നെഹെമ്യാവിന്‍റെ അന്ത്യകല്പനകള്‍
13
അന്നേദിവസം മോശെയുടെ പുസ്തകം എല്ലാവരും കേള്‍ക്കെ ഉറക്കെ വായിച്ചു. അതില്‍ ഈ ന്യായപ്രമാണം എഴുതിയിരിക്കുന്നതായി അവര്‍ കണ്ടു: ദൈവത്തിന്‍റെ സഭയില്‍ അമ്മോന്യനോ മോവാബ്യനോ ആയ ഒരുത്തനെപ്പോലും പ്രവേശിപ്പിക്കരുത്. അവര്‍ യിസ്രായേലുകാര്‍ക്ക് ആഹാരവും വെള്ളവും കൊടുക്കാതിരുന്നതും യിസ്രായേലുകാരെ ശപിക്കേണ്ടതിനു ബിലെയാമിനെ കൂലി കൊടുത്തതുമായിരുന്നു അങ്ങനെ എഴുതാന്‍ കാരണം. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ ഒരനുഗ്രഹമാക്കി മാറ്റി നമുക്കു തന്നു. ഈ ന്യായപ്രമാണം കേട്ട യിസ്രായേലുകാര്‍ അത് അനുസരിക്കുകയും അന്യദേശക്കാരുടെ പിന്‍ഗാമികളില്‍ നിന്ന് സ്വയം അകന്നു നില്‍ക്കുകയും ചെയ്തു.
4-5 എന്നാല്‍ ഇതു സംഭവിക്കുന്നതിനു മുന്പു തന്നെ ദൈവത്തിന്‍റെ ആലയത്തിലെ കലവറകളുടെ മേല്‍നോട്ടക്കാരനായ എല്യാശീബു പുരോഹിതന്‍ ആലയത്തിലെ ഒരു അറ തന്‍റെ അടുത്ത സുഹൃത്തായിരുന്ന തോബീയാവിനു കൊടുത്തുപോയിരുന്നു. ധാന്യബലികളും കുന്തുരുക്കവും ആലയത്തിന്‍റെ പാത്രങ്ങളും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചത് ആ അറയിലായിരുന്നു. ലേവ്യര്‍ക്കും പാട്ടുകാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും വേണ്ടിയുള്ള പത്തിലൊന്നു ധാന്യവും പുതിയ വീഞ്ഞും എണ്ണയും പുരോഹിതര്‍ക്കു കിട്ടിയ ദാനവസ്തുക്കളും സൂക്ഷിച്ചതും അതിലായിരുന്നു.
ഇതെല്ലാം സംഭവിക്കുന്നകാലത്ത് ഞാന്‍ യെരൂശലേമില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ അപ്പോള്‍ ബാബിലോണിലായിരുന്നു. അര്‍ത്ഥഹ്ശഷ്ടാ ബാബിലോണില്‍ രാജാവായതിന്‍റെ മുപ്പത്തിരണ്ടാം വര്‍ഷത്തില്‍ ഞാന്‍ ബാബിലോണിലേക്കു മടങ്ങിപ്പോയിരുന്നു. പിന്നീട് യെരൂശലേമിലേക്കു തിരിച്ചുപോകാന്‍ ഞാന്‍ രാജാവിന്‍റെ സമ്മതം വാങ്ങി. യെരൂശലേമില്‍ തിരിച്ചെത്തിയപ്പോള്‍ എല്യാശീബ് ചെയ്ത ദ്രോഹം ഞാന്‍ അറിഞ്ഞു. അവന്‍ നമ്മുടെ ദൈവത്തിന്‍റെ ആലയത്തില്‍ തോബീയാവിന് ഒരു അറ കൊടുത്തിരിക്കുന്നു! കോപം വന്ന് ഞാന്‍ തോബീയാവിന്‍റെ സാധനങ്ങളെല്ലാം അറയില്‍നിന്നു പുറത്തേക്കെറിഞ്ഞു. പിന്നെ അറകള്‍ വൃത്തിയാക്കി ശുദ്ധീകരിക്കുവാന്‍ കല്പിച്ചു. ശുദ്ധീകരിച്ചതിനുശേഷം ആലയത്തിലെ പാത്രങ്ങളും മറ്റു വസ്തുക്കളും ധാന്യബലികളും കുന്തിരിക്കവും ഞാന്‍ അറകളില്‍ തിരിച്ചുവച്ചു.
