സഭയെ സഹായിക്കാന്‍ ആത്മീയാനുഗ്രഹങ്ങള്‍ ഉപയോഗിക്കൂ
14
നിങ്ങള്‍ വച്ചുപുലര്‍ത്തേണ്ടത് സ്നേഹമാണ്. ആത്മീയാനുഗ്രഹങ്ങളും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമാക്കണം. പ്രവചനമാണ് നിങ്ങള്‍ ഏറ്റവും ആഗ്രഹിക്കേണ്ടത്. ഇതെന്തുകൊണ്ടാണെന്ന് ഞാന്‍ വിശദീകരിക്കാം. വിവിധ ഭാഷകളില്‍ സംസാരിക്കാനുള്ള വരം കിട്ടിയവന്‍ ജനങ്ങളോടല്ല സംസാരിക്കുന്നത്. ദൈവത്തോടാണയാള്‍ സംസാരിക്കുന്നത്. അയാളെ ആര്‍ക്കും മനസ്സിലാകുകയില്ല. അയാള്‍ ആത്മാവിലൂടെ രഹസ്യങ്ങളാണ് സംസാരിക്കുന്നത്. പ്രവചിക്കുന്നവനാണ് ജനങ്ങളോടു സംസാരിക്കുന്നത്. അവന്‍ ജനങ്ങള്‍ക്കു ശക്തിയും പ്രോത്സാഹനവും ആശ്വാസവും നല്‍കുന്നു. പല ഭാഷകളില്‍ സംസാരിക്കുന്നവന്‍ സ്വയം സഹായിക്കുക മാത്രമാണ്. പക്ഷേ പ്രവചിക്കുന്നവന്‍ മുഴുവന്‍ സഭയേയും സഹായിക്കുന്നു.
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വിവിധ ഭാഷകളില്‍ സംസാരിക്കാനുള്ള കഴിവുണ്ടാകണമെന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍ പ്രവചിക്കാനുള്ള അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകണമെന്ന് ഞാന്‍ പ്രത്യേകം ആഗ്രഹിക്കുന്നു. വിവധ ഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ളവനെക്കാള്‍ ശ്രേഷ്ഠനാണ് പ്രവചിക്കാന്‍ കഴിയുന്നവന്‍. വിവിധ ഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ളവന് ആ ഭാഷകള്‍ വിവര്‍ത്തനം ചെയ്യാന്‍കൂടി കഴിയുമെങ്കില്‍ അവന്‍ പ്രവചിക്കാന്‍ കഴിയുന്നവനു തുല്യനാണ്. അപ്പോള്‍ അവന്‍ പറയുന്നവയിലൂടെ സഭയ്ക്ക് സഹായം കിട്ടും.
സഹോദരീ സഹോദരന്മാരേ, ഞാന്‍ പലഭാഷകള്‍ സംസാരിച്ചുകൊണ്ട് നിങ്ങളെ സമീപിച്ചാല്‍ അതു നിങ്ങളെ സഹായിക്കുമോ? ഇല്ല! ഞാന്‍ ഒരു പുതിയ സത്യമോ, ചില അറിവോ, ചില പ്രവചനമോ, ചില ഉപദേശമോ കൊണ്ടു വന്നാലല്ലാതെ അതു നിങ്ങളെ സഹായിക്കില്ല. ഓടക്കുഴലോ വീണയോ പോലുള്ള ശബ്ദമുണ്ടാക്കുന്ന നിര്‍ജ്ജീവസാധനങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാവാം. വ്യത്യസ്തനാദങ്ങള്‍ വ്യക്തമാക്കിയില്ലെങ്കില്‍, എന്തു പാട്ടാണതെന്നു നിങ്ങള്‍ക്കു മനസ്സിലാകില്ല. ഈണം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഓരോ നാദവും വളരെ വ്യക്തമായി മീട്ടപ്പെടണം. യുദ്ധത്തില്‍ കാഹളം വ്യക്തമായി മുഴക്കപ്പെട്ടില്ലെങ്കില്‍ യുദ്ധത്തിന് സജ്ജരാകേണ്ടത് എപ്പോഴാണെന്നു പട്ടാളക്കാര്‍ക്കറിയാന്‍ കഴിയില്ല.
