പുരോഹിതരും ലേവ്യരും
12
ശെയല്‍തീയേലിന്‍റെ മകനായ സെരുബ്ബാബേലിന്‍റെയും യേശുവയുടെയും കൂടെ യെഹൂദയിലേക്കു തിരിച്ചുവന്ന പുരോഹിതരും ലേവ്യരും ഇവരാകുന്നു: സെരായാവ്, യിരെമ്യാവ്, എസ്രാ, അമര്യാവ്, മല്ലൂക്, ഹത്തൂശ്, ശെഖന്യാവ്, രെഹൂം, മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി, അബീയ്യാവ്, മീയാമീന്‍, മയദ്യാവ്, ബില്‍ഗാ, ശെമയ്യാവ്, യോയാരീബ്, യെദായാബ്, സല്ലൂ, ആമോക്, ഹില്‍ക്കീയാവ്, യെദായാവ്. ഇവര്‍ യേശുവയുടെ കാലത്ത് പുരോഹിതരുടെയും അവരുടെ ബന്ധുക്കളുടെയും തലവന്മാര്‍ ആയിരുന്നു.
ലേവ്യര്‍ ഇവരായിരുന്നു: യേശുവ, ബിന്നൂവി, കദ്മീയേല്‍, ശേരെബ്യാവ്, യെഹൂദാ, മത്ഥന്യാവ്. ദൈവത്തിനുള്ള സ്തോത്രഗാനങ്ങളുടെ ചുമതല ഇവര്‍ക്കും മത്ഥന്യാവിന്‍റെ ബന്ധുക്കള്‍ക്കുമായിരുന്നു. ബക്ക്ബൂക്ക്യാവും ഉന്നോവും ഈ ലേവ്യരുടെ ബന്ധുക്കളായിരുന്നു. ശുശ്രൂഷകളില്‍ ഈ രണ്ടുപേരും ലേവ്യരുടെ എതിര്‍വശത്തുനിന്നു. 10 യേശുവ യോയാക്കീമിന്‍റെ പിതാവായിരുന്നു. യോയാക്കീം എല്യാശീബിന്‍റെ പിതാവായിരുന്നു. എല്യാശീബ് യോയാദയുടെ പിതാവായിരുന്നു. 11 യോയാദാ യോനാഥാന്‍റെ പിതാവായിരുന്നു. യോനാഥാന്‍ യദ്ദൂവയുടെ പിതാവായിരുന്നു.
12 യോയാക്കീമിന്‍റെ കാലത്ത് പുരോഹിതകുടുംബങ്ങളുടെ തലവന്മാര്‍ ഇവരായിരുന്നു:
സെറായാകുലത്തിന് മെരായ്യാവ്.
യിരെമ്യാകുലത്തിന് ഹനന്യാവ്.
13 എസ്രാകുലത്തിന് മെശുല്ലാം.
അമര്യാകുലത്തിന് യെഹോഹാനാന്‍.
14 മല്ലൂക്കുകുലത്തിന് യോനാഥാന്‍.
ശെബന്യാ കുലത്തിന് യോസേഫ്.
15 ഹാരീംകുലത്തിന് അദ്നാ.
മെരായോത്തുകുലത്തിന് ഹെല്‍ക്കായി
16 ഇദ്ദോകുലത്തിന് സെഖര്യാവ്.
ഗിന്നെഥോന്‍കുലത്തിന് മെശുല്ലാം.
17 അബീയാകുലത്തിന് സിക്രി.
മിന്യാമീന്‍കുലത്തിനും മോവാദ്യ കുലത്തിനും പില്‍തായി.
18 ബില്‍ഗാകുലത്തിന് ശമ്മൂവ.
ശെമയ്യാകുലത്തിന് യെഹോനാഥാന്‍.
19 യോയാരീബുകുലത്തിന് മഥെനായി.
യെദായാകുലത്തിന് ഉസ്സി.
20 സല്ലായികുലത്തിന് കല്ലായി.
ആമോകുലത്തിന് ഏബെര്‍.
21 ഹില്‍ക്കീയാവുകുലത്തിന് ഹശബ്യാവ്.
യെദായാകുലത്തിന് നെഥനയേല്‍.
