11
ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്പോലെ നിങ്ങള്‍ എന്നെയും അനുകരിക്കുക.
അധികാരത്തിന്‍ കീഴിലായിരിക്കുക
നിങ്ങള്‍ എല്ലാക്കാര്യത്തിലും എന്നെ ഓര്‍ക്കുന്നതിനാല്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നു. ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ ഉപദേശങ്ങള്‍ നിങ്ങള്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ ഇതു മനസ്സിലാക്കണമെന്നാണെന്‍റെ ആഗ്രഹം: ഓരോ പുരുഷന്‍റെയും തല ക്രിസ്തുവാകുന്നു. സ്ത്രീയുടെ തല പുരുഷനാകുന്നു. ക്രിസ്തുവിന്‍റെ തല ദൈവമാകുന്നു.
മൂടുപടമിട്ടു പ്രാര്‍ത്ഥിക്കുകയും പ്രവചിക്കുകയും ചെയ്യുന്ന ഓരോ പുരുഷനും തന്‍റെ തലയെ നാണം കെടുത്തുകയാണ്. എന്നാല്‍ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഓരോ സ്ത്രീയും തന്‍റെ തല മൂടിയിരിക്കണം. അവള്‍ തല മൂടിയില്ലെങ്കില്‍ തന്‍റെ തലയെ നാണിപ്പിക്കുകയാണ്. അപ്പോളവള്‍ മുണ്ഡനം ചെയ്യപ്പെട്ടവളെപ്പോലെയാണ്. തല മൂടാത്ത സ്ത്രീ അവളുടെ തന്നെ മുടി വെട്ടിക്കളഞ്ഞതു പോലെയാണ്. ഒരു സ്ത്രീയ്ക്ക് തന്‍റെ മുടി മുറിച്ചുകളയുകയോ മുണ്ഡനം ചെയ്യുകയോ ചെയ്യുന്നത് ലജ്ജാകരമാണ്. അതുകൊണ്ട് അവള്‍ തന്‍റെ തല മൂടണം.
എന്നാല്‍ ഒരു പുരുഷന്‍ തന്‍റെ തല മൂടരുത്. എന്തെന്നോ? കാരണം അവന്‍ ദൈവത്തെപ്പോലെ സൃഷ്ടിക്കപ്പെട്ടതും ദൈവത്തിന്‍റെ മഹത്വവും ആകുന്നു. എന്നാല്‍ സ്ത്രീ പുരുഷന്‍റെ മഹത്വം ആകുന്നു. പുരുഷന്‍ സ്ത്രീയില്‍ നിന്നുണ്ടായതല്ല. സ്ത്രീ പുരുഷനില്‍ നിന്നുണ്ടായതാണ്. പുരുഷന്‍ സ്ത്രീയ്ക്കുവേണ്ടി ഉണ്ടാക്കപ്പെട്ടതല്ല, മറിച്ച് സ്ത്രീ പുരുഷനുവേണ്ടി ഉണ്ടാക്കപ്പെട്ടവളാണ്. 10 അതിനാലാണ് സ്ത്രീ, താന്‍ അധികാരത്തിന്‍ കീഴിലാണെന്നു കാണിക്കാന്‍ തലയില്‍ തുണിയിടണമെന്നു പറയുന്നത്. ദൂതന്മാര്‍ മൂലവും അവള്‍ തലയില്‍ മൂടുപടമിടണം.
11 എന്നാല്‍ കര്‍ത്താവില്‍ സ്ത്രീ പുരുഷനും പുരുഷന്‍ സ്ത്രീയ്ക്കും പ്രധാനമാണ്. 12 സ്ത്രീ പുരുഷനില്‍ നിന്നും വന്നതും പുരുഷന്‍ സ്ത്രീയില്‍ നിന്നും ജനിച്ചതുമാകയാല്‍ ഇതു സത്യവുമാകുന്നു. ദൈവം ആണ് എല്ലാത്തിന്‍റെയും ഉറവിടം.