ങ്ങള്‍ക്കും അങ്ങനെ തന്നെ. നിങ്ങളുടെ നാക്കു കൊണ്ട് പറയപ്പെടുന്ന വാക്കുകള്‍ വ്യക്തമായിരിക്കണം. നിങ്ങള്‍ക്കു വ്യക്തമായി പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ പറയുന്നത് ആര്‍ക്കും മനസ്സിലാകില്ല. നിങ്ങള്‍ വായുവിനോടു പ്രസംഗിക്കുന്നതു പോലിരിക്കും! 10 ലോകത്തു അത്രയധികം വ്യത്യസ്ത രീതിയിലുള്ള ഭാഷകളുണ്ടെന്നതു സത്യമാണ്. അവയ്ക്കെല്ലാം അര്‍ത്ഥവുമുണ്ട്. 11 അതുകൊണ്ട് ഒരുവന്‍ പറയുന്നത് എനിക്കു മനസ്സിലായില്ലെങ്കില്‍ അയാള്‍ അപരിചിതമായ കാര്യങ്ങള്‍ പറയുന്നുവെന്ന് ഞാന്‍ കരുതും, ഞാന്‍ പ്രാകൃതമായി സംസാരിക്കുന്നുവെന്ന് അയാളും കരുതും. 12 നിങ്ങളെ സംബന്ധിച്ചും അങ്ങനെ തന്നെ. നിങ്ങള്‍ വളരെ ആത്മീയ വരങ്ങള്‍ ആഗ്രഹിക്കുന്നു. സഭയെ ശക്തമായി വളര്‍ത്തുവാന്‍ സഹായിക്കുന്ന അക്കാര്യങ്ങള്‍ നേടാന്‍ ഏറ്റവും ശ്രമിക്കുക.
13 അതുകൊണ്ട് വ്യത്യസ്തമായൊരു ഭാഷയില്‍ സംസാരിക്കാന്‍ വരമുള്ള ഒരാള്‍ താന്‍ പറയുന്നതു വ്യാഖ്യാനിക്കാനുള്ള കഴിവുകൂടി നല്‍കണമെന്നു പ്രാര്‍ത്ഥിക്കണം. 14 ഞാന്‍ വ്യത്യസ്തമായൊരു ഭാഷയില്‍ പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അപ്പോള്‍ എന്‍റെ മനസ്സ് ഒന്നും ചെയ്യാതിരിക്കുകയും ആത്മാവ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 15 അതുകൊണ്ട് ഞാന്‍ എന്തു ചെയ്യും? ഞാന്‍ ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കും. ഞാന്‍ മനസ്സുകൊണ്ടും പ്രാര്‍ത്ഥിക്കും. ഞാനെന്‍റെ ആത്മാവുകൊണ്ടു പാടും, മനസ്സുകൊണ്ടും പാടും. 16 നിങ്ങള്‍ നിങ്ങളുടെ ആത്മാവുകൊണ്ട് ദൈവത്തെ സ്തുതിയ്ക്കുമായിരിക്കും. എന്നാല്‍ നന്ദി പറയുന്ന നിങ്ങളുടെ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം മനസ്സിലാകാത്ത ഒരുവന് ‘ആമേന്‍’ എന്നു പറയാനാവില്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ പറയുന്നത് എന്താണെന്ന് അയാള്‍ക്കറിയില്ല. 17 നിങ്ങള്‍ നന്നായി ദൈവത്തെ സ്തുതിച്ചിരിക്കാം, പക്ഷേ അപരന്‍ സഹായിക്കപ്പെട്ടില്ല.
18 നിങ്ങളില്‍ ആരെക്കാളും വ്യത്യസ്തഭാഷകളില്‍ സംസാരിക്കാന്‍ എനിക്കു കിട്ടിയ വരത്തിന് ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. 19 എന്നാല്‍ സഭായോഗത്തില്‍ മറ്റൊരു ഭാഷയില്‍ ആയിരക്കണക്കിനു വാക്കുകളേക്കാള്‍ അറിയാവുന്ന ഭാഷയില്‍ അഞ്ചുവാക്കുകള്‍ പറയാനാണ് എനിക്കാഗ്രഹം. മറ്റുള്ളവരെക്കൂടി പഠിപ്പിക്കാന്‍ കഴിയുംവിധം എന്‍റെ അറിവനുസരിച്ചു സംസാരിക്കുകയാണ് നല്ലത്.