22 എല്യാശീബും യോയാദായും യോഹാനാനും യദ്ദൂവയും ജീവിച്ചകാലങ്ങളിലുള്ള ലേവ്യരുടെയും പുരോഹിതരുടെയും കുടുംബനേതാക്കന്മാരുടെ പേരുകള്‍ എഴുതിവച്ചതു പാര്‍സിരാജാവായ ദാര്യാവേശിന്‍റെ ഭരണകാലത്തായിരുന്നു. 23 ലേവ്യകുടുംബത്തിന്‍റെ പിന്‍ഗാമികളിലെ കുടുംബനേതാക്കന്മാര്‍ എല്യാശീബിന്‍റെ മകന്‍ യോഹാനാന്‍റെ കാലംവരെ ആരൊക്കെയെന്ന് ദിനവൃത്താന്തപുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. 24 ഹശബ്യാവും ശേരെബ്യാവും കദ്മീയേലിന്‍റെ മകന്‍ യേശുവയും അവരുടെ സഹോദരന്മാരും ആയിരുന്നു ലേവ്യരുടെ കുടുംബനേതാക്കന്മാര്‍. ദൈവപുരുഷനായ ദാവീദിന്‍റെ കല്പനപ്രകാരം അവരും സഹോദരന്മാരും അന്യോന്യം എതിര്‍വശങ്ങളില്‍ നിന്നുകൊണ്ട് പ്രതിവചനരൂപത്തിലാണ് ദൈവത്തിനു സ്തുതിയും സ്തോത്രവും പാടിപ്പോന്നത്.
25 വാതിലുകള്‍ക്കു തൊട്ടടുത്തുള്ള കലവറകള്‍ക്കു കാവല്‍ നിന്നവര്‍ ഇവരാകുന്നു: മത്ഥന്യാവ്, ബക്ക്ബൂക്ക്യാവ്, ഓബദ്യാവ്, മെശുല്ലാം, തല്‍മോന്‍, അക്കൂബ്. 26 അവര്‍ യോസാദാക്കിന്‍റെ മകനായ യേശുവയുടെ മകനായ യോയാക്കീമിന്‍റെ കാലത്തും ദേശവാഴിയായ നെഹെമ്യാവിന്‍റെ കാലത്തും ശാസ്ത്രിയും പുരോഹിതനുമായ എസ്രായുടെ കാലത്തും ആ കലവറ സൂക്ഷിപ്പുകാരായി സേവിച്ചു.
യെരൂശലേമിലെ മതിലിന്‍റെ സമര്‍പ്പണം
27 യെരൂശലേമിലെ മതില്‍ ജനങ്ങള്‍ സമര്‍പ്പിച്ചു. സമര്‍പ്പണം ആഘോഷിക്കുന്നതിലേക്കായി ലേവ്യരെ മുഴുവന്‍ അവര്‍ വസിച്ചുപോന്ന പട്ടണങ്ങളില്‍നിന്ന് ജനങ്ങള്‍ യെരൂശലേമിലേക്കു വരുത്തി. കൈത്താളങ്ങളും കിന്നരങ്ങളും വീണകളും വായിച്ചുകൊണ്ട് മഹത്വമുള്ള ദൈവത്തിനു സ്തുതിഗീതങ്ങള്‍ പാടുവാനാണ് അവര്‍ വന്നത്.
28-29 അങ്ങനെ യെരൂശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിലെ എല്ലാ പാട്ടുകാരും യെരൂശലേമിലെത്തി. നെതോഫാത്തില്‍നിന്നും ബേത്ത്-ഗില്‍ഗാലില്‍നിന്നും ഗേബയില്‍നിന്നും അസ്മാവെത്തില്‍നിന്നും അവര്‍ വന്നു. യെരൂശലേമിനുചുറ്റും താമസിച്ചിടത്തെല്ലാം പാട്ടുകാര്‍ സ്വന്തം ചെറുപട്ടണങ്ങള്‍ പണിതിരുന്നു.
30 പുരോഹിതരും ലേവ്യരും ആദ്യം തങ്ങളെത്തന്നെയും പിന്നെ യെരൂശലേമിലെ ജനങ്ങളെയും വാതിലുകളെയും മതിലിനെയും ആചാരപ്രകാരം ശുദ്ധീകരിച്ചു.