10 അപ്പോള്‍ ജനങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കാനുള്ള ഭാഗം കൊടുത്തിട്ടില്ലെന്നും ആയതിനാല്‍ ലേവ്യരും പാട്ടുകാരും അവരവരുടെ വയലുകളില്‍ ജോലിക്കു തിരിച്ചു പോയിരിക്കയാണെന്നും ഞാന്‍ അറിഞ്ഞു. 11 അതിനു ഞാന്‍ പ്രമാണികളെ വിളിച്ചു ശാസിച്ചു. “ദൈവത്തിന്‍റെ ആലയത്തിന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നതെന്ത്?”എന്നു ഞാന്‍ അവരോടു ചോദിച്ചു. പിന്നെ സകല ലേവ്യരെയും വിളിച്ചുകൂട്ടി അവരോടു ആലയത്തില്‍ അവരവരുടെ സ്ഥാനത്തും ജോലിയിലും തിരിച്ചുചെല്ലാന്‍ ഞാന്‍ പറഞ്ഞു. 12 അതിനുശേഷം യെഹൂദയിലെ സകലജനങ്ങളും പത്തിലൊന്നു ധാന്യവും പുതിയ വീഞ്ഞും എണ്ണയും ആലയത്തിലേക്കു കൊണ്ടുവരികയും അതെല്ലാം കലവറകളില്‍ ഇടുകയും ചെയ്തു.
13 ഞാന്‍ ശേലെമ്യാവു പുരോഹിതനെയും നിയമജ്ഞനായ സാദോക്കിനെയും പെദായാവ് എന്ന ലേവ്യനെയും കലവറകളുടെ മേല്‍ നോട്ടക്കാരായും മത്ഥന്യാവിന്‍റെ മകനായ സക്കൂരിന്‍റെ മകന്‍ ഹാനാനെ അവര്‍ക്കു സഹായിയായും വെച്ചു. ഇവരെ ആശ്രയിക്കാമെന്ന് എനിക്കറിയാമായിരുന്നു. സംഭരിച്ചത് തങ്ങളുടെ ബന്ധുക്കള്‍ക്കു കൊടുക്കലായിരുന്നു അവരുടെ ഉത്തരവാദിത്വം.
14 ദൈവമേ, ഞാന്‍ ചെയ്ത ഈ കാര്യങ്ങളെച്ചൊല്ലി എന്നെ ഓര്‍ക്കേണമെ. എന്‍റെ ദൈവത്തിന്‍റെ ആലയത്തിനും അതിലെ വേലകള്‍ക്കും വേണ്ടി ഞാന്‍ വിശ്വാസപൂര്‍വ്വം ചെയ്ത കാര്യങ്ങളൊന്നും മറക്കരുതേ.
15 ആ കാലത്ത് യെഹൂദയിലെ ജനങ്ങള്‍ ശബ്ബത്തുനാളില്‍ വീഞ്ഞുണ്ടാക്കാന്‍വേണ്ടി മുന്തിരി ഞെക്കുന്നതും ധാന്യം കൊണ്ടുവന്നു കഴുതപ്പുറത്ത് കയറ്റുന്നതും മുന്തിരിയും അത്തിപ്പഴവും മറ്റു പലതരം സാധനങ്ങളും യെരൂശലേമിലേക്കു കൊണ്ടുവരുന്നതും ഞാന്‍ കണ്ടു. അതിനാല്‍ ശബ്ബത്തുനാളില്‍ ഇതൊന്നും ചെയ്യരുതെന്നും ഭക്ഷണസാധനങ്ങള്‍ വില്‍ക്കരുതെന്നും ഞാന്‍ അവരെ താക്കീതു ചെയ്തു.