20 സഹോദരീ സഹോദരന്മാരേ, കുട്ടികളെപ്പോലെ ചിന്തിക്കരുത്. തിന്മയില്‍ ശിശുക്കളെപ്പോലെ ആകുക. എന്നാല്‍ നിങ്ങളുടെ ചിന്തകളില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആളെപ്പോലെയാകുക. 21 തിരുവെഴുത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:
“വിവിധ ഭാഷകള്‍ സംസാരിക്കുന്നവരെ
ഉപയോഗിച്ചും അന്യരുടെ അധരങ്ങളുപയോഗിച്ചും
ഞാന്‍ ഈ ജനതയോടു സംസാരിക്കും;
എങ്കിലും ഈ ജനത എന്നെ അനുസരിക്കില്ല.” യെശയ്യാവ്. 28:11-12
അതാണ് കര്‍ത്താവ് പറയുന്നത്.
22 അതുകൊണ്ട് വിവിധ ഭാഷകളില്‍ സംസാരിക്കുവാനുള്ള വരം അവിശ്വാസികള്‍ക്ക് ഒരു തെളിവാണ്, വിശ്വാസികള്‍ക്കല്ല. പ്രവചനം വിശ്വാസികള്‍ക്കുള്ളതാണ്, അവിശ്വാസികള്‍ക്കല്ല. 23 സഭ മുഴുവന്‍ ചേരുകയും നിങ്ങളെല്ലാവരും വിവിധ ഭാഷകള്‍ സംസാരിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോള്‍ അറിവില്ലാത്തവരോ അവിശ്വാസികളോ ആയ ചിലര്‍ അവിടേക്കു വരുന്നു എന്നിരിക്കട്ടെ; അപ്പോള്‍ അവര്‍ പറയും നിങ്ങള്‍ക്കു ഭ്രാന്താണ് എന്ന്. 24 പക്ഷേ നിങ്ങളെല്ലാവരും പ്രവചിക്കുകയാണെന്നിരിക്കട്ടെ. അപ്പോള്‍ അവിശ്വാസിയോ അറിവില്ലാത്തവനോ ആയ ഒരാള്‍ അങ്ങോട്ടു വരുന്നുവെന്നും ഇരിക്കട്ടെ. നിങ്ങള്‍ എല്ലാവരും പ്രവചിക്കുകയാണെങ്കില്‍ അയാള്‍ക്ക് തന്‍റെ പാപത്തെക്കുറിച്ചുള്ള ബോധം ജനിക്കുകയും നിങ്ങള്‍ പറയുന്ന ഓരോ കാര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ അയാള്‍ വിധിക്കപ്പെടുകയും ചെയ്യും. 25 അയാളുടെ മനസ്സിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തപ്പെടും. അതിനാല്‍ അയാള്‍ മുട്ടുകുത്തി ദൈവത്തെ ആരാധിക്കും. അപ്പോള്‍ അയാള്‍ പറയും, “സത്യമായും ദൈവം നിങ്ങളോടൊപ്പമുണ്ട്.”
യോഗങ്ങള്‍ സഭയെ സഹായിക്കണം
26 അതുകൊണ്ട് സഹോദരീ സഹോദരന്മാരേ, നിങ്ങളെന്തു ചെയ്യും? നിങ്ങള്‍ ഒത്തുചേരുന്പോള്‍ ഒരാള്‍ക്ക് ഒരു പാട്ടുണ്ട്, മറ്റൊരാള്‍ക്ക് ഒരു ഉപദേശം, വേറൊരാള്‍ക്ക് ദൈവത്തില്‍ നിന്നൊരു പുതിയ സത്യം, ഇനിയൊരാള്‍ വ്യത്യസ്തഭാഷകളില്‍ സംസാരിക്കുന്നു, വേറെയൊരാളാകട്ടെ ആ ഭാഷ വിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു. ഇക്കാര്യങ്ങളുടെ എല്ലാം ലക്ഷ്യം സഭയെ സുശക്തമാക്കാന്‍ സഹായിക്കുകയാണ്. 27 നിങ്ങള്‍ ഒത്തുചേരുന്പോള്‍, ആരെങ്കിലുമൊരാള്‍ വ്യത്യസ്തഭാഷയില്‍ സംസാരിച്ചാല്‍ രണ്ടോ മൂന്നോ പേരേ അതു ചെയ്യാനുണ്ടാകാവൂ. അവര്‍ ഓരോരുത്തരായി സംസാരിച്ചുകൊള്ളണം. മറ്റൊരാള്‍ അവര്‍ പറഞ്ഞവ പരിഭാഷപ്പെടുത്തുകയും വേണം. 28 എന്നാല്‍ അവിടെ ഒരു ദ്വിഭാഷി ഇല്ലെങ്കില്‍, വ്യത്യസ്ത ഭാഷയില്‍ സംസാരിക്കുന്നവന്‍ സഭയില്‍ മിണ്ടാതിരുന്നുകൊള്ളണം. അയാള്‍ തന്നോടുതന്നെയും ദൈവത്തോടും മാത്രമേ സംസാരിക്കാവൂ.