31 യെഹൂദയിലെ പ്രഭുക്കളോടു മതിലിന്‍റെ മുകളില്‍ കയറിനില്‍ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ദൈവത്തിനു സ്തോത്രം പാടുന്നതിനായി രണ്ടു വലിയ ഗായകസംഘങ്ങളെ ഞാന്‍ തെരഞ്ഞെടുത്തു. അതിലൊരു സംഘം മതിലിനുമുകളില്‍ വലത്തുഭാഗത്ത് കുപ്പവാതിലിനു നേരെ കയറിപ്പോകാനുള്ളതായിരുന്നു. 32 ഹോശയ്യാവും യെഹൂദയിലെ നേതാക്കളില്‍ പകുതിപ്പേരും ആ ഗായകരെ അനുഗമിച്ചു. 33 അസര്യാവും എസ്രയും മെശുല്ലാമും 34 യെഹൂദയും ബെന്യാമീനും ശെമയ്യാവും യിരെമ്യാവും കാഹളങ്ങളെടുത്തുകൊണ്ടു 35 ചില പുരോഹിതരും സെഖര്യാവും മതിലുവരെയും അവരെ അനുഗമിച്ചു. (ആസാഫിന്‍റെ മകനായ സക്കൂരിന്‍റെ മകനായ മീഖായാവിന്‍റെ മകനായ മത്ഥന്യാവിന്‍റെ മകനായ ശെമയ്യാവിന്‍റെ മകനായ യോനാഥാന്‍റെ മകനായിരുന്നു സെഖര്യാവ്.) 36 ദൈവമനുഷ്യനായ ദാവീദ് ഉണ്ടാക്കിയ വാദ്യോപകരണങ്ങള്‍ എടുത്തുകൊണ്ട് ആസാഫിന്‍റെ സഹോദരന്മാരായ ശെമയ്യാവും അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദയും ഹനാനിയും കൂടി അവരെ അനുഗമിച്ചു. നിയമജ്ഞനായ എസ്രാ ജനങ്ങളുടെ സംഘത്തെ മതിലിന്‍റെ സമര്‍പ്പണത്തിനായി നയിച്ചു. 37 അവര്‍ ജലധാരാക്കവാടം കടന്ന് ദാവീദിന്‍റെ നഗരംവരെയുള്ള പടികള്‍ കയറി മതിലിന്‍റെ മുകളില്‍ക്കൂടി ദാവീദിന്‍റെ അരമനയ്ക്കപ്പുറമുള്ള നീര്‍വാതിലിനുനേരെ നടന്നു. നഗരഭിത്തിക്കു മുകളിലായിരുന്നു അവര്‍. ദാവീദിന്‍റെ അരമനയ്ക്കപ്പുറത്തായി നീര്‍വാതില്‍വരെ അവര്‍ ചെന്നു.
38 രണ്ടാമത്തെ ഗായകസംഘം ഇടത്ത്, എതിര്‍വശത്തേക്കു നടന്നു. അവര്‍ മതിലിനുമുകളില്‍ കയറുന്പോള്‍ ഞാനും ജനങ്ങളില്‍ പകുതിപ്പേരും ഒപ്പം ചെന്നു. അവര്‍ ചൂളഗോപുരം കടന്ന് വിശാലമതില്‍വരെയും ചെന്നു. 39 പിന്നെ എഫ്രയീംവാതിലും പഴയവാതിലും മീന്‍വാതിലും ഹനനേലിന്‍റെ ഗോപുരവും ശതഗോപുരവും കടന്ന് ആട്ടുവാതില്‍വരെ ചെന്നു. ഒടുവില്‍ കാവല്‍വാതില്‍ക്കല്‍ എത്തി നിന്നു. 40 അതിനുശേഷം രണ്ടു ഗായകസംഘങ്ങളും ദൈവത്തിന്‍റെ ആലയത്തിന്‍റെ അകത്തു കടന്ന് അതതിന്‍റെ സ്ഥാനത്തുനിന്നു. ഞാന്‍ എന്‍റെ സ്ഥാനത്തു നിന്നു. ഉദ്യോഗസ്ഥരില്‍ പകുതി ആലയത്തില്‍ അവരുടെ സ്ഥലങ്ങളിലും നിന്നു. 41 കാഹളങ്ങള്‍ എടുത്തുകൊണ്ട് പുരോഹിതരായ എല്യാക്കീമും മയസേയാവും മിന്യാമീനും മീഖായാവും എല്യോവേനായിയും സെഖര്യാവും ഹനന്യാവും അവര്‍ക്കു പുറമെ പുരോഹിതര്‍ തന്നെയായ 42 മയസേയാവും ശെമയ്യാവും എലെയാസാരും ഉസ്സിയും യെഹോഹാനാനും മല്‍ക്കീയാവും ഏലാമും ഏസെറുംകൂടി ആലയത്തില്‍ അവരവരുടെ സ്ഥാനങ്ങളില്‍ നിന്നു.