13 ഇതു നിങ്ങള്‍ തന്നെ തീരുമാനിക്കുക: തലയില്‍ മൂടുപടമിടാതെ ഒരു സ്ത്രീ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതു ശരിയോ? 14 നീണ്ട മുടി ധരിക്കുന്നത് പുരുഷന് നാണക്കേടാണെന്നു പ്രകൃതി പോലും നിങ്ങളെ പഠിപ്പിക്കുന്നു. 15 എന്നാല്‍ സ്ത്രീയ്ക്ക് നീണ്ട മുടിയുണ്ടാകുന്നതു അന്തസ്സു തന്നെ. സ്ത്രീയുടെ ശിരസ്സു മൂടുവാനുള്ള കവചമായിട്ടാണ് നീണ്ട മുടി അവള്‍ക്കു നല്‍കിയിരിക്കുന്നത്. 16 ചിലര്‍ ഇതേപ്പറ്റി തര്‍ക്കിച്ചേക്കാം. പക്ഷേ അവര്‍ ചെയ്യുന്നത് ഞങ്ങളും ദൈവസഭയും അംഗീകരിക്കയില്ല.
കര്‍ത്താവിന്‍റെ അത്താഴം
17 ഇനി പറയാന്‍ പോകുന്ന കാര്യത്തില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല. നിങ്ങളുടെ കൂടിച്ചേരലുകള്‍ നിങ്ങള്‍ക്കു ഗുണത്തേക്കാളധികം ദോഷമാണു ചെയ്യുക. 18 ഒന്നാമതു നിങ്ങള്‍ സഭയായി ചേരുന്പോള്‍ നിങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. അതില്‍ ചിലതു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. 19 (നിങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാകേണ്ടത് ആവശ്യവുമാണ്. നിങ്ങള്‍ക്കിടയില്‍ കലര്‍പ്പില്ലാത്തവനാരെന്നറിയാന്‍ ഉള്ളതാണീ വഴി.)
20 നിങ്ങള്‍ കൂടിച്ചേരുന്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ കര്‍ത്താവിന്‍റെ അത്താഴമല്ല ഭക്ഷിക്കുന്നത്. 21 എന്തുകൊണ്ടെന്നോ? നിങ്ങള്‍ തിന്നുന്പോള്‍ ഓരോരുത്തരും മറ്റുള്ളവര്‍ക്കായി കാത്തു നില്‍ക്കാറില്ല. ചിലര്‍ വിശന്നും മറ്റുള്ളവര്‍ ആഹാരം അധികമായി ലഹരിപിടിച്ചും ഇരിക്കുന്നു. 22 നിങ്ങള്‍ക്കു നിങ്ങളുടെ തന്നെ ഭവനത്തില്‍ തിന്നുകയും കുടിക്കുകയും ചെയ്യാമല്ലോ. ദൈവത്തിന്‍റെ സഭ പ്രധാനമല്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടെന്നാണതു സൂചിപ്പിക്കുന്നത്. നിങ്ങള്‍ പാവങ്ങളുടെമേല്‍ അപമാനം ചൊരിയുന്നു. നിങ്ങളോടു ഞാനെന്തു പറയാന്‍? ഇതൊക്കെ ചെയ്യുന്നതിനു ഞാന്‍ നിങ്ങളെ സ്തുതിക്കണോ? ഒരിക്കലുമതില്ല. എന്നെക്കൊണ്ടതാവില്ല.