29 രണ്ടോ മൂന്നോ പ്രവാചകര്‍ മാത്രമേ സംസാരിക്കാവൂ. മറ്റുള്ളവര്‍ അവര്‍ പറയുന്നത് വിലയിരുത്തണം. 30 അവിടിരിക്കുന്ന വേറൊരാള്‍ക്ക് ദൈവത്തില്‍ നിന്നൊരു സന്ദേശം ലഭിച്ചാല്‍ ആദ്യം സംസാരിച്ചുകൊണ്ടിരുന്നയാള്‍ നിര്‍ത്തണം. 31 നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കായി പ്രവചനം നടത്താം. ആ രീതിയില്‍ എല്ലാവരെയും പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാകാം. 32 പ്രവാചകരുടെ ആത്മാക്കള്‍ അവരുടെ തന്നെ നിയന്ത്രണത്തിലാണ്. 33 ദൈവം ആശയക്കുഴപ്പത്തിന്‍റെ ദൈവമല്ല, സമാധാനത്തിന്‍റെ ദൈവമാകുന്നു.
34 സഭായോഗങ്ങളില്‍ സ്ത്രീകള്‍ നിശബ്ദരായിരിക്കണം. ദൈവവിശ്വാസികളുടെ എല്ലാ സഭകളിലും ഇങ്ങനെയാണ്. സംസാരിക്കാന്‍ അനുവാദമില്ല. അവര്‍ നിയന്ത്രണവിധേയ രായിരിക്കണം. മോശെയുടെ ന്യായപ്രമാണവും അതു തന്നെ പറയുന്നു. 35 സ്ത്രീകള്‍ക്ക് അറിയേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കില്‍ അവരത് വീടുകളില്‍ വച്ച് തങ്ങളുടെ ഭര്‍ത്താ ക്കന്മാരോടു ചോദിക്കണം. ഒരു സഭായോഗത്തില്‍ വെച്ച് ഒരു സ്ത്രീ സംസാരിക്കുന്നത് ലജ്ജാകരമാണ്.
36 ദൈവത്തിന്‍റെ ഉപദേശം നിങ്ങളില്‍ നിന്നു വന്നതാണോ? അല്ല! നിങ്ങള്‍ മാത്രമാണോ ആ ഉപദേശങ്ങള്‍ സ്വീകരിച്ചവര്‍? അല്ല! 37 താനൊരു പ്രവാചകനാണെന്ന് ഒരുവന്‍ കരുതുന്നുവെങ്കില്‍, തനിക്കൊരു ആത്മീയ വരമുണ്ടെന്നു കരുതുന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത് കര്‍ത്താവിന്‍റെ കല്പനയാണെന്ന് അയാള്‍ അംഗീകരിക്കണം. 38 അയാള്‍ക്ക് അത് അറിയുകയില്ലെങ്കില്‍, അയാളെ ദൈവവും അറികയില്ല.
39 അതുകൊണ്ട്, എന്‍റെ സഹോദര സഹോദരിമാരെ, നിങ്ങള്‍ പ്രവചനം ആഗ്രഹിക്കുക. വ്യത്യസ്തഭാഷകളില്‍ സംസാരിക്കുന്നതില്‍ നിന്നും ജനങ്ങളെ വിലക്കാതിരിക്കുക. 40 പക്ഷേ എല്ലാം ശരിയായും ക്രമമായും നടക്കട്ടെ.