പിന്നെ യിസ്രഹ്യാവിന്‍റെ നേതൃത്വത്തില്‍ രണ്ടു ഗായകസംഘങ്ങളും പാടിത്തുടങ്ങി. 43 ആ വിശേഷദിവസം പുരോഹിതര്‍ പല ബലികളും അര്‍പ്പിച്ചു. എല്ലാവരും വളരെ സന്തോഷിച്ചു. ദൈവം എല്ലാവരെയും വളരെ സന്തോഷിപ്പിച്ചിരുന്നു. സ്ത്രീകളും കുട്ടികളുംകൂടി അത്യധികം ആഹ്ളാദിച്ചിരുന്നു. യെരൂശലേമില്‍ നിന്നുയര്‍ന്ന സന്തോഷാരവം ദൂരെയുള്ളവര്‍ക്കു പോലും കേള്‍ക്കാമായിരുന്നു.
44 കലവറകളുടെ മേല്‍നോട്ടക്കാരെ അന്നേ ദിവസം നിശ്ചയിച്ചിരുന്നു. ജനങ്ങള്‍ കൊണ്ടു വന്ന കന്നിഫലങ്ങളും പത്തിലൊന്നു വിളവും മേല്‍നോട്ടക്കാര്‍ വാങ്ങി കലവറകളില്‍ സൂക്ഷിച്ചു. വേലയെടുത്തു നിന്ന പുരോഹിതരോടും ലേവ്യരോടും വളരെ സന്തോഷം തോന്നിയ യെഹൂദര്‍ കലവറയിലേക്ക് ഒട്ടനവധി വസ്തുക്കള്‍ കൊണ്ടുവന്നു. 45 പുരോഹിതരും ലേവ്യരും ദൈവത്തിന്‍റെ വേല ചെയ്യുകയായിരുന്നുവല്ലോ. അവര്‍ ജനങ്ങളെ ശുദ്ധീകരിക്കാനുള്ള ആചാരങ്ങളും, പാട്ടുകാരും വാതില്‍ കാവല്‍ക്കാരും അവരവരുടെ ജോലികളും, ദാവീദും ശലോമോനും കല്പിച്ചിരുന്നതുപോലെ ചെയ്തു. 46 (പണ്ടു ദാവീദിന്‍റെ കാലത്ത് തലവനായിരുന്നു ആസാഫ്. ദൈവത്തിനു നന്ദിയും സ്തുതിയും അര്‍പ്പിക്കുന്ന കുറെ പാട്ടുകള്‍ അവനുണ്ടായിരുന്നു.)
47 എല്ലാ യിസ്രായേലുകാരും സെരുബ്ബാബേലിന്‍റെയും നെഹെമ്യാവിന്‍റെയും കാലത്ത് എല്ലാ ദിവസവും പാട്ടുകാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും വേണ്ട ഉപജീവനം കൊടുത്തിരുന്നു. മറ്റു ലേവ്യര്‍ക്കുവേണ്ട പണവും അവര്‍ നീക്കി വെച്ചു. ലേവ്യരാകട്ടെ അങ്ങനെ കിട്ടിയ പണം അഹരോന്‍റെ (പുരോഹിതരുടെ) പിന്‍ഗാമികള്‍ക്കായി നീക്കിവെച്ചു.