപ്പം ഉണ്ടായിരുന്നില്ല. 13 രാത്രിയില്‍ താഴ്വരവാതിലിലൂടെ പുറത്തേക്കു കടന്നു പെരുന്പാന്പു കിണറിന്‍റെയും ചാരക്കൂന്പാരവാതിലിന്‍റെയും നേരെ ഞാന്‍ ചെന്നു. യെരൂശലേമിന്‍റെ മതില്‍ ഇടിഞ്ഞു കിടക്കുന്നതും വാതിലുകള്‍ തീ കത്തിക്കിടക്കുന്നതും ഞാന്‍ പരിശോധിച്ചു. 14 പിന്നെ ഞാന്‍ ജലധാരാവാതിലിനും രാജാവിന്‍റെ കുളത്തിനും നേരെ ചെന്നു. എന്നാല്‍ അടുത്തെത്തിയപ്പോള്‍ എന്‍റെ കുതിരയ്ക്കു കടന്നുപോകാനുള്ളത്ര ഇടം അവിടെ ഇല്ലെന്ന് എനിക്കു മനസ്സിലായി. 15 ഇരുട്ടില്‍ത്തന്നെ മതില്‍ പരിശോധിച്ചു കൊണ്ട് ഞാന്‍ താഴ്വരയിലൂടെ കയറിപ്പോയി. ഒടുവില്‍ തിരിഞ്ഞു താഴ്വര വാതിലിലൂടെ അകത്തേക്കു പോയി. 16 ഞാന്‍ എവിടെയാണു പോയതെന്നും എന്താണു ചെയ്യുന്നതെന്നും യിസ്രായേലിലെ ഉദ്യോഗസ്ഥന്മാരും പ്രമാണിമാരും അറിഞ്ഞിരുന്നില്ല. യെഹൂദരോടോ പുരോഹിതരോടോ രാജാവിന്‍റെ കുടുംബാംഗങ്ങളോടോ ഉദ്യോഗസ്ഥരോടോ വേലയെടുക്കേണ്ട മറ്റുള്ളവരോടോ ഞാന്‍ അതുവരെ ഒന്നും പറഞ്ഞിരുന്നില്ല.
17 പിന്നെ എല്ലാവരോടുമായി ഞാന്‍ പറഞ്ഞു, “നമുക്ക് ഇവിടെ ഉണ്ടായിരിക്കുന്ന കുഴപ്പം നിങ്ങള്‍ക്കു കാണാമല്ലോ. യെരൂശലേം ഇന്ന് ഒരു പാഴ്ക്കൂന്പാരം പോലെയാണ്. അതിന്‍റെ വാതിലുകള്‍ തീയില്‍ എരിഞ്ഞുപോയിരിക്കുന്നു. വരൂ, യെരൂശലേമിന്‍റെ മതില്‍ നമുക്ക് പുതുക്കിപ്പണിയാം. അപ്പോള്‍ നമുക്കിനിമേല്‍ അപമാനിതരാകേണ്ടിവരില്ല.”
18 ദൈവം എന്നോടു കാരുണ്യം കാട്ടിയതും രാജാവ് എന്നോടു പറഞ്ഞ കാര്യങ്ങളും കൂടി ഞാന്‍ അവരെ അറിയിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, “ഇപ്പോള്‍ത്തന്നെ നമുക്ക് പണി ആരംഭിക്കാം!”അങ്ങനെ ഞങ്ങള്‍ ഈ നല്ല പ്രവൃത്തി ആരംഭിച്ചു. 19 അപ്പോഴേക്കും മതില്‍ പുതുക്കിപ്പണിയെപ്പറ്റിയുള്ള വാര്‍ത്ത ഹോരാന്‍കാരന്‍ സന്‍ബല്ലത്ത് അമ്മോന്യ ഉദ്യോഗസ്ഥന്‍ തോബീയാവ്, അരാബ്യക്കാരന്‍ ഗേശെം എന്നിവര്‍ കേട്ടു. അവര്‍ ഞങ്ങളെ കഠിനമായി പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തു. അവര്‍ ഞങ്ങളോടു ചോദിച്ചു, “നിങ്ങള്‍ ഈ ചെയ്യുന്നതെന്ത്? നിങ്ങള്‍ രാജാവിന് എതിരായി തിരിയുന്നുവോ?”
20 എന്നാല്‍ അവരോടു ഞാന്‍ പറഞ്ഞത് ഇതാണ്; “സ്വര്‍ഗ്ഗത്തിലെ ദൈവം ഞങ്ങളെ വിജയിപ്പിക്കും. ദൈവത്തിന്‍റെ ദാസന്മാരായ ഞങ്ങള്‍ ഈ നഗരം പുതുക്കിപ്പണിയും. അതില്‍ നിങ്ങള്‍ക്കു ഞങ്ങളെ സഹായിക്കാനാവില്ല. നിങ്ങളുടെ കുടുംബത്തിലുള്ളവര്‍ ആരും ഇവിടെ യെരൂശലേമില്‍ താമസിച്ചിട്ടില്ല. ഈ ദേശം നിങ്ങളുടേതല്ല. ഇവിടെ നില്‍ക്കാന്‍ നിങ്ങള്‍ക്ക് ഒരവകാശവും ഇല്ല!”