16 ടൈര്‍പട്ടണക്കാരായ ചിലര്‍ അക്കാലത്ത് യെരൂശലേമില്‍ പാര്‍ത്തിരുന്നു. ശബ്ബത്തുനാളില്‍ അവര്‍ മത്സ്യവും മറ്റു പല വസ്തുക്കളും യെരൂശലേമില്‍ കൊണ്ടുവന്ന് വില്പന നടത്തുമായിരുന്നു. യെഹൂദന്മാര്‍ അത് വാങ്ങിയുമിരുന്നു. 17 യെഹൂദയിലെ പ്രമാണിമാരെ വിളിച്ചു ഞാന്‍ പറഞ്ഞു, “നിങ്ങള്‍ ചെയ്യുന്നതു വലിയ ദ്രോഹമാണ്. മറ്റേതുനാളും പോലെയുള്ളൂ ശബ്ബത്തുനാളും എന്നു വരുത്തി നിങ്ങള്‍ ശബ്ബത്തിനെ നശിപ്പിക്കുകയാണ്. 18 ഇതുപോലെ നിങ്ങളുടെ പൂര്‍വ്വികര്‍ ചെയ്തതിനാണ് ദൈവം നമ്മുടെമേലും ഈ നഗരത്തിനുമേലും എല്ലാ കഷ്ടപ്പാടുകളും നാശവും വരുത്തിയതെന്ന് നിങ്ങള്‍ക്ക് അറിവുള്ളതാണ്. ഇപ്പോള്‍ നിങ്ങളും അതുതന്നെ ചെയ്യുന്നു. യിസ്രായേലിന് കൂടുതല്‍ ആപത്തുകള്‍ സംഭവിക്കും. കാരണം ശബ്ബത്തുനാളിന് ഒരു പ്രാധാന്യവുമില്ലെന്നു വരുത്തിക്കൊണ്ട് നിങ്ങള്‍ അതിനെ നശിപ്പിക്കുകയാണ്.”
19 പിന്നെ ഇതാണു ഞാന്‍ ചെയ്തത്. എല്ലാ വെള്ളിയാഴ്ചയും സന്ധ്യയ്ക്കുമുന്പ് യെരൂശലേമിലെ വാതിലുകള്‍ അടച്ചു താഴിടണമെന്നും ശബ്ബത്തുനാള്‍ കഴിഞ്ഞേ അവ തുറക്കാവൂ എന്നും വാതില്‍ കാവല്‍ക്കാരോടു ഞാന്‍ കല്പിച്ചു. ശബ്ബത്തു നാളില്‍ ഒരൊറ്റത്തലച്ചുമടും യെരൂശലേമിലേക്കു കടത്തിവിടരുതെന്നു ചട്ടംകെട്ടി എന്‍റെ സ്വന്തം ആളുകളില്‍ ചിലരെ വാതിലുകള്‍ക്കു പാറാവും നിര്‍ത്തി.
20 ഇതുകാരണം കച്ചവടക്കാര്‍ക്ക് ഒന്നോ രണ്ടോ പ്രാവശ്യം യെരൂശലേമിനു വെളിയില്‍ രാത്രിയില്‍ വസിക്കേണ്ടിവന്നിരുന്നു. 21 “മേലില്‍ മതിലിനു മുന്പില്‍ രാത്രിയില്‍ വസിക്കരുത്. ഈ താക്കീതു തെറ്റിച്ചാല്‍ നിങ്ങളെ ഞാന്‍ തടവില്‍ പിടിക്കും”എന്നു ഞാന്‍ അവരെ താക്കീതു ചെയ്തു. അതിനുശേഷം ശബ്ബത്തു നാളില്‍ കച്ചവടത്തിനായി അവര്‍ വരാതായി.
22 പിന്നെ, സ്വയം ശുദ്ധീകരിച്ചതിനുശേഷം മാത്രമേ വാതില്‍ക്കാവലിനു പോകാവൂ എന്ന് ലേവ്യരോടു ഞാന കല്പിച്ചു. അങ്ങനെ ചെയ്തതു ശബ്ബത്തുനാളിനെ ഒരു വിശുദ്ധദിനമായി നിലനിര്‍ത്താന്‍ വേണ്ടി ആയിരുന്നു.
ദൈവമേ, ഇതെല്ലാം ചെയ്തതിന് എന്നെ സദയം ഓര്‍ക്കേണമേ. എന്നില്‍ ദയയും നിന്‍റെ അളവറ്റ സ്നേഹവും ചൊരിയേണമെ!