23 നിങ്ങള്‍ക്കു ഞാന്‍ നല്‍കിയ ഉപദേശം കര്‍ത്താവില്‍ നിന്നു ഞാന്‍ സ്വീകരിച്ച ഉപദേശം തന്നെയാണ്: യേശുവിനെ കൊല്ലാന്‍ കൊടുത്ത രാത്രിയില്‍, അവന്‍ അപ്പമെടുക്കുകയും 24 അതിനു നന്ദി പറയുകയും ചെയ്തു. അനന്തരം അപ്പം പകുത്ത് അവന്‍ പറഞ്ഞു, “ഇതെന്‍റെ ശരീരമാകുന്നു. ഇതു നിങ്ങള്‍ക്കുള്ളതാണ്. എന്നെ ഓര്‍ക്കുന്നതിന് ഇതു ചെയ്യുക.” 25 അതുപോലെ അവര്‍ തിന്നുകഴിഞ്ഞപ്പോള്‍ യേശു വീഞ്ഞു പാത്രം എടുത്തു. യേശു പറഞ്ഞു, “ഈ വീഞ്ഞ് ദൈവം അവന്‍റെ ജനതയുമായുണ്ടാക്കിയ പുതിയ നിയമം ആകുന്നു. ഈ പുതിയ നിയമം എന്‍റെ രക്തം കൊണ്ടാരംഭിക്കുന്നു. നിങ്ങള്‍ ഇതു കുടിയ്ക്കുന്പോള്‍ എന്നെ ഓര്‍ക്കാനായി ഇതു ചെയ്യുക.” 26 എപ്പോഴെല്ലാം നിങ്ങള്‍ ഈ അപ്പം തിന്നുകയും വീഞ്ഞു കുടിയ്ക്കുകയും ചെയ്യുന്നുവോ, അപ്പോഴൊക്കെ കര്‍ത്താവ് വരുംവരെ അവന്‍റെ മരണത്തെ ഓര്‍മ്മിപ്പിക്കുന്നു.
27 അതുകൊണ്ട് ഒരാള്‍ അയോഗ്യമായ വിധത്തില്‍ അപ്പം തിന്നുകയോ കര്‍ത്താവിന്‍റെ പാനപാത്രം കുടിയ്ക്കുകയോ ചെയ്താല്‍ അയാള്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനുമെതിരെ പാപം ചെയ്യുകയാണ്. 28 ഓരോരുത്തരും അപ്പം തിന്നുകയും പാനപാത്രം കുടിയ്ക്കുയും ചെയ്യുന്നതിനു മുന്പ് അവനവന്‍റെ ഹൃദയത്തിലേക്കൊന്നു നോക്കണം. 29 ശരീരത്തെ തിരിച്ചറിയാതെ ഒരാള്‍ അപ്പം തിന്നുകയും പാനപാത്രം കുടിയ്ക്കുകയും ചെയ്താല്‍ അയാള്‍ തിന്നുകയും കുടിയ്ക്കുകയും ചെയ്യുക വഴി കുറ്റക്കാരനെന്നു വിധിക്കപ്പെടുന്നു. 30 അതിനാലാണ് നിങ്ങളുടെ ഇടയില്‍ അധികം പേരും രോഗികളും ദുര്‍ബ്ബലരുമായത്. പലരും മരിയ്ക്കുകയും ചെയ്തു. 31 എന്നാല്‍ നാം തന്നെ നമ്മെ ശരിയായി വിവേചിച്ചാല്‍ ദൈവം നമ്മെ വിധിക്കയില്ല. 32 പക്ഷേ കര്‍ത്താവ് നമ്മെ നല്ല വഴി കാണിച്ചുതരാന്‍ വിധിക്കുന്നു. നാം ലോകത്തിലെ മറ്റുള്ളവരോടു കൂടി ശിക്ഷാവിധിയില്‍ അകപ്പെടാത്തവിധമാണ് അവന്‍ ഇതു ചെയ്യുന്നത്.
33 അതുകൊണ്ട് എന്‍റെ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ ഭക്ഷിക്കാന്‍ ഒത്തുകൂടുന്പോള്‍ മറ്റുള്ളവര്‍ക്കായി പരസ്പരം കാത്തിരിക്കുക. 34 ഒരാള്‍ക്കു നന്നേ വിശക്കുന്നുവെങ്കില്‍, അവന്‍ വീട്ടില്‍വച്ചു ഭക്ഷിക്കട്ടെ. നിങ്ങളുടെ ഒത്തുചേരലിനാല്‍ ദൈവത്തിന്‍റെ ന്യായവിധി നിങ്ങളുടെ മേല്‍ പതിക്കാന്‍ ഇടയാകാതിരിക്കട്ടെ. നിങ്ങള്‍ ചെയ്യേണ്ട ബാക്കി കാര്യങ്ങള്‍ ഞാന്‍ വരുന്പോള്‍ പറയാം.