23 ആ കാലത്ത് യെഹൂദരില്‍ ചിലര്‍ അസ്തോദ്, അമ്മോന്‍, മോവാബ് എന്നീ ദേശക്കാരായ സ്ത്രീകളെ വിവാഹം ചെയ്തതായി ഞാന്‍ അറിഞ്ഞു. 24 അതിലുണ്ടായ കുട്ടികളില്‍ പാതിപ്പേര്‍ക്ക് യെഹൂദഭാഷ വശമില്ലായിരുന്നു. അവര്‍ അസ്തോദിലെയോ അമ്മോനിലെയോ മോവാബിലെയോ ഭാഷ സംസാരിച്ചു. 25 അവര്‍ ചെയ്തതു തെറ്റാണെന്നു പറഞ്ഞ് ഞാന്‍ അവരെ ശകാരിച്ചു. അവരില്‍ ചിലരെ ഞാന്‍ അടിക്കുകയും അവരുടെ മുടി പറിച്ചെടുക്കുകയും ചെയ്തു. ദൈവനാമത്തില്‍ സത്യം ചെയ്യാന്‍ ഞാനവരെ നിര്‍ബ്ബന്ധിച്ചു. എന്നിട്ട് അവരോടു പറഞ്ഞു, “പുറംദേശക്കാരുടെ പെണ്‍മക്കളെ ഒരു കാരണവശാലും നിങ്ങള്‍ വിവാഹം ചെയ്യരുത്. നിങ്ങളുടെ പുത്രന്മാരെ വിവാഹം ചെയ്യാന്‍ അവരുടെ പെണ്‍മക്കളെ അനുവദിക്കരുത്. അവരുടെ ആണ്‍മക്കളെ വിവാഹം ചെയ്യാന്‍ നിങ്ങളുടെ പുത്രിമാരെ അനുവദിക്കരുത്. 26 ഇത്തരം വിവാഹങ്ങളാണ് ശലോമോനെക്കൊണ്ടു പാപം ചെയ്യിച്ചതെന്ന് നിങ്ങള്‍ക്കും അറിവുള്ളതാണ്. ഇത്രയധികം രാഷ്ട്രങ്ങളുടെ ഇടയില്‍ അവനെപ്പോലെ മഹാനായ വേറൊരു രാജാവുണ്ടായിരുന്നില്ല. ദൈവം ശലോമോനെ സ്നേഹിച്ചു. ദൈവം ശലോമോനെ യിസ്രായേല്‍രാഷ്ട്രത്തിന്‍റെ മുഴുവന്‍ രാജാവാക്കുകയും ചെയ്തു. ആ ശലോമോനുപോലും അന്യദേശക്കാരികള്‍ കാരണം പാപം ചെയ്യേണ്ടിവന്നു. 27 ഇപ്പോള്‍ നിങ്ങളും ആ മഹാപാപം ചെയ്യുകയാണെന്ന് ഞങ്ങള്‍ കേള്‍ക്കുന്നു. അന്യദേശക്കാരികളെ വിവാഹം ചെയ്യുന്ന നിങ്ങള്‍ ദൈവത്തോടു സത്യമുള്ളവരല്ല.” 28 മഹാപുരോഹിതനായ എല്യാശീബിന്‍റെ മകനായിരുന്നു യോയാദ. യോയാദയുടെ പുത്രന്മാരില്‍ ഒരുത്തന്‍ ഹോരാന്‍കാരനായ സന്‍ബല്ലത്തിന്‍റെ ജാമാതാവായിരുന്നു. അവനെ ഞാന്‍ ഇവിടെനിന്ന് ഓടിച്ചുകളഞ്ഞു.
29 എന്‍റെ ദൈവമേ, അവരെ ശിക്ഷിക്കേണമേ. അവര്‍ പൌരോഹിത്യത്തെ മലിനമാക്കിയിരിക്കുന്നു. അവര്‍ പൌരോഹിത്യത്തെ ഗൌരവമായി എടുത്തില്ല. പുരോഹിതരോടും ലേവ്യരോടും നീ ഉണ്ടാക്കിയ കരാര്‍ അവര്‍ പാലിച്ചുമില്ല. 30 ആയതിനാല്‍ പുരോഹിതരെയും ലേവ്യരെയും ഞാന്‍ വൃത്തിയും ശുദ്ധിയും ഉള്ളവരാക്കിയിരിക്കുന്നു. മുഴുവന്‍ അന്യദേശക്കാരെയും അവരുടെ ലക്ഷണം കെട്ട പ്രബോധനങ്ങളെയും ഞാന്‍ നീക്കിക്കളഞ്ഞിരിക്കുന്നു. പുരോഹിതര്‍ക്കും ലേവ്യര്‍ക്കും അവരുടെ സ്വന്തം ജോലികളും ഉത്തരവാദിത്വങ്ങളും കൊടുത്തിരിക്കുന്നു. 31 നിശ്ചിതസമയങ്ങളില്‍ വിറകും കന്നിഫലങ്ങളും ജനങ്ങള്‍ ദാനങ്ങളായി കൊണ്ടുവരുമെന്ന് ഉറപ്പുവരുത്തിയിരിക്കുന്നു. എന്‍റെ ദൈവമേ, ഈ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന്‍റെ പേരില്‍ എന്നെ ഓര്‍ക്കേണമേ.